ന്യൂദല്‍ഹി: 2012 ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും. കവിയും നോവലിസ്റ്റും സംഗീതജ്ഞനുമായ ജീത് തയ്യിലിന്റെ “നാര്‍കോപോളിസ്” എന്ന നോവലാണ് അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നത്. []
ടൈംസ് ലിറ്റററി സപ്ലിമെന്റിന്റെ എഡിറ്ററായ പീറ്റര്‍ സ്‌റ്റൊതാര്‍ഡ് ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയാണ് 145 പുസ്തകങ്ങളില്‍ നിന്ന് അന്തിമറൗണ്ടിലെ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. 1970കളിലെ ബോംബെജീവിതമാണ് നോവലിന്റെ പ്രമേയം.
ന്യൂയോര്‍ക്കില്‍ നിന്ന് വരുന്ന കേന്ദ്രകഥാപാത്രം കഞ്ചാവും വേശ്യാലയവും നിറഞ്ഞ ബോംബെയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്ന് സംഭവിക്കുന്ന നാടകീയസംഭവങ്ങളും നോവലില്‍ അവതരിക്കപ്പെടുന്നു.
ഹില്ലാരി മാന്റലിന്റെ “ബ്രിങ് അപ്പ് ദി ബോഡീസ്”, നിക്കോള ബാര്‍ക്കറിന്റെ “ദി യിപ്‌സ്” എന്നീ 12 പുസ്തകങ്ങള്‍ക്കൊപ്പമാണ് നാര്‍കോപോളിസ് ഇടം തേടിയത്. മയക്കുമരുന്ന്, മരണം, ലൈംഗീകത, പ്രണയം, ദൈവം, അഭിനിവേശം എന്നിവയൊക്കെ നോവലില്‍ വിഷയമാവുന്നുണ്ട്.
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ്ജിന്റെ മകനാണ് ജീത് തയ്യില്‍ . “ദീസ് എറേര്‍സ് ആര്‍ കറക്ട്”, “അപ്പോകാലിപ്‌സോ”, “ജെമിനി” തുടങ്ങിയ പുസ്തകങ്ങളും രചിച്ചത് ഇദ്ദേഹമാണ്.