ലേക് ഷോറില്‍ പോലീസ് നടപടി: ഗര്‍ഭിണികളുള്‍പ്പെടെ 200 നഴ്‌സുമാര്‍ അറസ്റ്റില്‍
Kerala
ലേക് ഷോറില്‍ പോലീസ് നടപടി: ഗര്‍ഭിണികളുള്‍പ്പെടെ 200 നഴ്‌സുമാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2012, 3:41 am

എറണാകുളം: പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നഴ്‌സുമാര്‍ക്ക് നേരെ പോലീസ് നടപടി. ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന 200 ഓളം നഴ്‌സുമാരെ പോലീസ് അറസ്റ്റു ചെയ്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് നഴ്‌സുമാരെ അറസ്റ്റു ചെയ്ത് നീക്കിയത്. പിറവം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മതി അറസ്റ്റെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കണ്ടാണ് വൈകിച്ചത്.

അറസ്റ്റു ചെയ്ത വനിതാ നഴ്‌സുമാരെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്കും പുരുഷ നഴ്‌സുമാരെ തൃക്കാക്കര എ.ആര്‍ ക്യാമ്പിലേക്കുമാണ് കൊണ്ട് പോയത്. ഗര്‍ഭിണികളും ചെറിയ കുട്ടികളുമുള്‍പ്പെടെയുള്ള നഴ്‌സുമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. രക്ഷിതാക്കള്‍ എത്തിയാലേ ഇവരെ വിട്ടയക്കൂവെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ വയനാട്ടിലും മറ്റ് വിദൂര ജില്ലകളിലുമുള്ള ഇവരുടെ രക്ഷിതാക്കള്‍ ഇന്ന് സ്‌റ്റേഷനിലെത്തുക അസാധ്യമാണ്.

നേരത്തെ ആശുപത്രിക്കുള്ളില്‍ സമരം നടത്തിയ നഴ്‌സുമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതെ തുടര്‍ന്ന് നഴ്‌സുമാര്‍ സമരം ആശുപത്രി കോമ്പൗണ്ടിന് പുറത്തേയ്ക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്കുള്ള ഡോക്ടര്‍മാരുടെ വാഹമനുള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചിരുന്നു. പൊതു വഴിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതിന് മോഹന്‍ മഞ്ഞക്കര എന്ന ഡോക്ടരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ രണ്ടു നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമര രംഗത്തേക്കിറങ്ങിയത്. സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.