സര്‍ക്കാര്‍ അറിവോടെ കോടികളുടെ മരുന്ന് കൊള്ള
Discourse
സര്‍ക്കാര്‍ അറിവോടെ കോടികളുടെ മരുന്ന് കൊള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd July 2011, 10:36 am

ഹരീഷ് വാസുദേവന്‍

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് അമിത വിലയീടാക്കി മരുന്നുകമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് സര്‍ക്കാറിന്റെ അറിവോടെ. സര്‍ക്കാര്‍ സ്ഥാപനമായ മെഡിക്കല്‍ സപ്ലൈ കോര്‍പറേഷന്റെ അറിവോടെയാണ് തട്ടിപ്പ് നടക്കുന്നത്. പ്രതി വര്‍ഷം 10,000 കോടിയിലേറെ രൂപയുടെ മരുന്ന് കൊള്ളയാണ് ഇങ്ങിനെ നടക്കുന്നതെന്നാണ് പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ അറിവോടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു.

സന്നദ്ധ സംഘടനയായ ജനപക്ഷത്തിന്റെ സംസ്ഥാന കണ്‍വീനര്‍ ബെന്നി ജോസഫ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയിലാണ് കോടികളുടെ തട്ടിപ്പും അതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നതും പുറത്ത് വന്നത്. ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നതിന് കഴിഞ്ഞ സര്‍ക്കാറാണ് മെഡിക്കല്‍ സപ്ലൈ കോര്‍പറേഷന്‍ കൊണ്ട് വന്നത്. എന്നാല്‍ മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങുന്ന അതേ മരുന്നുകള്‍ പുറത്ത് വിപണിയില്‍ കോര്‍പറേഷന്‍ വിലയുടെ പതിന്‍മടങ്ങ് വിലക്കാണ് വിറ്റഴിക്കുന്നത്. മെഡിക്കല്‍ കോര്‍പറേഷന്റെ ഡ്രഗ് പര്‍ച്ചേഴ്‌സിങ് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നത്.

മരുന്ന് കമ്പനികള്‍ അമിത വില ഈടാക്കുന്നത് മെഡിക്കല്‍ കോര്‍പറേഷന്‍ അറിവോടുകൂടിയാണോയെന്ന ചോദ്യത്തിന് അതെയെന്ന് ലഭിച്ച മറുപടി

ഓരോ മരുന്നിനും മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങുന്ന വിലയും വിപണി വിലയും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഡിക്കല്‍ കോര്‍പറേഷന്‍ ഇത് വ്യക്തമാക്കുന്ന മറുപടി നല്‍കി. പല ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും മെഡിക്കല്‍ കോര്‍പറേഷന്‍ കമ്പനികളില്‍ നിന്ന് വാങ്ങിയ വിലയേക്കാള്‍ 25 ഓളം മടങ്ങ് അധികം രൂപക്കാണ് വിപണിയില്‍ വില്‍ക്കുന്നതെന്ന് മറുപടിയില്‍ വ്യക്തമാകുന്നു. സംസ്ഥാനത്ത് വര്‍ഷത്തില്‍ 28,000 കോടി രൂപയുടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് ഡ്രഗ് കണ്‍ട്രോളറില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ മരുന്നുകളുടെ യഥാര്‍ഥ വില ഇതിന്റെ എത്രയോ മടങ്ങ് കുറവാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

എന്നാല്‍ ഇതില്‍ ഏറ്റഴും വിചിത്രമായ സംഭവം മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡ്രഗ് കോര്‍പറേഷന്റെ അറിവോടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്നതാണ്. സര്‍ക്കാര്‍-വിപണി വിലകള്‍ തമ്മിലുള്ള വ്യത്യാസം മെഡിക്കല്‍ കോര്‍പഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ലഭിച്ച മറുപടി.

എനലാപ്രില്‍ മെലീറ്റ ടാബിള്‍ എന്ന മരുന്ന് ഡ്രഗ് സപ്ലൈ കോര്‍പറേഷന്‍ വാങ്ങിയത് 6.4 രൂപക്കാണ്. എന്നാല്‍ പുറത്ത് ഈ മരുന്ന് വില്‍ക്കുന്നത് 154.66 രൂപക്കാണ്. അറ്റോര്‍ വാസ്റ്റിന് ഡ്രഗ് കോര്‍പറേഷന്‍ 33.9 രൂപക്ക് വാങ്ങിയപ്പോള്‍ അതിന് പുറത്ത് മാര്‍ക്കറ്റിലെ വില 149.7 രൂപയാണ്. സ്‌ട്രെപ്‌റ്റോകിനാസെ എന്ന മരുന്ന് 538 രൂപക്ക് മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങിയപ്പോള്‍ പുറത്ത് മാര്‍ക്കറ്റില്‍ പൊതുജനങ്ങള്‍ക്ക് അത് വാങ്ങാന്‍ ലഭിക്കുക 2500 രൂപക്കാണ്. അഞ്ച് മുതല്‍ 25 ഇരട്ടി വരെയാണ് പുറം മാര്‍ക്കറ്റും മെഡിക്കല്‍ കോര്‍പറേഷനും തമ്മിലെ വിലയിലുള്ള വ്യത്യാസം.

മെഡിക്കല്‍ കോര്‍പറേഷന്‍ മരുന്നുകളുടെ വിലയും അതേ മരുന്നുകളുടെ വിപണി വിലയും തമ്മിലുള്ള വ്യത്യാസം

ഈ വ്യത്യാസം തിരിച്ചറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയൊന്നുമെടുക്കുന്നില്ലെന്നതാണ് ഏറ്റവും വിരോധാഭാസകരമായ സംഭവം. ജീവന്‍ രക്ഷാ മരുന്നുകളുടെ അടിയന്തര ആവശ്യം മുന്നില്‍ക്കണ്ടാണ് മരുന്ന് കമ്പനികള്‍ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത്. സര്‍ക്കാര്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്ന് വാങ്ങി വിതരണം ചെയ്യാന്‍ സൗകര്യമുണ്ടായിട്ടും സര്‍ക്കാര്‍ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നത് മരുന്ന് കമ്പനികളെയും വിതരണക്കാരെയും സഹായിക്കാനാണെന്ന് ആക്ഷേപം ശക്തമായിരിക്കയാണ്.

ആരോഗ്യത്തിന് ദോഷകരമായ മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി സംവിധാനമൊരുക്കിയപ്പോഴാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നത്. മരുന്ന് വാങ്ങാന്‍ കഴിയാതെ പാവപ്പെട്ട നിരവധി പേര്‍ തങ്ങളുടെ കിടപ്പാടം പോലും വില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. പൊതുജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കോടികള്‍ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് ഉപഹാരങ്ങളും മറ്റ് സാമ്പത്തിന് നേട്ടങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെയും വിലക്കെടുക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇതിനോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വം വ്യക്തമാക്കുന്നത്.

കേരളത്തില്‍ സര്‍ക്കാര്‍ മരുന്ന് വില്‍ക്കുന്നില്ലെങ്കില്‍ തങ്ങള്‍ അത് ചെയ്യാന്‍ തയ്യാറാണെന്ന് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് സര്‍ക്കാറിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മരുന്ന് വിതരണം ചെയ്യാന്‍ തങ്ങള്‍ നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോര്‍പറേഷന്‍ ഉറപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. മെഡിക്കല്‍ കോര്‍പറേഷന്‍ വഴി ജീവന്‍ രക്ഷാ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. എന്നാല്‍ അതിലുണ്ടാവുന്ന കാലതാമസം കോടികള്‍ കൊള്ളയടിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നത്.