ആരുടെ സമരം? ജനങ്ങളുടേതോ മാഫിയകളുടേതോ?
Discourse
ആരുടെ സമരം? ജനങ്ങളുടേതോ മാഫിയകളുടേതോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2013, 6:16 pm

കേരളത്തിലെ ജനങ്ങളെ ആരാണ് നയിക്കുന്നത് ഭരണപക്ഷമല്ല, പ്രതിപക്ഷവുമല്ല എന്നാണ് കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും സഹ്യപര്‍വതത്തിന് താഴെ ഇന്നലെ അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ തെളിയിക്കുന്നത്.   കൃഷിക്കാരേയും കുടികിടപ്പുകാരേയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒരു വിലക്കും കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളിലില്ല. പിന്നെ എന്തിനാണ് പള്ളിക്കാരും തത്പര കക്ഷികളും ജനങ്ങളെ ആയുധം കൊടുത്ത് തെരുവിലിറക്കുന്നത്.


adivaram-580

എഡിറ്റോ-റിയല്‍/ ബാബു ഭരദ്വാജ്

babu-baradwajഇറ്റലിയിലെ സിസിലിയാണ് ആഗോള മാഫിയാസംഘങ്ങളുടെ വത്തിക്കാന്‍. അവിടെയാണ് മാഫിയാ സംഘങ്ങളുടെ തലവന്‍മാരും ഗോഡ്ഫാദര്‍മാരും വസിക്കുന്നത്. റോമിലെ വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാവും സിസിലിയന്‍ മാഫിയാ സംഘങ്ങളുടെ ദൈവപിതാക്കളും വാണരുളുന്നു.

ലോകത്തെങ്ങുമുള്ള ചെറുതും വലുതുമായ മാഫിയാ സംഘങ്ങളുടെ “പരിശുദ്ധ” മാതൃകകളാണ് സിസിലിയയിലെ മാഫിയാ സംഘങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങളും ചിന്തകളും രാഷ്ട്രീയവും ഒക്കെ സിസിലിയില്‍ രൂപപ്പെടുന്നതും നയിക്കുന്നതും മാഫിയാ സംഘങ്ങളാണ്. അതേ അവസ്ഥ കേരളത്തിലും സംജാതമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.

കേരളത്തിലെ ജനങ്ങളെ ആരാണ് നയിക്കുന്നത് ഭരണപക്ഷമല്ല, പ്രതിപക്ഷവുമല്ല എന്നാണ് കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും സഹ്യപര്‍വതത്തിന് താഴെ ഇന്നലെ അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെ ജനാഭിപ്രായം രൂപപ്പെടുത്തുന്നത് രാഷ്ട്രീയപാര്‍ട്ടികളല്ല, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പത്രങ്ങളും മാധ്യമങ്ങളുമല്ല. ഇന്ന് കേരളത്തിലെ ജനങ്ങളെ നയിക്കുന്നത് മാഫിയകളാണ്.

വനം മാഫിയകള്‍, മണല്‍ മാഫിയകള്‍, റിസോര്‍ട്ട് മാഫിയകള്‍, ഖനി മാഫിയകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇവരുടെയൊക്കെ തലതൊട്ടപ്പന്‍മാരും ഗോഡ്ഫാദര്‍മാരും പള്ളികളടക്കമുള്ള മതകാര്യസ്ഥാപനങ്ങളും അവര്‍ നടത്തിക്കൊണ്ടു പോകുന്ന നിരവധി വ്യവസായ ശൃംഖലകളുമാണ്.

ഭൂതദയ എന്ന പേരിലും കാരുണ്യം എന്ന പേരിലും ആതുരശ്രുശ്രൂഷ എന്ന പേരിലും അഗതികള്‍ക്കും ആശ്രയമറ്റവര്‍ക്കും എന്ന പേരിലും നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ വിപണന വ്യവസായങ്ങളാണ്.

മോസസിന്റെ പത്ത് കല്‍പ്പനകളെ വിമര്‍ശിച്ചാല്‍ പള്ളി മൗനം പാലിക്കുമെന്നും പള്ളിയുടെ സ്വത്തിന്റെ പത്തിലൊന്ന് ഭാഗത്തെ കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉന്നയിച്ചാല്‍ പള്ളി അക്രമാസക്തമാകുമെന്നും മാര്‍ക്‌സ് പറഞ്ഞതിന്റെ പൊരുള്‍ പല കാലങ്ങളിലായി നമ്മള്‍ അറിഞ്ഞിട്ടുണ്ട്.

നസ്രാണികളില്‍ ഒരു വിഭാഗത്തിലെ രണ്ട് ഗ്രൂപ്പുകള്‍ പള്ളിയുടെ അവകാശത്തിന് വേണ്ടി പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ചക്കളത്തിപ്പോരാട്ടം മതവിശ്വാസത്തെ സംരക്ഷിക്കാനല്ലെന്നും മറിച്ച് പള്ളിസ്വത്ത് കയ്യടക്കാനുള്ള പോരാട്ടമാണെന്നും അറിയാത്തവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് വസിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

മോസസിന്റെ പത്ത് കല്‍പ്പനകളെ വിമര്‍ശിച്ചാല്‍ പള്ളി മൗനം പാലിക്കുമെന്നും പള്ളിയുടെ സ്വത്തിന്റെ പത്തിലൊന്ന് ഭാഗത്തെ കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉന്നയിച്ചാല്‍ പള്ളി അക്രമാസക്തമാകുമെന്നും മാര്‍ക്‌സ് പറഞ്ഞതിന്റെ പൊരുള്‍ പല കാലങ്ങളിലായി നമ്മള്‍ അറിഞ്ഞിട്ടുണ്ട്.

western-ghatഇപ്പോള്‍ പള്ളികളും പട്ടക്കാരും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പടയ്‌ക്കൊരുങ്ങുന്നത് ജനങ്ങളോടുള്ള കൂറുകൊണ്ടല്ലെന്നും പണത്തോടുള്ള ആര്‍ത്തികൊണ്ടാണെന്നും തെളിയിക്കുന്നതാണ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകള്‍.

ഞങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരാണ്. അത് പള്ളികള്‍ പറയുന്ന കാര്യങ്ങള്‍ കൊണ്ടല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സഹ്യപര്‍വതത്തെ സംരക്ഷിച്ച് നിര്‍ത്താനുള്ള ഒന്നല്ല, അത് പാരിസ്ഥിതിക നാശത്തെ തടയാനുദ്ദേശിച്ചുകൊണ്ടുള്ളതല്ല, അത് മാഫിയകള്‍ക്ക് ഒത്താശ ചെയ്യാനുള്ള ഒരു തടിതപ്പല്‍ റിപ്പോര്‍ട്ടാണ് എന്നതുകൊണ്ടാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടായിരുന്നു യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ടത്തിന്റേയും അത് വഴി ജനജീവിതത്തിന്റേയും അതിജീവനത്തിന് ഏതെങ്കിലും തരത്തില്‍ സഹായകരമായിരുന്ന പദ്ധതി. അതിന്റെ ആത്മാവിനെ ചോര്‍ത്തിക്കളഞ്ഞുകൊണ്ട് എസ്‌റ്റേറ്റ്, വനം, റിസോര്‍ട്ട് മാഫിയകള്‍ക്ക് വിളയാടാന്‍ അവസരം നല്‍കുന്ന ഒന്നാണ് കസ്തൂരിരംഗന്‍ എന്ന പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത സര്‍ക്കാര്‍ വിലാസം ശാസ്ത്രജ്ഞന്‍ തിരക്കിട്ട് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട്.

 ഇന്ന് ഇടതുപക്ഷം ചെയ്യേണ്ടത് “പുലി വരുന്നേ പുലി വരുന്നേ..”  എന്ന് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുകയല്ല മറിച്ച് ഈ വരുന്ന പുലി പുലിത്തോലിട്ട ഒരു കഴുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.

വാഗമണ്‍ ഉള്‍പ്പെടെയുള്ള അതിലോലമായ പാരിസ്ഥിതിക മേഖലകള്‍ റിസോര്‍ട്ട് മാഫിയകള്‍ക്കും ഖനി മാഫിയകള്‍ക്കും തീറെഴുതിക്കൊടുക്കുന്ന ഒരു റിപ്പോര്‍ട്ടായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. അതിലെ അപാകതകള്‍ പരിഹരിക്കാതെ തിരക്കിട്ട് ആ റിപ്പോര്‍ട്ട് ഭരണക്കാര്‍ അംഗീകരിച്ചതുതന്നെ നിലവിലുള്ള ചൂഷണ വ്യാപാരം അഭംഗുരം തുടരാനും പശ്ചിമഘട്ടത്തെ അടിച്ചുനിരപ്പാക്കി ഇല്ലാതാക്കാനുമാണ്.

ഇപ്പോള്‍ വിജ്ഞാപനം ചെയ്തുകൊണ്ടിരിക്കുന്ന ആ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് തരത്തിലുള്ള ഇടക്കാലാശ്വാസം മാത്രമാണ് ലഭിക്കാന്‍ പോവുന്നത്. പരിസ്ഥിതിലോല മേഖലകളില്‍ പുതുതായി പാറമടകളും മണല്‍ഖനനവും അനുവദിക്കില്ല, താപ വൈദ്യുത നിലയങ്ങള്‍ പുതുതായി തുടങ്ങാന്‍ അനുവദിക്കുന്നതല്ല, ഇരുപതിനായിരത്തിലധികം സ്‌ക്വയര്‍ മീറ്റര്‍ വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, അന്‍പത് ഹെക്ടറിലധികമോ ഒന്നര ലക്ഷം ചതുരശ്രമീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ അനുവദിക്കുന്നതല്ല, റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ അനുവദിക്കുന്നതല്ല.

കൃഷിക്കാരേയും കുടികിടപ്പുകാരേയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒരു വിലക്കും ഈ നിര്‍ദേശങ്ങളിലില്ല. പിന്നെ എന്തിനാണ് പള്ളിക്കാരും തത്പര കക്ഷികളും ജനങ്ങളെ ആയുധം കൊടുത്ത് തെരുവിലിറക്കുന്നത്.

ഈ നിര്‍ദേശങ്ങളെങ്ങനെ കൃഷിക്കാരുടേയും തദ്ദേശവാസികളുടേയും താത്പര്യങ്ങള്‍ക്കെതിരാവും. ഈ നിര്‍ദേശങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്കെതിരാവും.

ഈ നിര്‍ദേശങ്ങള്‍ മാഫിയകളുടെ ഹീനമായ താത്പര്യങ്ങള്‍ മാത്രമാണ് ഹനിക്കുന്നത്. നിരുപദ്രവകരമായ ഈ നിര്‍ദേശങ്ങള്‍ക്കെതിരെ എന്തിനാണ് ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ പറഞ്ഞിളക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

western-ghatt ഇതിനര്‍ത്ഥം കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളെ പോലും നയിക്കുന്നത് ജനവിരുദ്ധ ശക്തികളാണെന്നതാണ്. മാഫിയകള്‍ ആണെന്നതാണ്. കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനശക്തികളെ മാഫിയകള്‍ക്ക് കീഴടക്കാനായി വിട്ടുകൊടുക്കുക എന്നതാണ് ഈ ഹര്‍ത്താല്‍ നല്‍കുന്ന സന്ദേശം.

പതിനെട്ടാം തിയതി തിങ്കളാഴ്ച കേരള വ്യാപകമായി ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. അതിന് ഇടതുപക്ഷം പറയുന്ന ന്യായീകരണം ജനവികാരങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ബാധ്യത ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ടെന്നാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ലെന്നിരിക്കെ എന്തിനാണ് ഈ കച്ചമുറുക്കല്‍.

ഇതിനര്‍ത്ഥം കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളെ പോലും നയിക്കുന്നത് ജനവിരുദ്ധ ശക്തികളാണെന്നതാണ്. മാഫിയകള്‍ ആണെന്നതാണ്. കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനശക്തികളെ മാഫിയകള്‍ക്ക് കീഴടക്കാനായി വിട്ടുകൊടുക്കുക എന്നതാണ് ഈ ഹര്‍ത്താല്‍ നല്‍കുന്ന സന്ദേശം.

പാര്‍ട്ടികള്‍ക്ക് ജനങ്ങളെ നയിക്കാനാവില്ലെന്നും മാഫിയകള്‍ക്കേ ജനങ്ങളെ ഇന്നത്തെ കാലത്ത് നയിക്കാനാവുകയുള്ളൂ എന്നും ഇടതുപക്ഷം ഈ പ്രസ്താവനയിലൂടെയും ഹര്‍ത്താലിലൂടെയും അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ഈ കഴിഞ്ഞ ദിവസം മലയോരമേഖലയില്‍ അഴിഞ്ഞാടിയ അക്രമിക്കൂട്ടം തദ്ദേശവാസികളോ കൃഷിക്കാരോ ആയിരുന്നില്ല. ടിപ്പര്‍ ലോറികളില്‍ കൊണ്ടിറക്കിയ ഗുണ്ടകളായിരുന്നു. അവരെല്ലാം നേരത്തെ പറഞ്ഞ പല വിധ മാഫിയകളുടേയും കൂലിത്തല്ലുകാരുമായിരുന്നു. തീകൊണ്ടാണ് അവര്‍ തെരുവുകളില്‍ അഴിഞ്ഞാടിയത്.

കുറേ കാലമായി ടിപ്പര്‍ ലോറികള്‍ നശീകരണത്തിന്റെ ആയുധങ്ങളാണ്. മാഫിയകളുടെ കൊടിയടയാളങ്ങളുമാണ്.  ആ കൊടിയും കൊടി അടയാളങ്ങളും ജനങ്ങളുടെ കയ്യിലേല്‍പ്പിക്കുക എന്ന പ്രക്രിയയാണ് കേരളത്തിലെ പാര്‍ട്ടികള്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇനി കേരളത്തിലെ സമരങ്ങളെല്ലാം ഈ മാഫിയകള്‍ രൂപപ്പെടുത്തുന്നതും നയിക്കുന്നതുമായിരിക്കും. ഈ മാഫിയകളുടെ പിന്തുണയുള്ളതുകൊണ്ടാണ് ഇടുക്കിയിലെ എല്ലാ പവര്‍ ജനറേറ്ററുകളും നിശ്ചലമാക്കുമെന്ന് ഒരു മതമേലധികാരി ആക്രോശിക്കുന്നത്. ഒരു ജനനേതാവാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അയാള്‍ ഇതിനകം തീവ്രവാദിയായും മാവോ വാദിയായും വേട്ടയാടപ്പെടുമായിരുന്നു.

കുറേ കാലമായി ടിപ്പര്‍ ലോറികള്‍ നശീകരണത്തിന്റെ ആയുധങ്ങളാണ്. മാഫിയകളുടെ കൊടിയടയാളങ്ങളുമാണ്.  ആ കൊടിയും കൊടി അടയാളങ്ങളും ജനങ്ങളുടെ കയ്യിലേല്‍പ്പിക്കുക എന്ന പ്രക്രിയയാണ് കേരളത്തിലെ പാര്‍ട്ടികള്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഞങ്ങള്‍ക്കഭ്യര്‍ത്ഥിക്കാനുള്ളത് കേരളത്തിന്റെ പൊതുജീവിതം മാഫിയകള്‍ക്ക് അടിയറവയ്ക്കാന്‍ ഒത്താശ ചെയ്യുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എത്രമാത്രം നിരുപദ്രവകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഭരണകക്ഷിയുടെ കര്‍ത്തവ്യം.

[]ഇന്നലെയുണ്ടായിരുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കഴിവില്ലായ്മയാണ്. ഇന്ന് ഇടതുപക്ഷം ചെയ്യേണ്ടത് “പുലി വരുന്നേ പുലി വരുന്നേ..”  എന്ന് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുകയല്ല മറിച്ച് ഈ വരുന്ന പുലി പുലിത്തോലിട്ട ഒരു കഴുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.

ജനങ്ങളുടെ സമരമെന്ന നിലയില്‍ ഈ സമരാഭാസങ്ങളെ ചിത്രീകരിക്കുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ഒരു ജനകീയ സമരം ഉയര്‍ന്നുവരേണ്ടതുണ്ട്. അതിപ്പോള്‍ പറയുന്ന കാര്യങ്ങളുടെ പേരിലായിരിക്കില്ല. പശ്ചിമഘട്ടത്തെ കൊന്നൊടുക്കാന്‍ വേണ്ടി ഭരണകൂടവും മാഫിയകളും ചേര്‍ന്നൊരുക്കിയ ഈ റിപ്പോര്‍ട്ട് തള്ളിക്കളയാനും അതിന് പകരം പശ്ചിമഘട്ടത്തെ പൂര്‍ണമായും സംരക്ഷിക്കാനുമുള്ള ഒരു നിയമം രൂപപ്പെടുത്താനുമായിരിക്കും അത്. ആ നിയമം പരിസ്ഥിതി സൗഹൃദം ഉള്ളതായിരിക്കും , ജനക്ഷേമമായിരിക്കും, ജീവജാലങ്ങളുടെ അതിജീവനം ഉറപ്പുവരുത്തുന്നതുമായിരിക്കും.