Kerala Politics
രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന്; മാണി വിഭാഗം വീണ്ടും യു.ഡി.എഫിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 07, 01:28 pm
Thursday, 7th June 2018, 6:58 pm

ന്യൂദല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ യു.ഡി.എഫില്‍ ധാരണ. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. രണ്ട് വര്‍ഷമായി മുന്നണിയ്ക്കു പുറത്തിരുന്ന മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരും.

ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കേരള കോണ്‍ഗ്രസ് രണ്ട് വര്‍ഷമായി മുന്നണിയ്ക്ക് പുറത്തായിരുന്നുവെന്നും എന്നാല്‍ ദേശീയതലത്തില്‍ മാണി യു.പി.എയ്‌ക്കൊപ്പമായിരുന്നുവെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യശക്തികളുടെ ഏകീകരണമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് എമ്മുമായി അനുരഞ്ജന ചര്‍ച്ചയ്ക്കായി നിയോഗിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ മുസ്ലിം ലീഗ് കര്‍ക്കശമായ നിലപാടു കൈക്കൊണ്ടതടെയാണ് കോണ്‍ഗ്രസിനെ വിട്ടുവീഴ്ചയ്ക്കു പ്രേരിപ്പിച്ചത്.

ALSO READ:  ആര്‍.എസ്.എസ് സ്ഥാപകന്‍ ഇന്ത്യയുടെ മഹത് പുത്രനാണ്: പ്രണബ് മുഖര്‍ജി

യു.ഡി.എഫ് പ്രവേശനത്തിനു തയാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു കെ.എം. മാണി.

ഒന്നിലധികം സീറ്റ് ലഭിക്കുകയാണെങ്കില്‍ ഒരു സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി മറ്റൊരു സീറ്റ് ഘടക കക്ഷികള്‍ക്കാണു പതിവ്. സീറ്റ് ഒന്നേയുള്ളൂ എന്നതിനാല്‍ കോണ്‍ഗ്രസിന് അകത്തുതന്നെ പ്രതിഷേധം ശക്തമായിരുന്നു.

രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി കെപി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. ഇക്കാര്യം ദല്‍ഹിയിലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ എന്നിവരെ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവരും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു.