തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്തുണക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും, കെപിസിസി അധ്യക്ഷനും രംഗത്ത്. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ഇരുവരും പറഞ്ഞു.
കാസര്‍കോട്ടെ ചില മേഖലകളില്‍ ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടായത് കീടനാശിനി തളിക്കുന്നത് മൂലമാണ് എന്നുതന്നെയാണ് തങ്ങളുടെ അഭിപ്രായം. മാരകകീടനാശിനിയുടെ ഉപയോഗമുലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളിലെ മനുഷ്യരുടെ ജീവിതവും രോഗാവസ്ഥയും വേദനാജനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. മാരകകീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാനകോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പ് കേന്ദ്ര കൃഷി മന്ത്രി ശരത്പവാറിനെ അറിയിക്കുമെന്ന ചെന്നിത്തലയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് കഴിഞ്ഞദിവസമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. കൃഷി മന്ത്രാലയം ഡയറക്ടര്‍ വന്ദന ജെയിന്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രിയും, കെപിസിസി അധ്യക്ഷനും വിയോജിച്ചപ്പുമായ് രംഗത്ത് വന്നത്.