ചെങ്ങറ സമര ഭൂമിയില്‍ സാധുജന വിമോചന സംയുക്ത വേദിയുടെ സമരത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന വ്യക്തിയാണ് സലീന പ്രക്കാനം. എന്നാല്‍ സംയുക്തവേദി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച അവര്‍ ഇപ്പോള്‍ ഡി എച്ച് ആര് എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഡി എച്ച് ആര് എമ്മില്‍ അംഗമാവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സലീന ഡൂള്‍ ന്യൂസ്.കോമുമായി സംസാരിക്കുന്നു.
ചെങ്ങറ സമരഭൂമിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം?
ദളിത് സമമൂഹത്തിന്റെ മുന്നേറ്റമെന്ന ആശയവുമായാണ് സാധുജന വിമോചന സംയുക്ത വേദി രൂപീകരിക്കപ്പെടുന്നത്. ദളിതുകള്‍ എക്കാലവും രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കപ്പെടുന്നതെന്നുള്ള ബോധ്യമായിരുന്നു ഇതിന് കാരണം. അങ്ങിനെയാണ് ദളിതന് ഭൂമിയെന്ന ആശയവുമായി ചെങ്ങറയില്‍ സമരം തുടങ്ങിയത്. സമരത്തിനൊടുവില്‍ സര്‍ക്കാര്‍ വിവിധ സ്ഥലങ്ങളില്‍ ഭൂമി തരാമെന്ന് പറഞ്ഞു. അവിടെ പോയി താമസിക്കുക എന്നതാണ് പിന്നീട് ചെയ്യാനുള്ളത്. എന്നാല്‍ സമരഭൂമിയില്‍ തന്നെ തുടരാനാണ് ളാഹഗോപാലന്റെ തീരുമാനം. ചെങ്ങറയില്‍ മാത്രം നിന്നുകൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരാവശ്യം നേടിയാല്‍ അടുത്ത ആവശ്യം വരും. ആവശ്യങ്ങള്‍ നേടുകയല്ല, അവകാശങ്ങള്‍ നേടുകയാണ് വേണ്ടത്. അങ്ങിനെയെങ്കില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി കെഞ്ചേണ്ടി വരില്ല.
എന്നാല്‍ സര്‍ക്കാര്‍ നല്കിയ ഭൂമി വാസ യോഗ്യമല്ലെന്നും അതുകൊണ്ടാണ് ചെങ്ങറ ഉപേക്ഷിച്ച് പോകാത്തതെന്നാണ് ളാഹ ഗോപാലന് പറയുന്നത്.
1975 മുതല്‍ സര്‍ക്കാര്‍ ദളിതര്‍ക്ക് പലയിടങ്ങളിലായി പട്ടയം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം ഭൂമികള്‍ വാസ യോഗ്യമല്ലെന്ന വ്യാപക പ്രചാരണമാണ് പിന്നീട് നടക്കുന്നത്. അത് ശരിയാണെന്ന് കരുതി ദളിതന് ആ ഭൂമിയിലേക്ക് പോകാതിരിക്കും. പിന്നീട് ഭൂമി, മാഫിയകളുടെ കയ്യിലാവുകയും ചെയ്യും. പട്ടയം നല്കിയ ഭൂമിയില്‍ എന്താണ് പോരായ്മയെന്ന് നേരിട്ട് പോയി മനസിലാക്കാന്‍ സമര നേതൃത്വം തയ്യാറായിട്ടില്ല. അതാണ് പ്രശ്നം
ഡി എച്ച് ആര് എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുണ്ടായ സാഹചര്യം?
ചെങ്ങറ സരമ ഭൂമിയിലായിരുന്നപ്പോള്‍ ഡി എച്ച് ആര് എം ഒരു തീവ്രവാദ സംഘടനയാണെന്നായിരുന്നു ഞാന്‍ മനസിലാക്കിയത്. പിന്നീട് ഇതെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. ദളിത് സമൂഹത്തിന്റെ മുന്നേറ്റത്തിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡി എച്ച് ആര് എം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കുകയും 5000ത്തോളം വോട്ട് വാങ്ങുകയും ചെയ്തിരുന്നു. ഇത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ശരിക്കും അങ്കലാപ്പിലാക്കിയിട്ടുണ്ട്. സ്വന്തം കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നുവെന്ന തിരിച്ചറിവാണ് ഡി എച്ച ആര് എമ്മിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്. ഈ രാഷ്ട്രയ മുന്നേറ്റം ഭയന്നാണ് സംഘടനക്കെതിരെ തീവ്രവാദ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോള്‍ ജനിച്ച് വീഴുന്ന ഓരോ ദളിത് കുഞ്ഞിനെ പോലും തീവ്രവാദിയായാണ് ചിത്രീകരിക്കുന്നത്. വര്‍ക്കല കൊലപാതകക്കേസിലെ പ്രതികളെ മുഴുവന്‍ ഞാന്‍ നേരിട്ട് കണ്ടതാണ്. അവര്‍ കേസില്‍ നിരപരാധികളാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ഡി എച്ച് ആര് എമ്മിനെക്കുറിച്ചുള്ള ആരോപണം വളരെ രഹസ്യ സ്വഭാവത്തോടു കൂടിയാണ് അതിന്റെ പ്രവര്‍ത്തനമെന്നാണ്. പ്രത്യേക ക്ലാസുകള്‍ നടക്കുന്നു, കായിക പരിശീലനം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളുമുണ്ട്. സംഘടനയില്‍ എത്തിയ ശേഷം നിങ്ങള്‍ക്ക് അത്തരത്തില്‍ വല്ല പരിശീലനവും ലഭിച്ചിരുന്നോ?
ഇത് തെറ്റായ പ്രചാരണങ്ങളാണ്. സംഘടന അംഗങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് നടത്തുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. രാത്രി സമയങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഇവിടെ ദളിത് ചരിത്രമാണ് പഠിപ്പിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള തിരിച്ചറിവാണ് അംഗങ്ങള്‍ക്ക് നല്‍കുന്നത്. ഈ തിരിച്ചറിവൂടെ മാത്രമേ ദളിതന് ഉണരാനാവൂവെന്ന് സംഘടന മനസിലാക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും അധികാരം നേടുന്നതിലൂടെയും മാത്രമേ ദളിതന് വളരാവൂ.
ഡി എച്ച് ആര് എമ്മിലെത്തിയ ശേഷം എന്തെങ്കിലും എതിര്‍പ്പുകള്‍ നേരിട്ടിരുന്നോ?, പോലീസിന്റെ ഭാഗത്ത് നിന്നും മറ്റും
ഒരു പാട് ഫോണ്‍ വിളികള്‍ വന്നിരുന്നു. സംഘടനയില്‍ ചേര്‍ന്നതിന് പലരും ഭീഷണിപ്പെടുത്തി. അറിവില്ലാത്തതിന്റെ പേരിലാണ് ഇത്തരം എതിര്‍പ്പുകളെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് തനിക്ക് നേരെ ഇതുവരെ ഉപദ്രവമൊന്നുമുണ്ടായിട്ടില്ല.
തയ്യാറാക്കിയത്: കെ എം ഷഹീദ്