തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍
Discourse
തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2012, 6:34 pm

പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മോചിത മോഹനന്‍

ലോകമെമ്പാടും തെരുവുകള്‍ സമരഭൂമികളാവുകയാണ്. സഞ്ചരിക്കാന്‍ മാത്രമല്ല, സമരം ചെയ്യാനുള്ള ഇടം കൂടിയാണ് തെരുവുകളെന്ന് തെളിയിച്ച് രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ  പ്രയോഗ ഭൂമിയാക്കി മാറ്റിക്കൊണ്ട് സാമ്രാജത്വ ആഗോളീകരണത്തിനെതിരെ പുതിയ സമരമുഖങ്ങള്‍ തുറക്കപ്പെടുകയാണ്. കേരളത്തില്‍ തെരുവുകള്‍ സമരഭൂമികളാവുന്നത് പുതിയ സംഭവമല്ല.

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തീച്ചൂളയിലായിരുന്നു കേരളം. കെ.കേളപ്പന്‍ നയിച്ച വൈക്കം സത്യാഗ്രഹം ഇതിന്റെ മുന്നിലുണ്ട്. തെരുവുകളിലൂടെ വില്ലുവണ്ടിയോടിച്ച് സവര്‍ണ്ണാധിപത്യത്തെ ചോദ്യം ചെയ്ത അയ്യങ്കാളിയുടെ പോരാട്ടം ജാതി ജന്മി നാടുവാഴിത്തത്തിന്റെ നാലുകെട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവനും ആത്മാഭിമാനമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സംഭവമാണ്. കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ഛന്റെ വസതിക്കു മുന്നിലൂടെയുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന സമരവും പാലിയം സത്യാഗ്രഹവും ഏറ്റവും കൂടുതല്‍ ഭരണകൂട ഭീകരത നേരിടേണ്ടിവന്ന സമരങ്ങളിലൊന്നാണ്. ആര്യപള്ളത്തിന്റെയും പ്രിയദത്തയുടെയും നേതൃത്വത്തില്‍ അന്തര്‍ജ്ജനങ്ങള്‍ തെരുവിലിറങ്ങിയത് ചരിത്ര സംഭവമാണ്. എ.കെ.ജി. എന്നും സമരത്തിന്റെ മുന്നിലുണ്ടായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം, പാലിയം സത്യാഗ്രഹത്തിന്റെ ചരിത്രത്തിലൂടെ പാലിയേക്കരയിലെത്തുമ്പോള്‍ മുഖ്യാധാര വിപ്ലവ പ്രസ്ഥാനങ്ങള്‍ ചുങ്കപ്പുരയില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ദയനീയം തന്നെ. പഴശ്ശിരാജയും വേലുത്തമ്പി ദളവയും ആറ്റിങ്ങല്‍ റാണിയും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചുങ്ക വ്യവസ്ഥക്കെതിരെ പൊരുതിയ ദേശാഭിമാനികളായിരുന്നു.

2010 ഡിസംബര്‍ 17 വെള്ളി. ടുണീഷ്യയിലെ വഴിയോര കച്ചവടക്കാരനായ മുഹമ്മദ് ബു അസീസി യെന്ന ചെറുപ്പക്കാരന്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മാഹുതി ചെയ്തു. ഏകാധിപതിയായി സൈനുല്‍ ആബിദിന്‍ ബിന്‍ അലിയും മാധ്യമങ്ങളും സംഭവത്തെ അത്ര ഗൗരവമായി കണ്ടില്ല. പക്ഷെ ആ ചെറുപ്പക്കാരന്റെ ശരീരത്തില്‍ നിന്ന് പടര്‍ന്ന തീ നാമ്പുകള്‍ ടൂണീഷ്യന്‍ തെരുവുകളെ പ്രക്ഷോഭത്തിന്റെ തീക്കാറ്റിലമര്‍ത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരഭൂമികളായി ടൂണീഷ്യന്‍ തെരുവുകള്‍ മാറി. ഏകാധിപതികളും സാമ്രാജ്യത്വശക്തികളും കയ്യടക്കിയ തെരുവുകളെല്ലാം ജനങ്ങള്‍ തിരിച്ചുപിടിക്കുകയും പോരാട്ടങ്ങളുടെ സംഗമസ്ഥാനമായി കവലകള്‍ മാറുകയും ചെയ്ത കാഴ്ച പാശ്ചാത്യ ഭരണകൂടങ്ങളെ അമ്പരപ്പിച്ചു. സ്വപ്നങ്ങള്‍ പങ്കുവെച്ച് വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്ന് ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി. പലരും വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയെങ്കിലും ഏകാധിപതികള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായി. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ മുതല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് വരെയുള്ള തെരുവുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ചു.

ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം.

ഈ  കൊച്ചുകേരളത്തിന്റെ തെരുവുകളിലും പ്രക്ഷോഭത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതപ്പെടുകയാണ്. എന്‍.എച്ച്. 47 ല്‍ മണ്ണുത്തി – അങ്കമാലി റൂട്ടില്‍ പാലിയേക്കരയില്‍ ഗുരുവായൂരപ്പന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കുത്തക കമ്പനി കെട്ടിപ്പൊക്കിയ ചുങ്കപ്പുര, കേരളത്തെ സംബന്ധിച്ച് സാമ്രാജത്വചൂഷണത്തിന്റെ ഭീകരരൂപമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ഈ ചുങ്കവ്യവസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ട് കുത്തക കമ്പനിക്കുവേണ്ടിയുള്ള എപ്പിസോഡുകള്‍ക്ക് രൂപം നല്‍കുകയാണ് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം. വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളായി തെരുവുകള്‍ വികസിച്ചു. ശത്രുവിനെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാന്‍ അധികാരി വര്‍ഗ്ഗങ്ങള്‍ മികച്ച റോഡുകളുണ്ടാക്കി. ഇടവഴികള്‍ റോഡുകളായും റോഡുകള്‍ ദേശീയ പാതകളായും വികസിച്ചതിന്റെ പിന്നില്‍ പോരാട്ടങ്ങളുടെയും അടിച്ചമര്‍ത്തലിന്റേയും എത്രയോ കഥകളുണ്ട്. റോഡുകള്‍ ഉണ്ടാക്കുകയെന്നത് ഭരണവര്‍ഗ്ഗത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായിരുന്നു. ചന്തകളിലേക്കും തുറമുഖങ്ങളിലേക്കും ചരക്കുകള്‍ വേഗത്തില്‍ എത്തിക്കുന്നതിനും സമരങ്ങളും കലാപങ്ങളും അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കുന്നതിനും മികച്ച റോഡുകള്‍ ആവശ്യമായി. സാമ്രാജ്യത്വ ആഗോളീകരണത്തിന്റ കാലഘട്ടത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഹൈവേകളും നാലുവരിപാതകളും ചുങ്കവ്യവസ്ഥയും അധിനിവേശത്തിന്റെ പ്രത്യക്ഷ രൂപങ്ങളാണ്. സേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ ദേശീയ പാതകള്‍ നവീകരിച്ച് സ്വകാര്യ വത്ക്കരിക്കുകയും ചുങ്കംപിരിച്ച് കോടികള്‍ ലാഭമുണ്ടാക്കാന്‍ കുത്തകകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സൗജന്യയാത്രക്കുള്ളതല്ല ദേശീയപാതകളെന്നും ബി.ഒ.ടി. അടിസ്ഥാനത്തില്‍ നവീകരിച്ച് ചുങ്കവ്യവസ്ഥയിലൂടെ അവയെ കച്ചവടവത്ക്കരിക്കണമെന്ന് ലോകബാങ്ക് പദ്ധതി തയ്യാറാക്കിയിട്ട് രണ്ട് ദശാബ്ദങ്ങളിലേറെയായി.

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പിടിമുറുക്കിയ കുത്തകകളും ഊഹ മൂലധന ശക്തികളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിച്ച് ദേശീയ പാതകളെ സ്വകാര്യ സ്വത്താക്കിയതില്‍ അമ്പരന്നിട്ട് കാര്യമില്ല. കാരണം നവലിബറല്‍ സിദ്ധാന്തത്തിന്റെ ഒരു പ്രയോഗമാണ് ചുങ്കം പിരിവ്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം ( ഓമന പേര് ഗ്രാന്റ്) ഉപയോഗിച്ച് റോഡ് നവീകരിക്കുകയും പിന്നീട് അത് ഉപയോഗിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യുന്ന വികസന രീതിയുടെ അടിത്തറ സാമ്രാജ്യത്വ ആഗോളീകരത്തിന്റേതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ചുങ്കം പിരിവിനെതിരെയുള്ള സമരങ്ങളില്‍ നിന്ന് പലപ്പോഴും ഈ രാഷ്ട്രീയ പ്രശ്‌നം വഴിമാറിപ്പോകുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാരം തീര്‍ച്ചയായും കേരളത്തിന്റെ നാളേക്കുവേണ്ടിയുള്ളതാണ്. ദിവസം ശരാശരി ഒരു കോടിയോളം രൂപ ചുങ്കം പിരിച്ചെടുക്കുന്ന ഈ ചൂഷണ സംവിധാനത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് പാലിയേക്കരയില്‍ ഉയര്‍ന്നിരിക്കുന്ന ചുങ്കപ്പുര നാളെ കേരളത്തിലെ നൂറോളം  കേന്ദ്രങ്ങളില്‍ കെട്ടിപ്പൊക്കുമെന്നതിന്റെ സൂചന ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലുണ്ട്. ടോളില്ലാതെ റോഡുണ്ടാക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറഞ്ഞു. കേരളത്തില്‍ 1360 കിലോമീറ്റര്‍ റോഡ് ബി.ഒ.ടി അടിസ്ഥാനത്തില്‍ നവീകരിച്ച് ടോള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും കുത്തകക്ക് ടോള്‍ നല്‍കാതെ കേരളീയര്‍ക്ക് സഞ്ചരിക്കാനാവില്ലെന്ന് ചുരുക്കം.

നവലിബറല്‍ നയങ്ങളെ പിന്തുണക്കാനും അതുമായി ബന്ധപ്പെട്ട വികസന രീതികളെ സ്വാഗതം ചെയ്യാനും ലജ്ജയില്ലാത്ത മുഖ്യധാര വിപ്ലവ പ്രസ്ഥാനങ്ങളാണ് ചുങ്കത്തിന് കുടപിടിച്ചു കൊടുക്കുന്നത്. യാഥാര്‍ത്ഥ്യമായി കഴിഞ്ഞ ടോളിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി.പി.ഐ(എം) ന്റെ പ്രമുഖ നേതാവ് തൃശൂരില്‍ പ്രഖ്യാപിച്ചത്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് സമരങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കലാണോ വിപ്ലവ പ്രസ്ഥാനത്തിന്റെ ചുമതല ? ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമല്ലേ?, വിലക്കയറ്റം യാഥാര്‍ത്ഥ്യമല്ലേ ?, തൊഴിലില്ലായ്മ യാഥാര്‍ത്ഥ്യമല്ലേ ? ഇതിനെതിരെ സമരങ്ങള്‍ പാടില്ലെന്നാണോ സി.പി.ഐ(എം) നയം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടി സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ വികസനരീതികള്‍ക്ക് വഴിയൊരുക്കുന്നതിനുള്ള പശ്ചാത്തലം സൃഷ്ടിക്കാന്‍ മാത്രമാണ് പാലിയേക്കരയിലെ ചുങ്കപ്പുരയില്‍ ഇളവുകള്‍ നല്‍കിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് സി.പി.ഐ(എം) പ്രഖ്യാപിച്ചതിന്റെ പിന്നിലെ രഹസ്യം. പാലിയേക്കരയില്‍ ഇളവുകള്‍ നേടിയെടുക്കുക; ഭാവിയില്‍ കേരളത്തില്‍ ഉയരുന്ന ചുങ്കപ്പുരകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. അതുമാത്രമാണ് സി.പി.ഐ(എം) ലക്ഷ്യമിടുന്നത്. സാമ്രാജത്വ ആഗോളീകരണത്തിന്റെ ഭാഗമായുള്ള വ്യാവസായിക നിലപാടുകള്‍ വികസിപ്പിച്ചെടുത്തതിന്റെ തിരിച്ചടികള്‍ ബംഗാളില്‍ നേരിട്ടിട്ടും പാഠം പഠിക്കാതെ പോകുന്നത് നവലിബറല്‍ നയങ്ങളോടുള്ള ദാസ്യ മനോഭാവമല്ലാതെ മറ്റൊന്നുമല്ല.

പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാര പന്തലിലുള്ള ജാഗ്രത നിലനിര്‍ത്തി ജനങ്ങളെ ഐക്യപ്പെടുത്താനുള്ള പുതിയ സമരമുഖങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ആയുധ ബലത്തോടെ കേരളത്തെ കൊള്ളയടിക്കുന്ന കുത്തകയെ പരാജയപ്പെടുത്താന്‍ എളുപ്പവഴികളില്ലെന്ന് അറിയുക.