ഇടുക്കി ബിഷപ്പിനെതിരെ വീണ്ടും പി.ടി തോമസ്
Kerala
ഇടുക്കി ബിഷപ്പിനെതിരെ വീണ്ടും പി.ടി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2013, 9:45 pm

തൊടുപുഴ:  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പിടി തോമസ് എം.പിയും ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലും തമ്മിലുണ്ടായ വാക്ക് പോര് നീളുന്നു. ഇടുക്കി ബിഷപ്പിന് രൂക്ഷ മറുപടിയുമായി വീണ്ടും പി.ടി തോമസ് രംഗത്തെത്തി.

എം.പിയുടെ പ്രവര്‍ത്തനത്തെ  വിലയിരുത്തേണ്ടത് ബിഷപ്പല്ലെന്ന് പറഞ്ഞ എം.പി താന്‍ പരാജയമാണോ എന്ന് തീരുമാനിക്കാന്‍ ബിഷപ്പിനെ ആരാണ് []സ്‌പെഷ്യല്‍ ഓഫീസറായി നിയമച്ചതെന്നും തിരിച്ചടിച്ചു.

തനിക്കെതിരെ ബിഷപ്പ് പറയുന്നതാണോ ഇടുക്കിക്കാരുടെ അഭിപ്രായമെന്നറിയാന്‍ ഹിതപരിശേധന നടത്താന്‍ തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. തന്നെക്കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണകളാണ് വൈദികരും ഹൈറേഞ്ച് സംരക്ഷണ സമിതിയും പ്രചരിപ്പിക്കുന്നത്.

ജനപ്രതിനിധികളെ രാജിവയ്പ്പിക്കാന്‍ പള്ളിക്കാരല്ല സീറ്റ് കൊടുത്തത്. വൈദികര്‍ പറഞ്ഞാല്‍ കപ്യാര്‍ പോലും ഇക്കാലത്ത് രാജിവയ്്ക്കില്ലെന്നും നിലപാടില്‍ ഉറച്ച് നിന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈറേഞ്ച് സമരസമിതി അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയവുമായി ഉടക്കിയ പിടി തോമസ് എം.പിയും ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലും തമ്മില്‍ വാക്ക് പോര് തുടങ്ങിയിട്ട് കുറച്ച് ദിവസമായി.

നേരത്തെ പി.ടി.തോമസ് പരാജയപ്പെട്ട ജനപ്രതിനിധിയാണെന്ന് ആരോപിച്ച ബിഷപ്പ് അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ചാല്‍ ജയിക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പി. ടി തോമസിനെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ നിന്നാല്‍ ഇടുക്കിയിലെ ജനങ്ങള്‍ തോമസിനെ പരാജയപ്പെടുത്തുമെന്നും വോട്ടര്‍മാരുടെ പള്‍സ് മനസ്സിലാക്കിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഷപ്പിന്റെ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് പി.ടി.തോമസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു.