പാവാട എന്ന ചിത്രം ചെയ്ത അതേ ആത്മാര്‍ത്ഥതയോടെയായിരുന്നു മമ്മൂട്ടിയെ നായനാക്കി അച്ചാ ദിന്‍ എന്ന ചിത്രം ചെയ്തതെന്നും എന്നാല്‍ ആ ചിത്രം പല കാരണങ്ങള്‍ കൊണ്ടും പരാജയമായിപ്പോയെന്നും പാവാടയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍.
ഒരു ചിത്രവും പരാജയപ്പെടണമെന്ന് ആഗ്രഹിച്ച് ചെയ്യാറില്ലെന്നും അച്ചാ ദിന്‍ എന്ന ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പാവാട എന്ന ചിത്രം ചെയ്തതെന്നും സംവിധായകന്‍ പറയുന്നു.
അച്ചാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചിരുന്നു. അതിന്റെ പരാജയകാരണവും ഞാന്‍ സ്വയം ഏറ്റെടുത്തതാണ്. ആ തിരിച്ചറിവില്‍ നിന്നുണ്ടായ പരിശ്രമഫലമാണ് പാവാടയുടെ വിജയമെന്നും സംവിധായകന്‍ പറയുന്നു.
മമ്മൂക്ക താന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തെ വെച്ച് ചെയ്ത ഒരു ചിത്രം പരാജയപ്പെട്ടു എന്നു കരുതി വീണ്ടും ചിത്രം ചെയ്യാതിരിക്കില്ല.
മമ്മൂക്കയുമൊത്തുള്ള അടുത്ത ചിത്രത്തിന് പാവാടയുടെ വിജയം പ്രചോദനമാകുമെന്നും മാര്‍ത്താണ്ഡന്‍ പറയുന്നു. പാവാട കണ്ട് ഇപ്പോള്‍ നിരവധി പേര്‍ അഭിനന്ദം അറിയിക്കാന്‍ വിളിക്കുന്നുന്നെന്നും വിജയത്തില്‍ ഒരാളെ മാറ്റി നിര്‍ത്താനോ എടുത്തുപറയാനോ കഴിയില്ലെന്നും കൂട്ടായ്മയുടെ വിജയമാണ് പാവാടയെന്നുമാണ് സംവിധായകന്‍ പറയുന്നത്.