ഇറാനില്‍ ചലച്ചിത്രനടിക്ക് ജയില്‍ ശിക്ഷയും ചാട്ടയടിയും. നടി മാര്‍സി വഫാമെറിനെയാണ് ഇറാനിയന്‍ കോടതി ശിക്ഷിച്ചത്. ഒരു ചിത്രത്തില്‍ തട്ടമിടാതെ പ്രത്യക്ഷപ്പെട്ടതിനാണ് വഹാമെറിന് ഒരു വര്‍ഷത്തെ തടവും 90 ചാട്ടയടിയ്ക്കും ശിക്ഷിച്ചത്.
“മൈ ടെഹ്‌റാന്‍ ഫോര്‍ സെയില്‍” എന്ന ഓസ്‌ത്രേലിയന്‍ ചിത്രത്തില്‍ അഭിനയിച്ചതാണ് നടിയ്ക്ക് പ്രശ്‌നമായത്. ചിത്രത്തില്‍ പരമ്പരാഗത വേഷമായ ഹിജാബ് ധരിക്കാതെയാണ് നടി പ്രത്യക്ഷപ്പെട്ടത്.
ഇറാനിയന്‍- ഓസ്‌ത്രേലിയന്‍ സംവിധായകന്‍ ഗ്രനാസ് മൗസാവിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അമിതമായി പടിഞ്ഞാറന്‍ രീതികളെ പിന്‍തുടരുന്ന ഒരു നടിക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്. “മൈ ടെഹ്‌റാന്‍ ഫോര്‍ സെയില്‍” ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.
മാര്‍സിയെ ശിക്ഷിച്ച നടപടിയെ ഓസ്‌ത്രേലിയന്‍ വിദേശമന്ത്രി കെവിന്‍ റബ്ബ് അപലപിച്ചു. നടിയ്‌ക്കെതിരായ നടപടി തങ്ങളെ ഞെട്ടിച്ചെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.
“മൈ ടെഹ്‌റാന്‍ ഫോര്‍ സെയില്‍” ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ് ഇന്‍സൈഡ് ഫിലിം അവാര്‍ഡ് നേടിയിരുന്നു. ചിത്രത്തിനെതിരെ ഇറാനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് മാര്‍സി വഫാമെര്‍ ടെഹ്‌റാനില്‍ അറസ്റ്റിലായത്.