[]കൊച്ചി: സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് 3 കുട്ടികള്‍ എന്ന രീതിയില്‍ കുടുംബാസൂത്രണം മാറണമെന്ന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബോല.
ബംഗ്ലാദേശില്‍ നിന്നും മറ്റുമുള്ള അനധികൃത കുടിയേറ്റം ഇസ്ലാമടക്കമുള്ള മറ്റ് സമുദായങ്ങളിലെ അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കുന്നുണ്ട്.
ഇതിനെ പ്രതിരോധിക്കണമെങ്കില്‍ ഓരോ ഹിന്ദു കുടുംബവും ചുരുങ്ങിയത് മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കേണ്ടതുണ്ടെന്ന് ഹോസബോല പറഞ്ഞു.
കുടുംബാസൂത്രണം ഒരു പ്രത്യേക സമുദായത്തിന് മാത്രം പോര. ഹിന്ദു സമുദായത്തില്‍ ആറ് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 15% ആണെന്നും അതേ സമയം ഇസ്‌ലാമിലേക്ക് വരുമ്പോള്‍ ഇത് 18% ആണെന്നും ഹോസബോല ചൂണ്ടിക്കാട്ടി.
മത പരിവര്‍ത്തനം ജനസംഖ്യാപരമായ വ്യതിയാനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരേണ്യ ഹിന്ദു സമുദായങ്ങള്‍ കുടുംബാസൂത്രണം പുനപരിശോധനക്ക് വിധേയമാക്കണം.
യുവാക്കളുടെ എണ്ണത്തില്‍ വരുന്ന കുറവ് ഹിന്ദു സംഘടനകളുടെ അംഗത്വത്തെയും സാരമായി ബാധിക്കുന്നു. ഹോസബോല വ്യക്തമാക്കി.
ആര്‍.എസ്.എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹോസബോല.