കൊച്ചി: അഭിഭാഷകരുടെ ബഹിഷ്‌കരണ സമരത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. കോട്ടം ഗൗണും ഇട്ട് സമരം ചെയ്യുന്നത് തെറ്റാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ.ബി കോശി അഭിപ്രായപ്പെട്ടു.
അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് സമരത്തില്‍ നിന്നും പിന്മാറണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ബഹിഷ്‌കരണം അഭിഭാഷകര്‍ക്കു ചേര്‍ന്നതല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി നടപടികള്‍ ബഹിഷ്‌കരിക്കുന്നത് തെറ്റാണ്. കാരണം അഭിഭാഷകവൃത്തിയെന്നത് നോബിള്‍ പ്രഫഷനാണ്. അതിന്റെ പവിത്രത അഭിഭാഷകര്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങള്‍ അനാവശ്യമായിരുന്നു. ഒരു പ്രശ്‌നം നടന്നു. അതില്‍ കേസെടുത്തിട്ടുണ്ട്. കേസ് കോടതിയിലാണ്. പോലീസ് അന്വേഷണം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അതിന്റെ പേരില്‍ ഇത്രവലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തും തെറ്റുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ആദ്യം സമരം ചെയ്തു. രണ്ടാമത് വീണ്ടും കോടതിക്കരികെ ധര്‍ണ നടത്താന്‍ പോകരുതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൗണും കോട്ടും ഇട്ട് അഭിഭാഷര്‍ സമരം ചെയ്യുന്നത് ശരിയല്ല. തമിഴ്‌നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ ഇത്തരം സമരങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഹൈക്കോടതിക്കു മുമ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനു പിന്നാലെ ഇന്ന് സംസ്ഥാന വ്യാപകമായി കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അഭിഭാഷകര്‍. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്.
യുവതിയെ പൊതുവഴിയില്‍ കടന്നു പിടിച്ചെന്ന പരാതിയില്‍ ഗവ. പ്ലീഡര്‍ ധനേഷ് മാത്യുവിനെതിരേ പോലീസ് കേസെടുത്തതിലും അതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിലും പ്രതിഷേധിച്ചാണ് ഒരു സംഘം യുവ അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്കുനേരേ തിരിഞ്ഞത്. ചൊവ്വാഴ്ചയും സംഘര്‍ഷം നടന്നിരുന്നു.
ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ വനിതാ പത്രപ്രവര്‍ത്തകരടക്കമുള്ളവരെ മണിക്കൂറുകളോളം ബന്ദികളാക്കി. കോടതി വളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും കോടതിയിലെ മീഡിയ റൂമില്‍ അതിക്രമിച്ചു കയറി വാതില്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.