എന്‍ഡോസള്‍ഫാന്‍ ഉല്പാദകര്‍ കോണ്‍ഗ്രസിന് നല്‍കിയത് 50 ലക്ഷം
India
എന്‍ഡോസള്‍ഫാന്‍ ഉല്പാദകര്‍ കോണ്‍ഗ്രസിന് നല്‍കിയത് 50 ലക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th September 2011, 5:14 pm

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ കൊറമാന്റല്‍ ഫര്‍ട്ടിലൈസേഴ്‌സ് എ.ഐ.സി.സിക്ക് ഫണ്ടായി നല്‍കിയത് 50 ലക്ഷം രൂപ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് രേഖകളിലാണ് ഈ വിവരമുള്ളത്.

2008-2009 കാലഘട്ടത്തിലാണ് കമ്പനി 50ലക്ഷം രൂപ സംഭാവനയായി നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയം കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിനെതിരായ നിലപാട് സ്വീകരിച്ചത് അന്ന് വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും കമ്പനികള്‍ക്കനുകൂലമായ നിലപാട് കോടതിയിലും പുറത്തും സ്വീകരിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഡോസള്‍ഫാനെതിരായ കേസുകള്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. അത് ഡൂള്‍ ന്യൂസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഉല്പാദകര്‍ കോണ്‍ഗ്രസിന് നല്‍കിയ ലക്ഷങ്ങളുടെ സംഭാവനയുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

2006 മുതല്‍ 2010 വരെയുള്ള സംഭാവനകളുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളത്. 2008-2009 കാലഘട്ടത്തില്‍ സി.പി.ഐ.എമ്മിന് 25 ലക്ഷം രൂപയും അതിനു മുന്‍പ് 30 ലക്ഷം രൂപയുമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. സി.പി.ഐ.എമ്മിന്റെ ആകെ ആസ്തി 185 കോടി 47 ലക്ഷം രൂപയാണ്. ഇതില്‍ 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയ ഭൂരിപക്ഷം പേരും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് എല്ലാവര്‍ഷവും 1 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്.

സി.പി.ഐയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയിട്ടുള്ളത് സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി എ.ബി ബര്‍ദനാണ്. 10 ലക്ഷം രൂപയാണ് കേരളാഘടകത്തില്‍ നിന്നും സി.പി.ഐയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആകെ ആസ്തി 496കോടി രൂപയാണ്. ഇതില്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയത് എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ കോറമാന്റല്‍ ഫര്‍ട്ടിലൈസേഴ്‌സാണ്.

20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം ഭൂരിപക്ഷംരാഷ്ട്രീയ പാര്‍ട്ടികളും പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഫണ്ടിന്റെ സ്രോതസ്സ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും: രേഖകള്‍ ഡൂള്‍ന്യൂസിന്‌