സംസം വെള്ളത്തില്‍ മാരക രാസവസ്തുവെന്ന് ബി.ബി.സി; നിഷേധവുമായി സൗദി
World
സംസം വെള്ളത്തില്‍ മാരക രാസവസ്തുവെന്ന് ബി.ബി.സി; നിഷേധവുമായി സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2011, 10:28 am

ജിദ്ദ:  മുസ്‌ലിംകള്‍ വിശുദ്ധമായി കരുതുന്ന സംസം ജലത്തില്‍ ആര്‍സനിക് കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെതിരെ ഹറം കാര്യാലയവും ജിയോളജിക്കല്‍ സര്‍വ്വെ വകുപ്പും രംഗത്തു വന്നിട്ടുണ്ട്.

അര്‍ബുദത്തിന് കാരണമായേക്കാവുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ ലണ്ടനില്‍ വില്‍പ്പന നടത്തിയ സംസം വെള്ളത്തില്‍ കണ്ടെത്തിയതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ചില കടകളില്‍ സംസം വെള്ളം എന്ന പേരില്‍ കുപ്പികളില്‍ വെള്ളം വില്‍ക്കാന്‍ വെച്ചിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വെള്ളം പരിശോധിച്ചപ്പോഴാണ് ഇതില്‍ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. അനുവദനീയമായതിന്റെ മൂന്നിരട്ടി ആര്‍സനിക് അംശങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് കാന്‍സറിന് കാരണമാകും.

എന്നാല്‍ സംസം വെള്ളം എവിടെയും വില്‍ക്കാറില്ലെന്നും തീര്‍ത്ഥാടകര്‍ ഹജ്ജും ഉംറയും കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകാനേ അനുവദിക്കാറുള്ളുവെന്നും സൗദി അധികൃതര്‍ ചൂണ്ടികാട്ടി.  സംസം ലോകമുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അതിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ വകുപ്പ് പ്രതിജ്ഞാ ബദ്ധമാണ്. സംസം കിണര്‍ ഓരോദിവസവും ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. ദിവസം 3 നേരവും വെള്ളം പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്. ഒരു നിലയ്ക്കും മലിനപ്പെട്ടിട്ടില്ല എന്നാണ് ഇതുവരെയുള്ള പരിശോധന വ്യക്തമാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.