മൊയ്തീന്‍
Discourse
മൊയ്തീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd June 2012, 4:58 pm

കവിത/മോഹന്‍ പുത്തന്‍ചിറ

വര/മജിനി

മൊയ്തീനേ
നീയിന്നു മീമ്പിടിക്കാന്‍ പോയില്ലേ
നിന്റെ ചൂണ്ട, നിന്റെ വല, നിന്റെ വള്ളം
നിന്റെ വിശന്ന വയറിന്റെ വലച്ചിലില്‍
ഉലഞ്ഞു പൊട്ടിയോ?

ദുബായില്‍ സിമന്റു കൂട്ടാന്‍ പോയ നിന്റെ മോന്‍
കശ്മീരില്‍ വെടിയേറ്റു തീര്‍ന്നതും
ആയയായി സൌദിയില്‍ പോയ ബീടര്‍
മയ്യത്തായി തിരിച്ചു വന്നതും

ഓത്തു പഠിക്കാന്‍ പോയ പുന്നാരമോള്
ഇരുട്ടിക്കഴിഞ്ഞിട്ടും, വീട്ടിലെത്താഞ്ഞപ്പോള്‍,
എങ്ങോട്ടു പോയെന്നറിയാതെ
നിന്റെ തല പെരുത്തതും

വിയര്‍പ്പിന്റെ ഉപ്പില്‍ കുതിര്‍ന്ന്
തീ വെയിലില്‍ പൊരിഞ്ഞ്
ഉണക്കമീന്‍ പോലായിത്തീര്‍ന്ന
നിന്റെ ജീവിതം
ബാങ്കുകാര്‍ ജപ്തി ചെയ്തതും

വടക്കനതിര്‍ത്തിയില്‍ ബോംബു പൊട്ടുമ്പോള്‍
പിറകേ വരുന്ന പോലീസ്സില്‍ നിന്നും
പിടി കൊടുത്താല്‍ കൊല്ലുമെന്നോതുന്ന
പുന്നാര മോന്റെ ചങ്ങായിമാരീന്നും
അന്നെ ഒളിപ്പിക്കാന്‍
ഞമ്മക്ക് കയ്യൂല്ലാ മോനേന്ന്
ഈ ഭൂമീലെ ഇരുട്ടു മുഴുവന്‍
സങ്കടപ്പെടുമ്പള്

രക്ഷപ്പെടാന്‍
ഒരു വഴി തെളിയുന്നുണ്ടോന്ന്
പുഴയിലേക്ക് കണ്ണും കൊരുത്തിരിക്കുന്ന
നിന്റെ പ്രതിബിംബത്തെ
മീനുകള്‍ ആര്‍ത്തിയോടെ
കൊത്തുന്നത്
നീ ജീവനുള്ള ഒരിരയായിരിക്കുമെന്ന്
നിനച്ചായിരിക്കും

മൊയ്തീനേ
നീയിപ്പം എവിടെയാടാ
ജയിലിലോ,
ജലത്തിലോ
അതോ
ചൂണ്ടയുടെ കൊളുത്തിലോ?