[share]
[] ചെന്നൈ: മലയാള സിനിമയ്ക്ക് ഒരുപിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു.
കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ചെന്നൈയിലെ എം.ഐ.ഒ.പി. ആശുപത്രിയിലായിരുന്നു അന്ത്യം.
ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് ചെന്നൈയില്‍ വച്ചായിരിക്കും.
കോഴിക്കോട് പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്.
പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം. ഇതിന് പുറമെ പത്ത് ആല്‍ബങ്ങളിലായി എണ്‍പത്തിമൂന്ന് ചലച്ചിത്രേതര ഗാനങ്ങള്‍ക്കും രഘുകുമാര്‍ ഈണം നല്‍കിയിട്ടുണ്ട്.
ശംഖുപുഷ്പം പിന്നീട് ലിസ അനുപല്ലവി, ശക്തി, ധീര എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട.
കൈക്കുടന്ന നിറയെ (മായാമയൂരം), ചെമ്പരിത്തിപ്പൂവേ ചൊല്ലൂ (ശ്യാമ), പൊന്‍മുരളിയൂതും(ആര്യന്‍), പൊന്‍വീണെ, കളഭം ചാര്‍ത്തും ( താളവട്ടം) തുടങ്ങിയ ഗാനങ്ങളെല്ലാം മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നതാണ്.
ബോയിങ് ബോയിങ്, കാണാക്കിനാവ്, വന്ദനം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി.
ആറാം വയസില്‍ തബലയോട് പ്രിയം തോന്നിത്തുടങ്ങിയ രഘുവിന്. ദാസന്‍ മാസ്റ്ററായിരുന്നു ആദ്യ ഗുരു. പിന്നീട് ആകാശവാണിയിലെ ബാലസുബ്രഹ്മണ്യനായി രഘുവിന്റെ ഗുരു.
കെ. ആര്‍ . ബാലകൃഷ്ണനില്‍ നിന്ന് ലളിത സംഗീതവും വിന്‍സന്റ് മാഷില്‍ നിന്ന് സിത്താറും അഭ്യസിച്ചു. പതിനഞ്ചാം വയസില്‍ പ്രൊഫഷണല്‍ തബലവാദകനായി. കോഴിക്കോട് ആര്‍.ഇ.സിയില്‍ ജയചന്ദ്രന്റെ ഗാനമേളയിലൂടെ അരങ്ങേറ്റം നടത്തി.
ദക്ഷിണാമൂര്‍ത്തിയുടെ പിന്നണിസംഘത്തിലാണ് രഘുകുമാര്‍ ഏറ്റവുമധികം തബല വായിച്ചത്. അക്കാലത്ത് ഗുണസിങ്, ജനാര്‍ദനന്‍, ലക്ഷ്മണ്‍ ധ്രുവന്‍ , മംഗളമൂര്‍ത്തി, കെ.ജെ.ജോയ്, ശിവമണി എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.