വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ നിരോധിച്ചു
Big Buy
വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th March 2016, 12:08 pm

vicks-action

മുംബൈ: വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു. യു.എസ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഭീമന്‍മാരായ പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ ഇന്ത്യാ യൂണിറ്റ് വിക്‌സ് ആക്ഷന്‍ 500 ഇനി ഇന്ത്യയില്‍ വിറ്റഴിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇതില്‍ അടങ്ങിയിരിക്കുന്ന നിശ്ചിതഡോസില്‍ വരുന്ന മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തിലാണ് വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും വിപണനവും ഇന്ത്യയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്.

വിക്‌സ് ആക്ഷന്‍ 500 ല്‍ പാരസെറ്റമോള്‍, ഫിനില്‍ഫ്രൈന്‍ ആന്‍ഡ് കഫീന്‍ എന്നിവയുടെ നിശ്ചിത ഡോസുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ ഇന്ത്യയില്‍ നിരോധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു.

ഉത്പ്പന്നം പിന്‍വലിക്കണമെന്ന് കാണിച്ച് കമ്പനിക്ക് നോട്ടീസും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഉത്പ്പന്നം പിന്‍വലിക്കുന്നതായി ഉത്പാദകര്‍ വ്യക്തമാക്കിയത്.

344 ഡ്രഗ് കോമ്പിനേഷനുകളും നിരവധി ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യവും വിക്‌സ് ആക്ഷന്‍ 500 യില്‍ അടങ്ങിയിരുന്നതായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധപരാനല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഉത്പന്നത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ ഉത്പ്പന്നങ്ങളും ഗുണമേന്മയുള്ളതും സുരക്ഷിതവും ഫലപ്രാപ്തി നല്‍കുന്നതുമാണെന്നും ഗവേഷകപിന്തുണ ലഭിച്ചതാണെന്നുമാണ് ഉത്പാദകരായ പി.ആന്‍ഡ് ജി വ്യക്തമാക്കുന്നത്.