ഇറ്റാലിയന്‍ കപ്പിലില്‍ നിന്നും തോക്ക് കണ്ടെടുത്തു
Kerala
ഇറ്റാലിയന്‍ കപ്പിലില്‍ നിന്നും തോക്ക് കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2012, 4:05 pm

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കാനായി ഇറ്റാലിയന്‍ നാവികര്‍ ഉപയോഗിച്ച തോക്ക് കപ്പലില്‍ നിന്നും കണ്ടെടുത്തു. ഇറ്റാലിയന്‍ സേന ഉപയോഗിക്കുന്ന ഡെറീറ്റ റൈഫിളാണ് കണ്ടെത്തിയത്.

കൊല്ലം കമ്മീഷണര്‍ ദേബേഷ് ബെഹ്‌റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കപ്പലില്‍ പരിശോധന നടത്തിയത്. ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു നാവിക വിദഗ്ധരും പരിശോധനാ സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരുമടങ്ങിയ സംഘമാണ് കപ്പലില്‍ പരിശോധന നടത്തിയത്. തോക്ക് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്നും ലഭിച്ച വെടിയുണ്ടകള്‍, കപ്പലിലുള്ള തോക്കില്‍ നിന്നാണ് ഉതിര്‍ത്തതെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ തന്നെ വിശദമായ ബാലിസ്‌ററിക് പരിശോധനയാണ് നടത്തുന്നത്.

ആയുധങ്ങള്‍ ഇറ്റാലിയന്‍ നാവികസേനയുടേത് ആയതിനാല്‍ തന്നെ ഇറ്റാലിയന്‍ പ്രതിനിധികളുടെ സാനിധ്യത്തിലാണ് പരിശോധന നടത്തുന്നത്. ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരെ  കൊച്ചിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയും വിരലടയാളം എടുക്കുകയും ചെയ്തിരുന്നു. കപ്പലില്‍ നിന്നും പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ഇവ പിന്നീട് തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

പിടിച്ചെടുക്കുന്ന ആയുധങ്ങളും മറ്റും കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയില്‍ സൂക്ഷിക്കണമെന്നും ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള സംയുക്ത സംഘം ഇവ പരിശോധിക്കണമെന്നും പരിശോധനകള്‍ കഴിഞ്ഞ് ഇവ മടക്കി നല്‍കണമെന്നും  ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് കസ്‌ററഡിയിലെടുക്കുന്ന ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കണ്ടതെന്നതിനാല്‍ ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.

ഏഴ് ദിവസത്തേക്കുകൂടി പ്രതികളെ പോലീസ് കസ്റ്റഡില്‍ വിട്ടുകൊടുത്തതിനാല്‍ അന്വേഷണത്തിന് പോലീസിന് ആവശ്യത്തിന് സമയം കിട്ടുമെന്നാണ്  അറിയുന്നത്. പ്രതികളെയും കപ്പല്‍ ജോലിക്കാരെയും ചോദ്യം ചെയ്യുന്നത് ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കപ്പല്‍ പരിശോധിക്കാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടികള്‍ തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസം പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Malayalam News

Kerala News In English