അരവണയില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍
Kerala
അരവണയില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2012, 10:55 am

പത്തനംതിട്ട: ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ മാരക ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഒരു ഗ്രാമില്‍ അരലക്ഷത്തോളം വരെ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ലാബിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാക്ടീരിയകളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സ്റ്റെറിലിറ്റി പരിശോധനയാണ് ലാബില്‍ നടത്തിയത്. എന്നാല്‍ ബാക്ടീരിയകള്‍ ഏതെല്ലാം എന്ന ഇനം തിരിച്ചുള്ള പരിശോധന നടത്തിയില്ല. അരവണയില്‍ ബാക്ടീരിയ കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ജനുവരി പത്തനംതിട്ട കലക്ടര്‍ക്ക് ലാബ് അധികൃതര്‍ കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പൂഴ്ത്തുകയാണുണ്ടായത്.

ടിന്നിലടച്ച് വിതരണം ചെയ്യുന്ന ഭക്ഷ്യസാധനത്തില്‍ ബാക്ടീരയയുടെ അളവ് പൂജ്യമായിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യവസ്ഥ നിലനില്‍ക്കെയാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിതരണം ചെയ്യുന്ന അരവണയില്‍ ഇത്രയേറെ ബാക്ടീരിയകള്‍ കണ്ടെത്തിയിരിക്കുന്നത്. അരവണയില്‍ ഇത്രത്തോളം ബാക്ടീരിയ ഉണ്ടാകുന്നത് ചേരുവകളുടെ ഗുണനിലവാരമില്ലായ്മ മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ശബരിമല സീസണ്‍ സമയത്ത് അരലക്ഷത്തോളം ബോട്ടില്‍ അരവണ ഉല്‍പ്പാദിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടിയൊലിച്ച് നശിച്ചിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തിയിരുന്നു. ശര്‍ക്കരയടക്കമുള്ള ചേരുവകള്‍ ഗുണനിലവാരം കുറഞ്ഞവയല്ലെന്നും ശര്‍ക്കരയുടെ അളവ് 60ശതമാനത്തിലും താഴെ ആയതാണ് പൊട്ടിയൊലിക്കാന്‍ കാരണമായതെന്നുമുള്ള നിഗമനത്തിലാണ് എത്തിയതെന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ഗോപകുമാര്‍ പറയുന്നു. വിഷുവിന് ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയും രണ്ട് ദിവസത്തിനുള്ളില്‍ മര്‍ദം പെരുകി ടിന്‍ പൊട്ടാന്‍ കാണമെന്നാണ് സൂചന.

സി.എഫ്.ആര്‍.ഡി ലാബിലെ പരിശോധനയില്‍ ചൂടിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ മാത്രമല്ല കണ്ടത്. സാധാരണ ഇനവും ധാരാളം ഉള്ളതായാണ് നിഗമനം. ഏറെ ജലാംശവും അരവണയിലുണ്ട്. അതിനാല്‍ ബാക്ടീരിയകള്‍ പെട്ടെന്ന് പെരുകും. അരവണ ഉല്‍പ്പാദത്തില്‍ നന്നായി ചൂടാക്കി വരട്ടുന്ന പ്രക്രിയ നടക്കാത്തതിനാലാണ് ജലാംശം ഉണ്ടാകുന്നത്.

അതേസമയം, അരവണയില്‍ ബാക്ടീരിയ ഉണ്ടെന്നത് ദേവസ്വം ബോര്‍ഡ് നിഷേധിച്ചു.