പ്രിയപ്പെട്ട രമയ്ക്ക്,
ഞാന്‍ മീനാക്ഷി ടീച്ചര്‍. ഒരു പക്ഷേ ഈ പേരില്‍ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അഴീക്കോടന്‍ രാഘവന്റെ ജീവിതപങ്കാളി എന്ന നിലയില്‍ ഞാന്‍ രമയ്ക്കും പരിചിതയാണെന്ന് കരുതുന്നു. രമയുടെതായി പ്രസിദ്ധീകരിച്ചുകണ്ട തുറന്ന കത്താണ് ഈ പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്. തിക്തമായ അനുഭവങ്ങളിലൂടെ ദീര്‍ഘകാലം കടന്നുപോയ ആളാണ് ഞാന്‍. രമയേക്കാള്‍ ചെറുപ്പത്തില്‍ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ടവള്‍. വൈധവ്യത്തിന്റെ കയ്പുനീര് കുടിച്ചുതീര്‍ത്ത് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന ജീവിതം. വിരഹ ദുഃഖത്തിന്റെ ആഴമെത്രയെന്ന് മറ്റാരെക്കാളും എനിക്ക് തിരിച്ചറിയാനാവും.
പതിനാറു വര്‍ഷം മാത്രം നീണ്ടുനിന്നതാണ് ഞങ്ങളുടെ ദാമ്പത്യം. പറക്കമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെ എന്റെ കൈകളില്‍ ഏല്‍പിച്ചാണ് സഖാവ് 1972 സെപ്തംബര്‍ 23ന് രക്തസാക്ഷിയായത്. മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. ഇളയമകന്‍ സാനുവിന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കുഞ്ഞുമുണ്ടും കൊണ്ടായിരുന്നു അന്ന് സഖാവ് എത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ തീവണ്ടിയാപ്പീസിലേക്ക് യാത്രയാക്കിയ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് പിന്നീട് എന്റെ കാതില്‍ വന്നലച്ചത്.
എന്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്? ആരായിരുന്നു കൊലയാളികള്‍? ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുന്ന ഗാന്ധിശിഷ്യര്‍ക്ക് ആ അരുംകൊലയിലുള്ള പങ്ക് നിഷേധിക്കാനാവുമോ? കോടതി ശിക്ഷ വിധിക്കാത്തതിനാല്‍ കൊലയാളികള്‍ കൊലയാളികള്‍ അല്ലാതാവുന്നില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചുറ്റും നിന്ന് സി.പി.ഐ.എമ്മിനെതിരെ അപവാദ പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാന്‍ രമയ്ക്ക് ആവണം. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ ശ്രമിക്കുന്ന അവരുടെ കുതന്ത്രങ്ങളുടെ ഇരകളാവരുത് നമ്മള്‍.[]
ചന്ദ്രശേഖരനെ വകവരുത്തിയവര്‍ ആരായാലും അവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ സംഭവത്തിന്റെ പേരില്‍ സി.പി.ഐ.എം എന്ന മഹത്തായ പ്രസ്ഥാനത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും നിര്‍ഭാഗ്യകരമാണ്. ഒട്ടേറെ അഗ്‌നിപരീക്ഷകളിലൂടെ കടന്നുവന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം എന്ന് രമയ്ക്കും അറിയാമല്ലോ. എത്രയെത്ര ധീരന്മാരാണ് പാവങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ രക്തസാക്ഷിത്വം വരിച്ചത്. ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടതും കൂടുതല്‍ കരുത്ത് നേടേണ്ടതും ഇന്നാട്ടിലെ ഓരോ സാധാരണ മനുഷ്യന്റെയും ആവശ്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ തകര്‍ക്കുക എന്നത് ശത്രുവര്‍ഗത്തിന്റെ എക്കാലത്തെയും ലക്ഷ്യമാണ്. ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിലുള്ള ഉരുക്കുപോലെ ഉറച്ച വിശ്വാസവും കൂറുമാണ് ശത്രുക്കളെ നിഷ്പ്രഭമാക്കുന്നത്. ഈ വിശ്വാസവും കൂറും നശിപ്പിക്കാനായി എതിരാളികള്‍ നടത്തുന്ന നുണപ്രചാരണങ്ങളുടെ കുത്തൊഴുക്ക് നാം എത്രവട്ടം കണ്ടു.
ഇപ്പോഴും സി.പി.ഐ.എമ്മിനെതിരെ ജനവികാരമുണര്‍ത്താനും ഒറ്റപ്പെടുത്താനും ആസൂത്രിത ശ്രമങ്ങളാണ് ശത്രുവര്‍ഗം നടത്തുന്നത്. അതില്‍ അറിഞ്ഞോ അറിയാതെയോ രമ ഭാഗഭാക്കാകുന്നുവെന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. മാധ്യമങ്ങളില്‍ നിറയുന്ന നിറംപിടിപ്പിച്ച കഥകളില്‍നിന്ന് എത്രയോ അകലെയാണ് സത്യം ഒളിഞ്ഞിരിക്കുന്നത് എന്നാണ് എന്റെ ബോധ്യം. വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെയും അതിന് അരുനില്‍ക്കുന്ന മാധ്യമങ്ങളുടെയും ഹീനമായ കൗശലത്തെക്കുറിച്ച് രമയ്ക്ക് നല്ല അറിവുണ്ടാകുമല്ലോ. ജീവിച്ചിരിക്കുമ്പോള്‍ കരിവാരിത്തേയ്ക്കാനും മരിക്കുമ്പോള്‍ വാഴ്ത്താനും അവര്‍ക്ക് നല്ല മിടുക്കുണ്ട്.
ജീവിച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് അഴീക്കോടന്‍ അഴിമതിക്കോടനായിരുന്നു. ഇവിടത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണങ്ങള്‍ മുന്‍പിന്‍ നോക്കാതെ ഉറക്കെ വിളിച്ചുകൂവുകയായിരുന്നു അവര്‍. ഒരു ടെക്‌സ്‌റ്റൈല്‍ ഉടമയുടെ ആഡംബരവീട് കാണിച്ച് അഴീക്കോടന്റെ വീടാണെന്നായിരുന്നു ആദ്യത്തെ പ്രചാരണം. അപ്പോഴും പാര്‍ടി ഏര്‍പ്പാടാക്കിയ വളരെ ചെറിയ, തുച്ഛമായ മാസവാടകയുള്ള വീട്ടില്‍ ദുരിതജീവിതം നയിക്കുകയായിരുന്നു ഞാനും മക്കളും.
കണ്ണൂരിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സഖാവിന്റെ ബിനാമിയാണെന്ന്് അവര്‍ പ്രചരിപ്പിച്ചു. ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് നിരന്തരം നുണക്കഥയെഴുതി. അദ്ദേഹം മരിക്കുമ്പോള്‍ തൃശൂരിലെ ബാങ്കില്‍ 32 രൂപയായിരുന്നു ശേഷിച്ചിരുന്നത്. കുഴിമാടം കുത്താന്‍ ആറടി മണ്ണു പോലും സ്വന്തമായില്ലാത്ത അഴീക്കോടനെക്കുറിച്ച് പിറ്റേന്ന് തൊട്ട് മാധ്യമങ്ങള്‍ കണ്ണീര്‍ക്കഥകളെഴുതി. അഴീക്കോടന്‍ സ്വന്തമായി വീടുപോലുമില്ലാത്ത ജനസേവകനായിരുന്നെന്ന് വാഴ്ത്തി. ഇ. എം.എസ്, എ.കെ.ജി, നായനാര്‍ എന്നിവരുടെയൊക്കെ കാര്യത്തിലും ഇതുതന്നെയായിരുന്നു മാധ്യമ സമീപനം. സി.പി.ഐ.എമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് ചന്ദ്രശേഖരന്‍. അന്നൊന്നും മാധ്യമങ്ങള്‍ ചന്ദ്രശേഖരനെക്കുറിച്ച് ഒരു വരി എഴുതിയതായി എന്റെ ഓര്‍മയിലില്ല. സി.പി.ഐ.എമ്മിനെതിരായ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയപ്പോള്‍, ഒടുവില്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് മാധ്യമങ്ങളുടെ ഇഷ്ടപുത്രനും ധീരവിപ്ലവകാരിയുമായത്.
കുറ്റപ്പെടുത്തലിന്റെ ലാഞ്ചന പോലുമില്ലാതെ അമ്മയുടെ സ്‌നേഹവായ്‌പോടെ, തലമുറകള്‍ക്കു അക്ഷരവെളിച്ചം പകര്‍ന്ന അധ്യാപികയുടെ വാത്സല്യത്തോടെ പറയട്ടെ കത്തിലൂടെയുള്ള മോളുടെ പ്രതികരണങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. ഇത്തരമൊരു പ്രതികരണം സംഭവത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ നില്‍ക്കുന്നവരെയാണ് സഹായിക്കുക. മോളുടെയും നന്ദുമോെന്റയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.
ദുഃഖത്തില്‍ പങ്കുചേര്‍ന്ന്
മീനാക്ഷി ടീച്ചര്‍