കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
Kerala
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2013, 6:02 pm

[]ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. എല്‍.ഡി.എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം വിഞ്ജാപനം പുറപ്പെടുവിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ന മാധവ് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ തുടക്കം മുതല്‍ പ്രതിഷേധവുമായി എല്‍.ഡി.എഫ് രംഗത്തുണ്ടായിരുന്നു.

ഇതിന് മുമ്പ് ഈ വിഷയത്തില്‍ വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടന്നിരുന്നു.
രണ്ട് റിപ്പോര്‍ട്ടുകളും കര്‍ഷക വിരുദ്ധമാണെന്നും വികസന വിരുദ്ധമാണെന്നുമാണ് എല്‍.ഡി.എഫിന്റെ പക്ഷം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ന് വൈകീട്ടാണ് കേന്ദ്രം വിഞ്ജാപനമിറക്കിയത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് വിഞ്ജാപനമിറക്കിയത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഉള്ളത്.ഇവിടങ്ങളില്‍ ഖനനത്തിന് അനുവാദമില്ല. താപനിലയങ്ങള്‍ക്കും അനുമതി ഇല്ല. 50 ഹെക്ടറില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍ പാടില്ല. റെഡ് കാറ്റഗറിയില്‍ പെട്ട വ്യവസായങ്ങള്‍ക്കും അനുമതി ഇല്ല.