Daily News
മോദിയെ സ്തുതിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍, ഇന്ത്യന്‍ മാധ്യമങ്ങളോട് വീട്ടില്‍ പോകാന്‍ നേപ്പാള്‍ ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 03, 01:45 pm
Sunday, 3rd May 2015, 7:15 pm

nepal-01ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ നേപ്പാളില്‍ കടുത്ത പ്രധിഷേധം. ട്വിറ്ററിലൂടെയാണ് നേപ്പാള്‍ ജനത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗോ ഹോം ഇന്ത്യന്‍ മീഡിയ (#GoHomeIndianMedia) എന്ന ഹാഷ് ടാഗിലാണ്‌ ട്വീറ്റുകള്‍ വന്നിരിക്കുന്നത്. നിരവധിപ്പേരാണ് പേജില്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാരണം ഇന്ത്യക്കാര്‍ക്ക് പോലും നാണക്കേടാണെന്നും അതുകൊണ്ട് അവരെ തിരിച്ചുവിളിക്കണമെന്നുമാണ് ഒരു ട്വീറ്റില്‍ പറയുന്നത്. നേപ്പാള്‍ ജനതയുടെ മുഴുവന്‍ അഭിപ്രായം എന്ന നിലക്കാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. മോദിക്ക് സ്തുതി പടാന്‍ ഭൂകമ്പം പോലും ഉപയോഗിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ മുഴുവന്‍ ജനതയെയും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് മോദി അനുകൂല മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി അറിയാതെയാണ് മാധ്യമങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. മോദിയുടെ മഹത്വം വര്‍ധിപ്പിക്കുന്നതിനുള്ള തത്രപ്പാടില്‍ ഇന്ത്യയ്ക്ക് നേരെ മാത്രമല്ല, വലിയൊരു ദുരന്തത്തിന് നേരെ കണ്ണടച്ചുകൊണ്ടാണ് മോദി സ്തുതി പാടകരായ മാധ്യമങ്ങളുടെ പ്രവര്‍ത്തനം എന്നാണ് ഈ ട്വീറ്റുകള്‍ തെളിയിക്കുന്നത്.

മോദിക്ക് ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ തിരിച്ചുവിളിക്കണമെന്നാണ് ഒരു ട്വീറ്റ് ആവശ്യപ്പെടുന്നത്. മോദിക്ക് ഇന്ത്യന്‍ മാധ്യമങ്ങളെ നിരോധിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങളെ പുറത്ത് കളയാന്‍ നേപ്പാളിന് കഴിയുമെന്നുമാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. നിരവധി ചിത്രങ്ങളും ട്വിറ്റര്‍ പേജില്‍ കാണാം.

we appreciate help but not rotten journalism Narendra Modi#GoHomeIndianMedia

Posted by Arun Budhathoki on Sunday, May 3, 2015

സഹായം എന്നത് തങ്ങളുടെ സ്വകാര്യ വിഷയങ്ങളില്‍ ഇടപെടുക എന്നുള്ളതാണെങ്കില്‍ അത്തരത്തിലുള്ള സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് അവര്‍ ഒരു ട്വീറ്റില്‍ പറയുന്നത്. പ്രതിഷേധവുമായി ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരും നേരത്തെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവരുന്നതിനാണ് ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു.