India
ഗുജറാത്ത് കലാപത്തില്‍ മോഡിയെ കുറ്റപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരം: രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 01, 10:53 am
Sunday, 1st September 2013, 4:23 pm

[]ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപം ദൗര്‍ഭാഗ്യകരമായിരുന്നെന്ന് ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങ്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പഴിചാരുന്നത് ന്യായമല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസും മറ്റുചില പാര്‍ട്ടികളും ചേര്‍ന്ന് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. []

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. അവിടെയുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണ്. എല്ലാവരും അത് അംഗീകരിക്കും. എന്നാല്‍ സംഭവത്തിന് ഉത്തരവാദി മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് പറയുന്നത് ശരിയല്ല. രാജ്‌നാഥ് സിങ് പറഞ്ഞു.

സംഭവത്തില്‍ പഴി കേള്‍ക്കുന്നതില്‍ മോഡി ദു:ഖിതാനണെന്നും മോഡിയുമായുള്ള വ്യക്തിപരമായ സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും തനിക്കിത് വ്യക്തമായതാണെന്നും രാജ്‌നാഥ് സിങ് പറയുന്നു.

ബി.ജെ.പി ഭരണത്തിന് കീഴില്‍ ഏതെങ്കിലും രീതിയിലുള്ള വിവേചനം നേരിടുന്നുണ്ടോയെന്ന് ഗുജറാത്തിലെ മുസ് ലീങ്ങളോട് ചോദിക്കണം. ബ്രിട്ടീഷ് ഭരണകാലത്തെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്നെയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.