ലാവ്‌ലിന്‍: പിണറായി വിജയനെ ഒഴിവാക്കി കോടതി വിധി
Kerala
ലാവ്‌ലിന്‍: പിണറായി വിജയനെ ഒഴിവാക്കി കോടതി വിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2013, 11:13 am

എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പിണറായി വിജയന്റെ വിടുതല്‍ ഹരജി കോടതി അംഗീകരിച്ചു


[]തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി.

പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പിണറായി വിജയന്റെ വിടുതല്‍ ഹരജി കോടതി അംഗീകരിച്ചു.  ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഏഴ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ഇവര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ല.

കുറ്റപത്രത്തില്‍ പാളിച്ചകളുണ്ട്. ഇവര്‍ക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനായില്ല.  പിണറായി ഗൂഡാലോചന നടത്തിയില്ല. വിശ്വാസ വഞ്ചന നടത്തിയിട്ടില്ലെന്നും കോടതി ആവര്‍ത്തിച്ചു.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ആര്‍.രഘുവാണ് വിടുതല്‍ ഹരജി പരിഗണിച്ചത്.

ലാവ്‌ലിന്‍ കമ്പനിയ്ക്ക് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ഒരു ഘട്ടത്തിലും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന്  പറഞ്ഞുകൊണ്ടായിരുന്നു പിണറായിയുടെ വിടുതല്‍ഹരജി.

ഗൂഢാലോചനാകുറ്റം തനിക്കുമേല്‍ ചുമത്തിയത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും, ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പിണറായിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തെളിവുകളുടെയോ രേഖകളുടെയോ പിന്‍ബലമില്ലാതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് പിണറായിയുടെ വാദം.

തനിക്കെതിരെയുളള ഗൂഢാലോചനാക്കുറ്റം രാഷ്ട്രീയലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നതില്‍ ഊന്നി തന്നെയായിരുന്നു കോടതിയില്‍ പിണറായിയുടെ വാദം.

ഇടതു സര്‍ക്കാര്‍ നിയോഗിച്ച ഇ.ബാലാന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെയും പിണറായിക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദാമോദരന്‍ ചോദ്യം ചെയ്തു. എന്നാല്‍, ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്റെ പങ്കിന് ഒട്ടേറെ തെളിവുണ്ടെന്ന് സി.ബി.ഐ പ്രോസിക്ക്യൂട്ടര്‍ രേഖകള്‍ സഹിതം വാദിച്ചു.

താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നില്ല. ഗൂഢാലോചനയാണ് ചുമത്തിയിട്ടുള്ളതെന്നും ഹരജിയില്‍ പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ ഏഴാം പ്രതിയാണ് അദ്ദേഹം. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ പങ്കിനു വ്യക്തമായ തെളിവുണ്ടെന്നാണു സി.ബി.ഐയുടെ വാദം.

കേസില്‍ നിന്നൊഴിവാക്കാന്‍ പിണറായി നിരത്തിയ വാദങ്ങള്‍ പൊള്ളയാണെന്ന് എതിര്‍സത്യവാങ്മൂലത്തില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

കരാര്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍നിന്നു മറച്ചുവച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിനു ലാവ്‌ലിന്‍ കമ്പനി വാഗ്ദാനം ചെയ്ത ധനസഹായം നേടിയെടുക്കാന്‍ പിണറായി താല്‍പര്യമെടുത്തില്ല.

പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ശശിധരന്‍ നായരെ കാന്‍സര്‍ ആശുപത്രിയുടെ സ്‌പെഷല്‍ ഓഫിസറായി പിണറായി നിയമിച്ചതു സ്വന്തം താല്‍പര്യം സംരക്ഷിക്കാനായിരുന്നെന്നും സി.ബി.ഐ ആരോപിച്ചിരുന്നു.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ വാദ്ഗാനം ചെയ്ത ധനസഹായം നേടിയെടുക്കാന്‍ പിണറായി താല്‍പര്യമെടുത്തില്ലെന്നും പിണറായിയുടെ ചേംബറില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടതെന്നും സി.ബി.ഐ ആരോപിച്ചു.

എന്നാല്‍, കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാനാകാതെയാണ് പ്രോസിക്യുഷന്‍ വാദം പൂര്‍ത്തിയാക്കിയത്.

നേരത്തെ പിണറായി നല്‍കിയ മറ്റൊരു ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കേസില്‍ ലാവ്‌ലിന്‍ കമ്പനിയെയും വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനെയും ഒഴിവാക്കി കുറ്റപത്രം വിഭജിച്ചിരുന്നു.

പിണറായിക്കു പുറമെ മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ്, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥമേനോന്‍ എന്നിവരാണ് ഹരജി നല്‍കിയത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് 86.25 കോടിയുടെ ക്രമക്കേടു നടന്നതായാണു കേസ്.

എസ്.എന്‍.സി. ലാലിന്‍ കമ്പനിയുമായ കെ.എസ്.ഇ.ബി ധാരണാപത്രം ഒപ്പിടുന്നതോടെയാണ് ലാവലിന്‍ ഇടപാടിന്റെ തുടക്കം. അന്ന് വൈദ്യുതിമന്ത്രി ജി.കാര്‍ത്തികേയനായിരുന്നു. ഈ ധാരണാപത്രം അടുത്തവര്‍ഷം ഫെബ്രുവരി 24ന് കരാറായി ഒപ്പിട്ടു.

പ്രോജക്ട് ആവിഷ്‌കരണം, ഡിസൈനിങ്, ടെന്‍ഡറുകള്‍ തയാറാക്കല്‍ തുടങ്ങിയവ ചെയ്യുന്നതിന് കണ്‍സല്‍ട്ടന്റിനെ ചുമതലപ്പെടുത്തുന്നതിനുള്ള കരാര്‍ ഒപ്പിട്ടതും ജി.കാര്‍ത്തികേയന്റെ കാലത്തായിരുന്നു. 17.5 കോടിയാണ് ഇതിനുള്ള ചെലവ്.

1996 മേയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പിണറായി വിജയനായി വൈദ്യുതിമന്ത്രി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട കണ്‍സല്‍ട്ടന്‍സി കരാറില്‍ അനുബന്ധ കരാര്‍ ഉണ്ടാക്കി യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിനുള്ള ചുമതല ലാവലിനെ ഏല്‍പ്പിക്കുന്നത് പിണറായിയുടെ കീഴിലായിരുന്നു.

1996 ഫെബ്രുവരിയില്‍ ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പിട്ട കണ്‍സല്‍റ്റന്‍സി കരാര്‍ പിണറായി വൈദ്യുതി മന്ത്രിയായ ശേഷമാണ് വിതരണക്കരാര്‍ ആക്കിയത്. ഇതിനു മുന്നോടിയായി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം കാനഡ സന്ദര്‍ശിച്ചു.

ഈ സന്ദര്‍ശനത്തിലെ ധാരണ പ്രകാരമാണ് പിന്നീട് കരാര്‍ ഒപ്പിട്ടത്. അതിനു വൈദ്യുതി ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലായിരുന്നു.

സാമഗ്രികള്‍ വാങ്ങുന്നതിനായി 169 കോടിക്കുള്ള വായ്പ കനേഡിയന്‍ ഏജന്‍സിയായ ഇ.ഡി.സിയില്‍ നിന്ന് വാങ്ങാനും തീരുമാനിച്ചു.

ഈ അനുബന്ധകരാര്‍ ഒപ്പിടുന്നത് 1997 ഫെബ്രുവരി 10നാണ്. തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 98.3 കോടി രൂപ ഗ്രാന്റായി നല്‍കുന്നതിന് 1998 ഏപ്രില്‍ 25ന് ലാവലിനും വൈദ്യുതിവകുപ്പും തമ്മില്‍ ധാരണാപത്രവും ഒപ്പിട്ടു.

ഇത് നിയമപ്രകാരമുള്ള കരാറായി മാറാതെ തന്നെ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകാന്‍ വേണ്ടി വൈദ്യുതി വകുപ്പ് വിട്ടു.

തുടര്‍ന്ന് മന്ത്രിയായ എസ്.ശര്‍മയോ യു.ഡി.എഫ് കാലത്ത് മന്ത്രിയായ കടവൂര്‍ ശിവദാസനോ ഈ സഹായധനം വാങ്ങുന്നത് നിയമപരമാക്കാന്‍ കൂട്ടാക്കിയില്ല.

കരാറിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2003 മാര്‍ച്ചില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് എ.കെ.ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ലാവലിന്റെ നിയമവഴി ആരംഭിക്കുന്നത്.

2005ല്‍ ലാവലിന്‍ കേസ് സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ട് ചോര്‍ന്ന് പുറത്ത് വന്നത് മുതലാണ് പിണറായി വിജയന്‍ സംശയത്തിന്റെ മറയിലായത്. ഇതോടെ പിണറായി വിജയനെ കേന്ദ്രീകരിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന് തുടങ്ങി.

സി ഏ ജി റിപ്പോര്‍ട്ടും തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന വിജിലന്‍സ് അന്വേഷണവും പിണറായി വിജയനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വിജിലന്‍സിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു സി.ബി.ഐ അന്വേഷണം.

സി.പി.ഐ.എം രാഷ്ട്രീയത്തെ പിടിച്ചുലച്ച കേസാണ് എസ്.എന്‍.സി ലാവലിന്‍ ക്രമക്കേട്.