[share]
[] തൃശ്ശൂര്‍: ഇരിങ്ങാലക്കുടക്ക് സമീപം മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പ് പ്രദക്ഷിണം ആലുപറമ്പ് ക്ഷേത്രഭൂമിയിലൂടെ കടന്ന് പോയയതിനത്തുടര്‍ന്ന് പള്ളി അധികൃതരും സംഘ്പരിവാരും തമ്മില്‍ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്ഷേത്രം അധികൃതരുടെ അനുമതിയോടെയാണ് പ്രദക്ഷിണം നടത്തിയതെന്നും ഇത് പതിവാണെന്നുമാണ് പള്ളി അധികൃതര്‍ പറഞ്ഞത്. സംഘപരിവാറും ബി.ജെ.പിയും സംയുക്തമായി പ്രദക്ഷിണം തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം രൂപപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി ലാത്തി വീശുകയും ചെയ്തു. സംഭവത്തില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രഭൂമിയിലൂടെയാണ് മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം നടന്നത്. പ്രദക്ഷിണം കടന്ന് പോകാന്‍ ദേവസ്വം ബോര്‍ഡ് ആദ്യം അനുമതി നല്‍കിയിരുന്നു. എന്നാല്‍ എക്യവേദി നേതാക്കള്‍ ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും ഉപരോധിച്ചതിനെ തുടര്‍ന്ന് ബോര്‍ഡ് അനുമതി റദ്ദാക്കിയിരുന്നു.
ബോര്‍ഡിന്റെ ഉത്തരവുമായി ഐക്യവേദി പ്രവര്‍ത്തകര്‍ അമ്പ് പ്രദക്ഷിണം നടക്കുന്ന സ്ഥലത്തെത്തിയെങ്കിലും പൊലീസ് അത് വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ ബോര്‍ഡിന്റെ ഉത്തരവ് കിട്ടിയില്ലെന്നാണ് പോലീസ് വിശദീകരിച്ചത്.
അതേ സമയം കാലങ്ങളായുളള മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാള്‍ പ്രദക്ഷിണം തടഞ്ഞ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസിന്റെ നീക്കം വര്‍ഗ്ഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണെന്ന് സി.പി.ഐ.എം. ഏരിയാ കമ്മിറ്റി ആരോപിച്ചു.
ഫോട്ടോ കടപ്പാട്: ഇരിങ്ങാലക്കുട.കോം