Advertisement
Kerala
ടോള്‍പിരിവിനെതിരെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം: തൃശൂരില്‍ ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Feb 25, 03:52 am
Saturday, 25th February 2012, 9:22 am

തൃശൂര്‍: ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ ബി.ജെ.പി നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.

കൊടുങ്ങല്ലൂരില്‍ കോതപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ഒഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പോലീസ് ലാത്തിചാര്‍ജില്‍  മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 15 പ്രവര്‍ത്തകര്‍ക്കും മൂന്നു സി.ഐമാര്‍ ഉള്‍പ്പടെ പത്ത് പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകനും പരുക്കേറ്റിരുന്നു. പരുക്കേറ്റ ശോഭാസുരേന്ദ്രന്‍ എലൈറ്റ് ആശുപത്രിയിലും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്‍, ജില്ലാസമിതിയംഗം ബേബി കിടായി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍ എന്നിവര്‍ ജൂബിലി ആശുപത്രിയിലും ചികിത്സയിലാണ്.

സി.ഐ. പി.എസ് സുരേഷ്, പുതുക്കാട് എസ്.ഐ.എം സുനില്‍കൃഷ്ണന്‍, ദീപിക ലേഖകന്‍ എ.ജെ ജാക്‌സന്‍ എന്നിവരാണ് പരുക്കേറ്റ് മറ്റുള്ളവര്‍.  ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ടോള്‍ പിരിവിനെതിരെ ബി.ജെ.പി നടത്തിയ ഉപരോധമാണ് അക്രമാസക്തമായത്.

Malayalam news

Kerala news in English