ഹരിദത്തിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം
Kerala
ഹരിദത്തിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th March 2012, 12:36 pm

കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണം അന്വേഷിച്ച സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പി ഹരിദത്തിനെ എറണാകുളം ഞാറക്കലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഹരിദത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹരിദത്തിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സമ്പത്ത് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഹരിദത്ത് കടുത്ത സമ്മര്‍ദ്ദവും ഭീഷണിയുടെ നേരിട്ടിരുന്നു.

ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ സഹപ്രവര്‍ത്തകരാണെന്ന് ആത്മഹത്യാകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍ബന്ധിച്ച് എല്ലാം ചെയ്യിച്ച് ചതിക്കുഴിയില്‍പ്പെടുത്തിയെന്ന് ഹരിദത്ത് പറയുന്നു. ശ്രീകുമാറിനും ഒരു മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്റെ ആത്മഹത്യയില്‍ പങ്കുള്ളതായി ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ചില കാര്യങ്ങള്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് ഒരുപാട് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

2011 മാര്‍ച്ച് 29നാണ് പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

കേസ് അന്വേഷിച്ച ഫെബ്രുവരിയിലാണ് സമ്പത്ത് കേസിലെ പ്രതിപ്പട്ടിക പ്രഥമ വിവര റിപ്പോര്‍ട്ടിനോടൊപ്പം ഹരിദത്ത് എറണാകുളം സി.ജെ.എം കോടതിയില്‍ ഹയല്‍ ചെയ്തത്. അഡീഷണല്‍ ഡി.ജി.പി മുഹമ്മദ് യാസിന്‍, പാലക്കാട് മുന്‍ എസ്.പി വിജയ്‌സാഖറെ എന്നിവരെയും ഏതാനും പോലീസ് ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തുനിന്ന് നീക്കാന്‍ തന്റെ മേല്‍ പോലീസ് ഉന്നതരുടെ സമ്മര്‍ദം ഉണ്ടായതായി ഹരിദത്ത് ആരോപിച്ചിരുന്നു.

മുഹമ്മദ് യാസിനേയും വിജയ് സാഖറെയേയും അറസ്റ്റ് ചെയ്യാന്‍ ഹരിദത്ത് സിജെഎം കോടതിയില്‍ നിന്ന് അറസ്റ്റ്‌വാറണ്ട് വരെ നേടിയിരുന്നു. എന്നാല്‍, കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായാണ് സി.ബി.ഐ നിലപാട് സ്വീകരിച്ചത്. ഐ.പി.എസ് ഉന്നതരെ അറസ്റ്റ് ചെയ്യാതെ സി.ബി.ഐ വാറണ്ട് കോടതിക്ക് തിരിച്ചു നല്‍കി. സി.ബി.ഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അവരെ തക്കസമയത്ത് അറസ്റ്റുചെയ്യുമെന്ന് പറഞ്ഞ് അന്വേഷണ സംഘം പിന്മാറി. കേസ് പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് സി.ബി.ഐ നിലപാടെടുത്തു. ഇതോടെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപമുയര്‍ന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണ റിപ്പോര്‍ട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഹരിദത്ത് വധ ഭീഷണിയും വധശ്രമവും നേരിട്ടിരുന്നു. ഇക്കാര്യം പരാതിപ്പെട്ട ഹരിദത്തിന് സായുധ പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം കൊണ്ടുതന്നെ സമ്പത്തിന്റെ മരണം ദുരൂഹതയുണര്‍ത്തുന്നതാണെന്നതില്‍ സംശയമില്ല.

ചികിത്സയില്‍ കഴിയുകയായിരുന്ന ഹരിദത്തിന്റെ അമ്മ മകന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചു. ഹരിദത്തിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഹരിദത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെറുതെ ഒരു അന്വേഷണം എന്ന രീതിയില്‍ ഒതുങ്ങിപ്പോകാതെ മരണത്തിനു പിന്നിലുള്ളവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണത്തിന് സാധിക്കണം. സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ആരോപണ വിധേയര്‍ എന്നതിനാല്‍ അന്വേഷണത്തിന്റെ പോക്ക് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Malayalam news

Kerala news in English