ചുംബന സമരത്തിനെതിരെ എസ്.വൈ.എസും ശിവസേനയും; ലവ് ജിഹാദിന് മുന്നോടിയെന്ന് സേന
Daily News
ചുംബന സമരത്തിനെതിരെ എസ്.വൈ.എസും ശിവസേനയും; ലവ് ജിഹാദിന് മുന്നോടിയെന്ന് സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 02, 07:59 am
Sunday, 2nd November 2014, 1:29 pm

kiss-day0668കൊച്ചി: വൈകുന്നേരം അഞ്ച് മണിക്കാണ് ചുംബന സമരം നടത്താന്‍ തീരുമാനിച്ചതെങ്കിലും മറൈന്‍ ഡ്രൈവിനടുത്ത് ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാവിലെ തന്നെ ആരംഭിച്ചു. ചുംബന സമരം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് എസ്.വൈ.എസ് പ്രതിഷേധ ജാഥ നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമരത്തില്‍ പങ്കാളികളാവുന്നത് ശരിയായ പ്രവണതയല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം സമരം ആര്‍ഷ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് യുവമോര്‍ച്ച പറയുന്നത്. സമരം തടയില്ലെന്ന് വ്യക്തമാക്കിയ യുവമോര്‍ച്ച ജനങ്ങള്‍ സമരത്തെ തടഞ്ഞാന്‍ ഒന്നും ചെയ്യാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുവമോര്‍ച്ചയ്ക്ക് മറുപടിയുമായി സമരത്തെ അനുകൂലിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐയും രംഗത്തുണ്ട്. തടയുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ഡി.വൈ.എഫ്.ഐ പറഞ്ഞത്.

ചുംബന സമരത്തെ എന്ത് വിലകൊടുത്തും തടയുമെന്ന സമീപനമാണ് ശിവസേന സ്വീകരിച്ചിട്ടുള്ളത്. ഇത് ലവ് ജിഹാദിനുള്ള മുന്നൊരുക്കമാണെന്നാണ് സേനയുടെ ആരോപണം.

കോണ്‍ഗ്രസ് യുവജനസംഘടനകളില്‍ ചുംബന സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. ചുംബന സമരത്തെ എതിര്‍ത്ത് കെ.എസ്.യു വനിതാ വിഭാഗം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ കെ.എസ്.യുവിലെ ഒരു വിഭാഗം സമരത്തിന് ഭാഗികമായ പിന്തുണ നല്‍കുന്നുമുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, വി.ടി ബല്‍റാം എന്നിവര്‍ ചുംബന സമരത്തെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ താഴെ തട്ടിലുള്ളവര്‍ ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

അതിനിടെ ചുംബന സമരം നടത്തുമെന്ന നിലപാടില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവ് പരിസരത്ത് കനത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളും മറ്റും പരിശോധനയ്ക്ക് ശേഷമേ പോലീസ് കടത്തിവിടുന്നുള്ളൂ.

അക്രമസാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് നേരത്തെ സമരത്തിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സമരം നിയമവിരുദ്ധമല്ലെന്നും ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ പോലീസിന് സമ്മര്‍ദ്ദമേറുകയായിരുന്നു.