അദ്വാനി-മോഡി പോര് മൂര്‍ച്ഛിക്കുന്നു; ബി.ജെ.പി തീവ്ര ഹിന്ദുത്വ നിലപാടിലേക്ക്
India
അദ്വാനി-മോഡി പോര് മൂര്‍ച്ഛിക്കുന്നു; ബി.ജെ.പി തീവ്ര ഹിന്ദുത്വ നിലപാടിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Apr 07, 09:32 am
Sunday, 7th April 2013, 3:02 pm

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വീണ്ടും തീവ്രഹിന്ദുത്വ നിലപാടുകളിലേക്ക് നീങ്ങുന്നു. മുമ്പ് ബാബരി മസ്ജിദ് തകര്‍ത്ത്  മതധ്രുവീകരണം സൃഷ്ടിച്ച് ദല്‍ഹിയില്‍ അധികാരം പിടിച്ചടക്കിയ ബി.ജെ.പി 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ വികാരം ഉയര്‍ത്താ നാണ് ഉദ്ദേശിക്കുന്നത് പാര്‍ട്ടി  നടപടികളും നേതാക്കളുടെ പ്രസ്താവനകളും വ്യക്തമാക്കുന്നു.[]

പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോഡിയെയാണോ അദ്വാനിയെയാണോ ഉയര്‍ത്തിക്കാട്ടേണ്ടതെന്ന കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും തീവ്രഹിന്ദുത്വ നിലപാട് ഉയര്‍ത്തണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന എല്‍.കെ അദ്വാനിയുടെ പ്രസ്താവനയാണ് ഇതില്‍ ഏറ്റവും ഒടുവിലുണ്ടായത്. ദല്‍ഹിയില്‍ പാര്‍ട്ടി യുടെ മുപ്പത്തിമൂന്നാം സ്ഥാപകദിനാഘോഷച്ചടങ്ങിലാണ് അദ്വാനി ഇങ്ങിനെ പറഞ്ഞത്.

അയോധ്യാ മുന്നേറ്റത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അപകര്‍ഷതയുടെ കാര്യമില്ലെന്നും രാമജന്മഭൂമി പ്രശ്‌നം പ്രചാരണവിഷയമാക്കിയപ്പോഴെല്ലാം ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത സംഭവവും അതെ തുടര്‍ന്ന് ഇന്ത്യയിലിലുടലെടുത്ത ഭീതിതമായ കലാപങ്ങളുടെയും കറുത്ത അധ്യായങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് അദ്വാനിയുടെ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കപ്പെടുന്നുണ്ട്.

അദ്വാനിയുടെ പ്രസ്താവന ആ നേതാവിന്റെ ഒറ്റപ്പെട്ട അഭിപ്രായമല്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി  പാര്‍ലമെന്ററി ബോര്‍ഡ് പുന:സംഘടനയും വ്യക്തമായ സൂചന നല്‍കുന്നു.

ന്യൂനപക്ഷ വിരോധത്തിനും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും  കലാപങ്ങള്‍ക്കും  നേതൃത്വം നല്‍കിയവരെ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്.

 

വര്‍ഗീയതയിലും ന്യൂനപക്ഷ വിരോധത്തിലും താന്‍ പിന്നിലല്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുകയെന്ന ജോലിയും വരും ദിനങ്ങളില്‍ അദ്വാനിക്ക് ചെയ്യേണ്ടി വരും.

ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെ മുന്നിലരയിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളോടെ തന്നെയാണ്.

സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് രാജ്യത്തുടനീളം തീവ്രവാദ പ്രസംഗവുമായി നടന്ന ഉമാഭാരതി, വര്‍ഗീയ പ്രസംഗത്തിന് കുപ്രസിദ്ധി നേടിയ വരുണ്‍ ഗാന്ധി എന്നവരെയും മോഡിക്കൊപ്പം പ്രധാന സ്ഥാനങ്ങളിലെ അവരോധിച്ചത് ബി.ജെ.പി എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

മോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ രാജ്യത്തെയും പുറത്തെയും കോര്‍പ്പറേറ്റ് ശക്തികളും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ കോര്‍പാറേറ്റുകള്‍ക്ക് വേണ്ടി സംസ്ഥാന താല്‍പര്യങ്ങളെപ്പോലും അവഗണിച്ച് മോഡി ചെയ്തു നല്കിയ ആനുകൂല്യമാണ് ഇതിന് പിന്നില്‍.

ഗുജറാത്ത് കലാപത്തിലൂടെ ഉണ്ടാക്കിയെടുത്ത വര്‍ഗീയ ധ്രുവീകരണത്തിന്റെ തറക്കല്ലില്‍ നിന്നുകൊണ്ടാണ് മോഡി തന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ നടപ്പാക്കിയത്.

ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച ഈ രീതി രാജ്യത്ത നടപ്പാക്കുകയെന്നത് തന്നെയാവും മോഡിയുടെ ലക്ഷ്യമെന്നാണ് കരുതേണ്ടത്. വര്‍ഗീയതയിലും ന്യൂനപക്ഷ വിരോധത്തിലും താന്‍ പിന്നിലല്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുകയെന്ന ജോലിയും വരും ദിനങ്ങളില്‍ അദ്വാനിക്ക് ചെയ്യേണ്ടി വരും.

ബി.ജെ.പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം രാജ്യക്ഷേമമെന്നതിലുപരി തീവ്ര വര്‍ഗീയ വിഷയങ്ങളില്‍ ഊന്നി തന്നെയാവുമെന്ന സൂചനകളാണ് ഇതെല്ലാം നല്‍കുന്നത്.

ഈ പ്രചാരണങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ജനങ്ങളെ പ്രബുദ്ധരാക്കാന്‍ കോണ്‍ഗ്രസ്സിനും ഇടത് മതേതര കക്ഷികള്‍ക്കും  കഴിയുമോയെന്നതാണ് ഏറെ പ്രസക്തം.