നഴ്‌സസ് സമരത്തെ ഒറ്റിക്കൊടുത്ത മാധ്യമങ്ങളെക്കുറിച്ച് ജാസ്മിന്‍ ഷാ
Dool Talk
നഴ്‌സസ് സമരത്തെ ഒറ്റിക്കൊടുത്ത മാധ്യമങ്ങളെക്കുറിച്ച് ജാസ്മിന്‍ ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2012, 8:44 pm

jasmin-shah, kerala nurses, united nurses association

വര്‍ഷങ്ങളായി നടന്ന നീതി നിഷേധത്തിനെതിരെ സമൂഹവും ഭരണകൂടവും കണ്ണടച്ചപ്പോള്‍ അവര്‍ക്ക് സ്വയം സമര മുഖത്തേക്കിറങ്ങേണ്ടി വന്നതാണ്. ഒരു കൊടിക്കൂറയും അവരെ മുന്നില്‍ നിന്ന് സഹായിക്കാനുണ്ടായില്ല. പിറകെയുമില്ല. സമരങ്ങളെ ആഘോഷങ്ങളാക്കുന്ന മാധ്യമങ്ങളും കണ്ണടച്ചു. ചില പത്ര മുത്തശ്ശിമാര്‍ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പക്ഷെ അവരുടെ ഇച്ഛാ ശക്തിക്കു തോല്‍ക്കാന്‍ കഴിയില്ലായിരുന്നു. അങ്ങിനെ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് പോലും അവരുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കീഴില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തുന്ന അവകാശ സമരം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും. പോരാടാനുള്ളത് വന്‍ സാമ്രാജ്യങ്ങള്‍ക്കെതിരെയാണെന്നറിഞ്ഞിട്ടും വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറായി സംസ്ഥാനത്തൊട്ടുക്കും ഓടി നടന്ന് യൂണിയന്‍ രൂപീകരിച്ച് സമരത്തിന് നേതൃത്വം കൊടുത്തു യു.എന്‍.എ.

പുതിയ കാലത്തെ അവകാശപ്പോരാട്ടങ്ങളുടെ മാര്‍ഗ്ഗരേഖയായി മാറിയ നഴ്‌സസ് സമരത്തെക്കുറിച്ച് സമര നേതാവ് ജാസ്മിന്‍ ഷാ ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.


നഴ്‌സുമാരുടെ പല പ്രശ്‌നങ്ങളും യു.എന്‍.എ ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ സമരത്തിലൂടെയും അല്ലാതെയും. ചില സ്ഥലങ്ങളില്‍ സമരം നടന്നുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ സമരത്തെ എങ്ങനെ വിലയിരുത്തുന്നു?

സമരം എന്നത് യു.എന്‍.എയുടെ ലക്ഷ്യമല്ല. പക്ഷെ ചിലകാര്യങ്ങളില്‍ അത് അത്യാവശ്യമാവുകയാണ് ചെയ്തത്. കേരളത്തിലെ 447 ആശുപത്രികളില്‍ ഞങ്ങള്‍ക്ക്
യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ആശുപത്രി മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. അവര്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കും. അതിനൊരു നിശ്ചിത ദിവസത്തെ സമയവും നല്‍കും. അതിനുശേഷവും തീരുമാനമുണ്ടായിട്ടില്ലെങ്കിലാണ് സമരവുമായി മുന്നോട്ടുപോകുന്നത്.

അമൃതയില്‍ മാത്രമാണ് ഡിമാന്റ് നോട്ടീസ് നല്‍കാതെ സമരം നടത്തിയത്. നഴ്‌സുമാര്‍ സമരത്തിന് തയ്യാറാവുകയാണെന്ന് തോന്നിയപ്പോള്‍ അവര്‍ ഗുണ്ടകളെ വിട്ട് അടിപ്പിച്ചു. ആ അടിയന്തരസാഹചര്യത്തില്‍ മാത്രമാണ് നോട്ടീസ് നല്‍കാതെ സമരം നടത്തിയത്. പെരിന്തല്‍മണ്ണ എം.ഇ.എസില്‍ ഞങ്ങള്‍ നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ വാങ്ങാന്‍ തയ്യാറായില്ല. ലേബര്‍ ഓഫീസര്‍ ഇടപെട്ടാണ് നോട്ടീസ് കൈപ്പറ്റിയത്. അങ്ങനെ ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ എല്ലാ സമരങ്ങളും നടത്തിയത് കൃത്യമായ നടപടി ക്രമങ്ങളിലൂടെയാണ്.

മറ്റ് ആശുപത്രികളിലും പ്രശ്‌നം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനാവശ്യമായ നടപടികള്‍ എടുക്കുന്നുണ്ട്. കേരളത്തിലെ നഴ്‌സുമാര്‍ക്ക് മുഴുവന്‍ അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണം. അതാണ് യു.എന്‍.എ ലക്ഷ്യമിടുന്നത്.

തൃശൂരിലെ അശ്വിന്‍, അമല പോലുള്ള ആശുപത്രി മാനേജ്‌മെന്റുകള്‍ ഞങ്ങള്‍ക്കുവേണ്ട എല്ലാസഹായവും നല്‍കിയിട്ടുണ്ട്. നഴ്‌സുമാരുടെ എന്ത് പ്രശ്‌നത്തിലും തീരുമാനമെടുക്കുന്നത് ഞങ്ങളോട് കൂടി ആലോചിച്ചാണ്. സാമുദായിക സംഘടനകള്‍ നടത്തുന്ന മാനേജ്‌മെന്റുകളാണ് യു.എന്‍.എയെശക്തമായി എതിര്‍ക്കുന്നത്.

നിങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. ചിലരുടെ ഭാഗത്ത് നിന്നുണ്ടായ ഒന്നോ രണ്ടോ പ്രസ്താവനകളൊഴിച്ചാല്‍ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തെ അവഗണിച്ചുവെന്ന് പറയാം. എന്തുകൊണ്ടായിരിക്കാം ഈ നിലപാടെടുത്തത്.?

കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളുടെ മാനേജ്‌മെന്റുമായും നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബന്ധമുണ്ട്. ക്രിസ്റ്റ്യന്‍മാനേജ്‌മെന്റിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ ഭയക്കുന്നുണ്ട്. ക്രിസ്റ്റ്യന്‍ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭയമാവാം അതിന് പിന്നില്‍. എന്നിരുന്നാലും സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും നല്ല
പിന്തുണ ഞങ്ങള്‍ക്കുണ്ട്. അവരെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കുറവാണ്.

പ്രശ്‌നങ്ങളുണ്ടാവുന്ന ആശുപത്രിയില്‍ ഇടപെടുകയെന്നല്ലാതെ സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് സംസ്ഥാനതലത്തില്‍ ഒരു പരിഹാരം കാണാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ല. അതിനെക്കുറിച്ച്?

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഞങ്ങളും ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ നിയനിര്‍മാണം നടത്താന്‍ അവര്‍ തയ്യാറാവുന്നില്ല. എന്നിട്ട് ഞങ്ങള്‍ നഴ്‌സുമാരുടെ കൂടെയുണ്ട് എപ്പോഴും പറയുകയും ചെയ്യും.

നേരത്തെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആശുപത്രികളില്‍ പരിശോധന നടത്തുന്ന സമയത്ത് പ്രാദേശിക നേതാക്കള്‍ മുതല്‍ ഉന്നതര്‍വരെ വിളിച്ച് മാനേജ്‌മെന്റിനുവേണ്ടി സംസാരിക്കാറുണ്ടായിരുന്നെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ യു.എന്‍.എ ഈ പ്രശ്‌നത്തില്‍ ഇടപെടലുകള്‍ നടത്തിയതോടെ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉണ്ടാവുന്നില്ലെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

ഇപ്പോള്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്ക് നല്ല പിന്തുണയുണ്ട്. പക്ഷെ സമരമുണ്ടാവുന്ന ആശുപത്രികളിലെ പ്രശ്‌നം പരിഹരിക്കുക എന്നല്ലാതെ അതില്‍ നിന്നും മുന്നോട്ടുപോകാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്‌തോ. ഞങ്ങള്‍ക്കതൊന്നും പ്രശ്‌നമല്ലയെന്ന നിലപാടിലാണ് ചില മാനേജ്‌മെന്റ്. അടുത്തിടെ ലേക്ക്‌ഷോര്‍ ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കാനെത്തിയ സംസ്ഥാന ലേബര്‍ ഓഫീസറുടെ മുന്നില്‍് ആശുപത്രി മാനേജ്‌മെന്റിലെ ഒരാള്‍ പേപ്പര്‍വലിച്ച് കീറി ദേഷ്യത്തോടെ പോവുകയാണുണ്ടായത്.

മിനിമം വേജസ് നല്‍കാത്ത ആശുപത്രി മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്ന കോടതി ഉത്തരവ് മാനേജ്‌മെന്റ് ഇടപെട്ട് സ്‌റ്റേ ചെയ്യിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ലേബര്‍ ഓഫീസറുമായി നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് ഇങ്ങനെയൊരു സ്‌റ്റേ നിലനില്‍ക്കുന്ന കാര്യം തന്നെ സര്‍ക്കാര്‍ അറിയുന്നത്. ഈ സ്‌റ്റേയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

നഴ്‌സുമാരെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ ഡോ.ബലരാമന്‍ അധ്യക്ഷനായി കമ്മീഷന്‍ വെച്ചിരിക്കയാണ്.  കമ്മീഷനില്‍ വിശ്വാസമുണ്ടോ?

ബലരാമന്‍ കമ്മീഷനില്‍ വിശ്വാസമൊക്കെയുണ്ട്. പക്ഷെ കമ്മീഷന്‍ അംഗങ്ങളില്‍ ചിലര്‍ക്ക് ചില ആശുപത്രിമാനേജ്‌മെന്റുമായി ബന്ധമുണ്ടെന്ന സംശയമുണ്ട്. ഇതൊരു പ്രശ്‌നമാണ്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം തുടങ്ങുന്നുണ്ടോ?

ബേബിയിലെ മാനേജ്‌മെന്റിന് നാളെ നോട്ടീസ് നല്‍കും. ഇവിടുത്തെ പ്രധാനപ്രശ്‌നം ജോലിസമയമാണ്. പന്ത്രണ്ടും പതിനഞ്ചും മണിക്കൂറാണ്
ഒരാളെക്കൊണ്ട് ജോലിചെയ്യിക്കുന്നത്. നൈറ്റ് ഡ്യൂട്ടിയെന്ന് പറയുന്നത് വൈകുന്നേരം അഞ്ച് മുതല്‍ രാവിലെ ഒമ്പത് മണിവരെയാണ്. പത്ത് ദിവസം ഇങ്ങനെ
ജോലിചെയ്യണം.

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ള ഹോസ്പിറ്റലാണ് ബേബി. അതുപ്രകാരം നാല് രോഗിയ്ക്ക് ഒരു നഴ്‌സ് എന്ന നിലയിലാണ് വേണ്ടത്. എന്നാല്‍ ഇവിടെ
പതിനാലും പതിനഞ്ചും രോഗികളെയാണ് ഒരു നഴ്‌സ് നോക്കേണ്ടത്.

ശമ്പളവും പ്രശ്‌നം തന്നെയാണ്. അഞ്ചും ആറും വര്‍ഷം എക്‌സിപീരിയന്‍സുള്ള നഴ്‌സുമാര്‍ക്ക് 6,000 രൂപയാണ് നല്‍കുന്നത്. അതേസമയം ഇപ്പോള്‍ ഞങ്ങള്‍
സമരത്തിന് ഒരുങ്ങുന്നുവെന്ന സൂചനലഭിച്ചപ്പോള്‍ ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ശമ്പളം ഉയര്‍ത്തി നല്‍കി ഒരു വേര്‍തിരിവ് സൃഷ്ടിക്കാനും ശ്രമംനടത്തിയിട്ടുണ്ട്. ഇവിടുത്തെ മാനേജ്‌മെന്റ് നഴ്‌സുമാരെ അടക്കി ഭരിക്കുകയാണ്.

അടുത്തിടെ മഴവില്‍ മനോരമയിലെ ചര്‍ച്ചാ പരിപാടിയായ “സമദൂര”ത്തില്‍ നഴ്‌സസ് സമരം ചര്‍ച്ച ചെയ്തത് മാനേജ്‌മെന്റിന്റെ നിലപാടുകളെ ഉയര്‍ത്തിക്കാട്ടാനാണെന്ന ആരോപണം നിങ്ങള്‍ ഉയര്‍ത്തിയിരുന്നല്ലോ?

ആ പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് മൂത്തൂറ്റ് പാപ്പച്ചനാണ്. മുത്തൂറ്റ് ആശുപത്രിയില്‍ ഞങ്ങള്‍ നേരത്തെ സമരം നടത്തിയിരുന്നു. ഈ പരിപാടിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന പേരില്‍ കൊണ്ടിരിത്തിയത് ഞങ്ങളിതുവരെ പേരുപോലും കേള്‍ക്കാത്ത ഒരാളെയാണ്. നഴ്‌സുമാരുടെ സമരത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെയാണ് പൊതുജനങ്ങളാണ് അവതരിപ്പിച്ചത്. ഇവരെ എല്ലാവരെയും കൊണ്ട് രോഗികളെ വലയ്ക്കുന്നതാണ് നഴ്‌സുമാരുടെ സമരം എന്ന് വരുത്തി തീര്‍ക്കാനാണ് മനോരമ ശ്രമിച്ചത്. ഞങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരം തന്നില്ല. മാനേജ്‌മെന്റിന് അത് ധാരാളം നല്‍കുകയും ചെയ്തു.

ഒരുഘട്ടത്തില്‍ ചര്‍ച്ച തീര്‍ത്തും ഏകകക്ഷീയമായപ്പോള്‍ ഞങ്ങള്‍ ഇറങ്ങിപ്പോകാന്‍ തുടങ്ങിയതാണ്. എന്നാല്‍ ശ്രീകണ്ഠന്‍നായര്‍ ഇടപെട്ട് തടയുകയാണുണ്ടായത്. കഴിഞ്ഞദിവസം ഇതേ വിഷയത്തില്‍ അവര്‍ നടത്തിയ ര്‍ച്ചയില്‍ ഞങ്ങളെയെല്ലാവരെയും ഒഴിവാക്കുകയും ചെയ്തു.

നഴ്‌സുമാരുടെ സമരം രോഗികളെ വലയ്ക്കാനല്ല. രോഗികള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പുവരുത്താനാണ്. സമരംകൊണ്ട് രോഗികള്‍ക്ക് പ്രശ്‌നമുണ്ടാവുകയാണെങ്കില്‍
അതിന് ഉത്തരവാദികള്‍ മാനേജ്‌മെന്റാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് പരിഗണിക്കാത്തതാണ് ഞങ്ങള്‍ സമരം ചെയ്യാന്‍ കാരണം.

ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷനും(ഐ.ആര്‍.എന്‍.എ) നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ
വിലയിരുത്തുന്നു. അവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?

ഹൈബി ഈഡന്‍.എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഹൈബി ഈഡന്‍ ഐ.എന്‍.ടി.യു.സിയില്‍ ആളെ ചേര്‍ക്കാന്‍ വേണ്ടി രൂപംകൊടുത്ത സംഘടനയാണത്. ആ സംഘടനയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സവിത ഇപ്പോള്‍ യു.എന്‍.എ സംസ്ഥാന കമ്മിറ്റിയംഗമാണ്.

അവര്‍ ആദ്യം സമരം നടത്തിയ കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ പേരിനൊരു പരിഹാരം ഉണ്ടാക്കുകമാത്രമാണ് ചെയ്തത്. കടവൂര്‍ ശിവദാസനുമായി വെള്ളാപ്പള്ളി നടേശന്‍ ഫോണിലൂടെ സംസാരിച്ചാണ് സമരം പരിഹരിച്ചത്. ഒരു തൊഴില്‍പ്രശ്‌നം ഉണ്ടായാല്‍ അത് ഒത്തുതീര്‍ക്കേണ്ടത് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ്. അത് രേഖാമൂലം ഒത്തുതീര്‍പ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ സമരം നടത്തിയ കെ.എം.സി.ടി യില്‍ പഞ്ചായത്ത് പ്രസിഡന്റാണ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇടുക്കി പൈങ്കുളത്ത് നടത്തിയ സമരത്തില്‍ പോലീസ് മര്‍ദ്ദനമുണ്ടായത് സമരത്തിന് വാര്‍ത്താ പ്രധാന്യം ലഭിക്കുന്നതിനുവേണ്ടി മനപൂര്‍വ്വം ചെയ്യിച്ചതാണോയെന്ന് സംശയമുണ്ട്.

ഇവരുമായി യാതൊരു തരത്തിലും യോജിച്ച് പ്രവര്‍ത്തിക്കാനാവില്ല. യു.എന്‍.എ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമാകേണ്ടെന്ന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സംഘടനയില്‍ കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കാരനും സി.പി.ഐ.എമ്മുകാരനുമൊക്കെയുണ്ട്.

സമരങ്ങള്‍ ഓര്‍ഗസൈസ് ചെയ്യുന്നതും നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്യുന്നത് പുരുഷ നഴ്‌സുമാരായതുകൊണ്ട് പുരുഷനഴ്‌സുമാരെ
ജോലിക്കെടുക്കാന്‍ ആശുപത്രികള്‍ മടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനെക്കുറിച്ച്?

കുറച്ചുകാലമായി ഇത് നടക്കുന്നുണ്ട്. യു.എന്‍.എ അടുത്തഘട്ടത്തില്‍ മുന്നോട്ടുവയ്ക്കാന്‍ പോകുന്ന ആവശ്യമിതാണ്.  എല്ലാ ആശുപത്രികളിലും 35% പുരുഷസംവരണം ഞങ്ങള്‍ നിര്‍ബന്ധിതമാക്കും.

സമരത്തോട് രോഗികളുടെയും ഡോക്ടര്‍മാരുടെയും നിലപാട് എന്തായിരുന്നു?

രോഗികള്‍ ഞങ്ങളോട് പൂര്‍ണമായി സഹകരിച്ചു. ഐ.എം.എ തികച്ചും പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്കുവേണ്ട എല്ലാ സഹായങ്ങളും പിന്നില്‍ നിന്ന് നല്‍കിയിട്ടുണ്ട്. സമരം തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് തന്നെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ഒഴിവാക്കിയും, ചികിത്സയില്‍ കഴിയുന്ന രോഗികളെ പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തും അവര്‍ ഞങ്ങളെ സഹായിച്ചു. പ്രത്യക്ഷമായി അവര്‍ക്ക് ഞങ്ങളെ സഹയിക്കാന്‍ കഴിയില്ല.

സമരത്തോട് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്?

മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ മലയാള മനോരമ സമരത്തെ പൂര്‍ണമായി അവഗണിച്ചു. മാതൃഭൂമി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെറുതാക്കി നല്‍കി. പ്രിന്റ്
മാധ്യമങ്ങളില്‍ മാധ്യമവും, ദേശാഭിമാനിയും ഏറെ സഹായിച്ചിട്ടുണ്ട്. വിഷ്വല്‍മീഡിയയില്‍ ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും നന്നായി സഹായിച്ചു.

ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് യു.എന്‍.എയ്ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നല്‍കിയത്. ഫെയ്‌സ്ബുക്കും ഏറെ സഹായിച്ചു. പുതിയ കാലത്ത്
പത്രങ്ങളെക്കാളും ജനങ്ങള്‍ വായിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. യു.എന്‍.എയെ കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പക്കാന്‍ സാധിച്ചത്
ഫെയ്‌സ്ബുക്കിലൂടെയാണ്.

Malayalam news

Kerala news in English