Life Style
ഷിഫ്റ്റ് ജോലി ഹൃദ്രോഗ സാധ്യത കൂട്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 27, 05:18 am
Friday, 27th July 2012, 10:48 am

ലണ്ടന്‍: മാറി മാറിയുള്ള ജോലി ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നവരില്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. 20 ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ 25% പേരിലും ഹൃദ്രോഗ സാധ്യത കണ്ടെത്താനായി.

പകല്‍ ജോലിക്കാരേക്കാള്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതല്‍ ഷിഫ്റ്റ് ജോലിക്കാര്‍ക്കാണെന്നും പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകാര്‍ക്കാണെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ജോലിക്കാരില്‍ ഈ രോഗങ്ങള്‍ക്കുള്ള സാധ്യത 41% ആണ്. []

ഷിഫ്റ്റ് ജോലി ആളുകളില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുമെന്നും ജീവിതശൈലിയില്‍ പ്രതികൂലമായ അനന്തരഫലങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുക, ഉറക്ക കുറവ്, വ്യായാമമില്ലായ്മ എന്നീവ വളരാന്‍ രാത്രി ഷിഫ്റ്റ് കാരണമാകും. ഇതെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഷിഫ്റ്റ് ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പഠനമാണിത്. ഇവരില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ധത്തിനും കൊളസ്‌ട്രോളിനും സാധ്യതയേറെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം സ്വാഭാവികമായും ഹൃദ്രോഗത്തിലേക്കാണ് നയിക്കുക.

കാനഡ, നോര്‍വേ എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകരെ സംഘടിപ്പിച്ചാണ് സര്‍വേ നടത്തിയത്. 20 വര്‍ഷത്തിലേറെ ഇത്തരം ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹ ബാധക്കുള്ള സാധ്യത 58 ശതമാനമാണ്. രാത്രി സമയത്ത് ജോലിയ്ക്കിടെ  ലഘുഭക്ഷണം കഴിക്കുന്ന ശീലം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രി സമയത്ത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ്. ശാരീരികമായി കൂടുതല്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തിനാല്‍ കഴിക്കുന്ന ഭക്ഷണത്തിലെ അധിക കലോറി കൊഴുപ്പായി സൂക്ഷിക്കപ്പെടുകയും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി പ്രമേഹത്തിലേക്ക് നയിക്കുന്ന ഒരു സുപ്രധാന കാരണമാണ്. ഇത് ഹൃദ്രോഗത്തിലേയ്ക്കു വഴിതുറക്കും.

മാത്രമല്ല , രാത്രി സമയത്തെ ഉറക്കം പകല്‍ ഉറങ്ങിതീര്‍ക്കുമ്പോള്‍ അത് ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിക്കുകയും ചെയ്യും. വിശപ്പുകൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണായ ഗെറിലിന്റെ ഉദ്പാദനത്തെ കൂട്ടുകയും വിശപ്പ് ഇല്ലാതാക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്റെ ഉദ്പാദനത്തെ വല്ലാതെ കുറക്കുകയും ചെയ്യുന്നു. ഇത് മൊത്തം ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും നിരീക്ഷകര്‍ വിലയിരുത്തുന്നു.