അച്ഛന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; നിറമിഴികളോടെ കാസ്മിയുടെ മകന്‍
India
അച്ഛന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; നിറമിഴികളോടെ കാസ്മിയുടെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2012, 12:36 pm

ന്യൂദല്‍ഹി: ” എന്റെ അച്ഛന്‍ ഏറെ പ്രശസ്തനായ ആളാണ്. 2003ലെ ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യയിലെ ആദ്യത്തെയാളാണ് അദ്ദേഹം. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അക്രഡിറ്റഡ് ജേണലിസ്റ്റാണ്. അദ്ദേഹം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്” സയ്യിദ് മുഹമ്മദ് കാസ്മിയുടെ മൂത്തമകന്‍ ശൗസാബ് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

“ഞങ്ങളുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സ്‌കൂട്ടി കഴിഞ്ഞ രണ്ട് വര്‍ഷമായി അവിടെയുള്ളതാണ്. മീററ്റിലുള്ള എന്റെ അമ്മാവന്റേതാണ് അത്. ചികിത്സയ്ക്കായി ഇവിടെയെത്തിയപ്പോള്‍ യാത്രച്ചിലവ് കുറയ്ക്കാന്‍ വേണ്ടി അദ്ദേഹം വാങ്ങിയതാണത്. അദ്ദേഹം അത് ഞങ്ങളുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തു. അദ്ദേഹം പോയശേഷം ഞങ്ങള്‍ ഒരിക്കല്‍ പോലും അത് ഉപയോഗിച്ചിട്ടില്ല.” ശൗസാബ് പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളാണ് ശൗസാബിനുവേണ്ടി വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. മുതിര്‍ന്നപത്രപ്രവര്‍ത്തകരുടെ സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു.

കാസ്മിയെ ദല്‍ഹി പൊലീസ് പിടികൂടിയ വിവരം ഉടന്‍ കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്‍, പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എന്നിവരെ വിളിച്ചറിയിച്ചിരുന്നുവെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സയ്യിദ് നഖ്വി പറഞ്ഞു. ഇത്തരമൊരു അറസ്റ്റിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ കാത്തിരിക്കുകയായിരുന്നു ദല്‍ഹി പൊലീസ് എന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതു മണിക്ക് ദല്‍ഹി ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചിറങ്ങി ന്യൂദല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്ററിലേക്ക് പോയപ്പോഴാണ് കാസ്മിയെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്തും ഓഖ്‌ല എം.എല്‍.എയുമായ ആസിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചതെന്നു പറഞ്ഞ് ദല്‍ഹി പൊലീസ് കാണിക്കുന്നത് 1500 രൂപപോലും വിലമതിക്കാത്ത പഴയ സ്‌കൂട്ടിയാണെന്നും ഖാന്‍ വ്യക്തമാക്കി.

ഇസ്രായേല്‍ എംബസി കാറിന് നേരെ നടന്ന ബോംബാക്രമണത്തിന്റെ പേരിലാണ് മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ ദല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. കാസ്മിയുടെ അറസ്റ്റിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ദല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് കുറ്റപ്പെടുത്തി.

നീതി ലഭ്യമാക്കുന്നതുവരെ കാസ്മിക്ക് വേണ്ടി യോജിച്ച് പോരാടുമെന്ന് യൂണിയന്റെ ബാനറില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പൊലീസിന്റെ ആരോപണങ്ങള്‍ സ്ഥാപിക്കപ്പെടാത്തിടത്തോളം കാലം കാസ്മിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം ചുമത്തിയത് പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു.

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കൃത്യ നിര്‍വഹണത്തിന് വിവരങ്ങള്‍ ശേഖരിച്ചതിനാണ് കാസ്മിയെ അറസ്റ്റ് ചെയ്തതെന്നത് പത്രപ്രവര്‍ത്തക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് ദല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി എസ്.കെ. പാണ്ഡെ വ്യക്തമാക്കി. പത്രപ്രവര്‍ത്തനരംഗത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയില്‍ ഒരിക്കല്‍പോലും പങ്കാളിയാകാത്ത വ്യക്തിത്വമാണ് കാസ്മിയെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിനും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണിക്കും അയച്ച നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പാണ്ഡെ അറിയിച്ചു.

കബളിപ്പിക്കപ്പെടാവുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പേരുവെളിപ്പെടുത്താതെ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ കൈമാറുന്ന കാസ്മിയെക്കുറിച്ചുള്ള “വെളിപ്പെടുത്തലുകളും” നട്ടുപിടിപ്പിക്കുന്ന ആരോപണങ്ങളും ഔദ്യാഗികമായി കോടതിയില്‍ ഉന്നയിക്കപ്പെടുന്നതുവരെ ഒരു മാധ്യമ സ്ഥാപനവും റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പാണ്ഡെ അഭ്യര്‍ഥിച്ചു.
ചോദ്യംചെയ്തശേഷം വിട്ടയക്കുന്നതിനു പകരം അദ്ദേഹത്തെ 20 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

തനിക്കറിയാവുന്ന വിവരങ്ങള്‍ നല്‍കാന്‍ കാസ്മി സന്നദ്ധനായിരിക്കേ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് അവസാനിപ്പിക്കണം. കാസ്മിക്കെതിരെ അവകാശപ്പെടുന്ന തെളിവുകളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് അദ്ദേഹത്തിന് ജാമ്യാപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കണം. കാസ്മിക്കെതിരെ ചുമത്തിയ കുറ്റം സ്ഥാപിക്കുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാകാത്തിടത്തോളം നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം ചുമത്തിയത് പിന്‍വലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

കാസ്മിയുടെ അറസ്റ്റിനെതിരെ ദല്‍ഹിയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. അന്തര്‍ദേശീയ ലോബിക്കുവേണ്ടിയാണ് കാസ്മിയെ അറസ്റ്റ് ചെയ്തതെന്ന സംശയമുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

മനീഷാ സേഥി, സീമാ മുസ്തഫ, അജിത് സാഹി, അരുന്ധതി റോയ്, പ്രഫ. കമല്‍ മിത്ര ചെനോയ്, മഹ്താബ് ആലം, പ്രഫ. അന്‍വര്‍ ആലം, ശബ്‌നം ഹാഷ്മി, ജാവേദ് നഖ്വി, സഞ്ജയ് കാക്, പ്രഫ. സോഹിനി ഘോഷ്, സാദിഖ് നഖ്വി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. കാസ്മിയുടെ അറസ്റ്റ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രപ്രവര്‍ത്തകനായ ഇഫ്തിഖാര്‍ ഗീലാനിയെ അറസ്റ്റ് ചെയ്തതിന് തുല്യമാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.

Malayalam news

Kerala news in English