അമ്മയുടെ ഷോ കാണാനെത്തിയവര്‍ ലാത്തിയടിയേറ്റ് മടങ്ങി
Kerala
അമ്മയുടെ ഷോ കാണാനെത്തിയവര്‍ ലാത്തിയടിയേറ്റ് മടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2011, 10:33 am

കോഴിക്കോട്: താരസംഘടനയായ അമ്മയുടെ ധനശേഖരാണാര്‍ഥമെന്ന പേരില്‍ കോഴിക്കോട് നടന്ന “സൂര്യതേജസോടെ അമ്മ” ഷോ കാണാന്‍ കുടുംബത്തോടെയെത്തിയവര്‍ പോലീസിന്റെ ലാത്തിയടിയേറ്റ് മടങ്ങി. തിരക്ക് വര്‍ധിച്ചതോടെ പാസുമായെത്തിയ കുടുംബങ്ങളടക്കുമുള്ളവരെ പോലീസ് തല്ലിയോടിക്കുകയായിരുന്നു. പോലീസിന്റെ ലാത്തിയടിയേറ്റ് കൊടുവള്ളി കത്തറമ്മല്‍ സ്വദേശി ഷരീഫിന്(36) പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കയാണ്.

ദുബൈയില്‍ ജോലി ചെയ്യുന്ന ശരീഫ് മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയപ്പോള്‍ ലഭിച്ച പാസുമായാണ് കോഴിക്കോട്ടെത്തിയത്. അമ്മയുടെ ഷോയുടെ പേരില്‍ ഗള്‍ഫില്‍ വന്‍ പ്രചാരണമാണ് മലബാര്‍ ഗോള്‍ഡ് നടത്തിയതെന്ന് ശരീഫ് പറയുന്നു. പാസിനായി മാത്രം സ്വര്‍ണ്ണം വാങ്ങുകയായിരുന്നു ഷരീഫ്. ക്യൂവില്‍ ബഹളമായതോടെ പോലീസ് കണ്ണില്‍ക്കണ്ടവരയെല്ലാം തല്ലിയോടിക്കുകയായിരുന്നു. തന്റെ കയ്യില്‍ പാസുണ്ടെന്ന് ശരീഫ് പോലീസിനോട് പറഞ്ഞെങ്കിലും അത് തന്നവര്‍ക്ക് തന്നെ തിരിച്ചുകൊടുത്തോയെന്നായിരുന്നു പോലീസിന്റെ മറുപടി.

അമ്മയുടെ പരിപാടിയുടെ ടിക്കറ്റ് വിതരണത്തെച്ചൊല്ലി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡ് സ്‌പോരണ്‍സര്‍ഷിപ്പോടുകൂടി സൂര്യ ടി.വിയാണ് പരിപാടി സംഘടിപ്പിച്ചത്. അമ്മയുടെ ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ചാനലിന് വന്‍തോതില്‍ വരുമാനുണ്ടാക്കാനുള്ള വഴിയുമൊരുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. മലബാര്‍ ഗോള്‍ഡാണ് അമ്മക്ക് പണം നല്‍കുന്നത്. പരിപാടി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത് സൂര്യയും ലാഭമുണ്ടാക്കും.

കോഴിക്കോട് വെച്ചാണ് പരിപാടി നടന്നതെങ്കിലും കോഴിക്കോട്ടുകാര്‍ക്കൊന്നും പരിപാടിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഗള്‍ഫില്‍ നിന്നും ടിക്കറ്റ് സംഘടിപ്പിച്ച് വന്നവര്‍ക്ക് പോലും നിരാശയോടെ മടങ്ങേണ്ടി വന്നു. ഇത്തര നിരവധി കുടുംബങ്ങള്‍ അവഹേളിക്കപ്പെട്ടിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.