മാര്‍ട്ടിന്‍ ഊരാളിയെ മര്‍ദ്ദിച്ചതിന്റെ വിശദീകരണമില്ലെങ്കില്‍ പാട്ടുകാരും കലാകാരന്‍മാരും തെരുവിലിറങ്ങും: ബിജിബാല്‍
Daily News
മാര്‍ട്ടിന്‍ ഊരാളിയെ മര്‍ദ്ദിച്ചതിന്റെ വിശദീകരണമില്ലെങ്കില്‍ പാട്ടുകാരും കലാകാരന്‍മാരും തെരുവിലിറങ്ങും: ബിജിബാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2016, 1:41 pm

martinതൃശ്ശൂര്‍: ഊരാളി ബാന്‍ഡിന്റെ ഗായകനായ മാര്‍ട്ടിന്‍ ജോണ്‍  ചാലിശ്ശേരിയെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതിനെതിരെ സംഗീത സംവിധായകന്‍ ബിജിബാല്‍ രംഗത്ത്. മാര്‍ട്ടിനെ മര്‍ദ്ദിച്ചതു സംബന്ധിച്ച് പോലീസ് വിശദീകരണം നല്‍കിയില്ലെങ്കില്‍ കലാകാരന്മാരും പാട്ടുകാരും തെരുവിലിറങ്ങുമെന്നാണ് ബിജിപാല്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ബിജിബാല്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

പോലീസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. നീളന്‍ മുടിയും ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതിക്കെതിരെയുള്ള പാട്ടും പോലീസിന് സാധാരണക്കരെ തല്ലാനുള്ള മാനദണ്ഡങ്ങളാണോയെന്ന് ബിജിബാല്‍ ചോദിക്കുന്നു.

മാര്‍ട്ടിന്‍ ഊരാളിയെ അകാരണമായി പോലീസ് മര്‍ദ്ദിച്ചതിന് കൃത്യമായ വിശദീകരണം ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തന്നില്ലെങ്കില്‍ സാമൂഹ്യബോധമുള്ള സകല പാട്ടുകാരും കലാകാരന്മാരും തെരുവിലിറങ്ങി ചോദിക്കുക തന്നെ ചെയ്യുമെന്ന് ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനിടെ മാര്‍ട്ടിന് ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ചുകൊണ്ട് ഗായകന്‍ ഷഹബാസ് അമനും രംഗത്തെത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്കു സമീപനം ലാലൂരില്‍ വെച്ചാണ് മനുഷ്യസംഗമം പരിപാടിയുടെ സംഘാടകരിലൊരാളും ഊരാളി ബാന്റിലെ ഗായകനുമായ മാര്‍ട്ടിന്‍ ജോണ്‍ ചാലിശേരിയെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്. സൂഹൃത്തിന്റെ ബൈക്കിലെത്തിയ മാര്‍ട്ടില്‍ ലാലൂരില്‍ ഇറങ്ങി നടക്കവെയാണ് പോലീസ് തടഞ്ഞുനിര്‍ത്തിയത്.

പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടുപോയി അവിടെവെച്ച് മര്‍ദ്ദിച്ചെന്നാണ് മാര്‍ട്ടിന്റെ ആരോപണം. തന്റെ രൂപത്തെയും ഭാവത്തെയും കളിയാക്കിയും കഞ്ചാവ് കടത്തുപോലുള്ള കുറ്റങ്ങള്‍ തനിക്കെതിരെ ആരോപിക്കുകയും ചെയ്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്തതെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. ആര്‍ട്ടിസ്റ്റാണെന്നും മനുഷ്യസംഗമത്തിനു പോകുകയാണെന്നുമൊക്കെ പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ലെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.