‘സ്വവര്‍ഗലൈംഗികത എങ്ങനെ പ്രകൃതിവിരുദ്ധമാകും’ – സുപ്രീംകോടതി
India
‘സ്വവര്‍ഗലൈംഗികത എങ്ങനെ പ്രകൃതിവിരുദ്ധമാകും’ – സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2012, 9:59 am

ന്യൂദല്‍ഹി: സ്വവര്‍ഗലൈംഗികത എങ്ങനെയാണ് പ്രകൃതിവിരുദ്ധമാകുന്നതെന്ന് സുപ്രീംകോടതി. സ്വവര്‍ഗലൈംഗികത സംബന്ധിച്ച നിയമങ്ങള്‍ക്കെതിരെ സ്വവര്‍ഗരതി വിരുദ്ധ അവകാശ സംഘടനകള്‍ നല്‍കിയ ഹരജി പരിശോധിക്കവരെയാണ് കോടതിയുടെ ഈ ചോദ്യം.

“എന്താണ് സ്വവര്‍ഗ്ഗലൈംഗികത? അത് പ്രകൃതിവിരുദ്ധമാണെന്ന് വിശദീകരിക്കുവാന്‍ കഴിവുള്ള വിദഗ്ധന്‍ ആരാണ്? ” സ്വര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അമരേന്ദ്ര സരണ്‍ സമര്‍പ്പിച്ച ഹരജി പരിശോധിച്ച് കോടതി ചോദിച്ചു. ജി.എസ് സിംഗ്‌വി, ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

“മറ്റൊരു സ്ത്രീക്കുവേണ്ടി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന സ്ത്രീയും ടെസ്റ്റ് ട്യൂബ് ശിശുവും പ്രകൃതിവിരുദ്ധരാണോ?–ദല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റിനുവേണ്ടി ഹാജരായ സരണിനോട് കോടതി ആരാഞ്ഞു.

കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഭരണഘടനയുടെ വ്യാഖ്യാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ വെളിച്ചത്തില്‍ വേണം നാം ഈ പ്രശ്‌നത്തെ കാണാനെന്നും ബഞ്ച് പറഞ്ഞു. സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്ന ദല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരെ സ്വവര്‍ഗരതി വിരുദ്ധ അവകാശ സംഘടനയും മറ്റ് സാമൂഹ്യ, രാഷ്ട്രീയ, മത സംഘടനകളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സ്വവര്‍ഗരതി നിയമവിരുദ്ധവും, അധാര്‍മ്മികവും ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.പി സിംഗാല്‍ മുന്നോട്ടുവന്നിരുന്നു. വിധിയ്‌ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മതസംഘടനകളായ ഓള്‍ ഇന്ത്യ മുസ്‌ലീം ചൈല്‍ഡ് റൈറ്റ്, തമിഴ്‌നാട് മുസ്‌ലീം മുന്‍ കഴകം, യോഗ ഗുരു രാംദേവ് എന്നിവരും ഈ വിധിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

അതേസമയം, ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ദല്‍ഹി ഹൈക്കോടതി വിധിയെ പിന്തുണച്ചുകൊണ്ട് നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു.

Malayalam news

Kerala news in English