എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്
കേരളത്തിലെ ഒരു സ്ത്രീ, ഒരമ്മ ഏതാനും ആഴ്ചകളായി ദല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ നിരത്തരികില്‍ മഴയും വെയിലും മഞ്ഞും കൊണ്ട് രാപ്പകല്‍ കുത്തിയിരിപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ ആഘോഷത്തോടെ കൊട്ടും പാട്ടുമായി നടത്തിയ രാപ്പകല്‍ സമരം പോലെയല്ല ഈ സ്ത്രീ അവളുടെ മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം ദല്‍ഹി പോലുള്ള അതിക്രൂരമായ നഗരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന രാപ്പകല്‍ സമരം.
കണ്ണൂരില്‍ നിന്നുള്ള ഈ മുസ്‌ലീം സ്ത്രീ, ദരിദ്രയായ ഈ തൊഴിലാളി സ്ത്രീ പഞ്ചായത്താപ്പീസിലും താലൂക്കാപ്പീസിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റ് നടയിലും കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് അവരിപ്പോള്‍ ദല്‍ഹിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതുവരെ കണ്ണ് തുറക്കാത്ത ഭരണദൈവങ്ങള്‍ ദല്‍ഹിയിലെങ്കിലും കണ്ണ് തുറക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലെ ഈ സ്ത്രീ ഈ അമ്മ സ്വന്തം കാര്യത്തിനായല്ല ഈ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി ഒരു കൂരയ്‌ക്കോ കിടപ്പാടത്തിനോ ജോലിക്കോ കൂലിക്കോ അല്ല അവര്‍ അപരാജിതയായി ഈ സമരം ഒറ്റയ്ക്ക് നടത്തിക്കൊണ്ടിരിക്കുന്നത്.
അവര്‍ ഒരമ്മയായതുകൊണ്ട് , ഒരു സ്ത്രീയായതുകൊണ്ട് കേരളത്തിന്റെ മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന് വേണ്ടിയാണ് സ്വന്തം ജീവിതവും കുട്ടികളുടേയും കുടുംബത്തിന്റേയും സുരക്ഷയും ജീവിതവുമൊക്കെ പണയപ്പെടുത്തി ഈ സമരം നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും ശക്തവും ക്രൂരവും നികൃഷ്ടവുമായ മാഫിയകളില്‍ ഏറ്റവും പ്രധാനപ്പെട്ട മണല്‍മാഫിയയ്‌ക്കെതിരെയാണ് ജസീറ എന്ന ധീരവനിത ഒറ്റയാള്‍ സമരം നടത്തിക്കൊണ്ടിരിക്കുന്നത്.
ജസീറ ഒറ്റയ്ക്ക് നയിച്ച ഈ സമരത്തെ പിന്തുണയ്ക്കാന്‍ ജനലക്ഷങ്ങള്‍ പിന്നാലെ തെരുവിലിറങ്ങുമെന്ന് ഞങ്ങള്‍ മന്ത്രിയേയും എം.എല്‍.എയേയും ഓര്‍മ്മപ്പെടുത്തുന്നു.
അവരൊറ്റയ്ക്കാണ്, അവര്‍ക്കൊപ്പമുള്ളത് ഒരു ജനതയുടെ പ്രത്യാശ മാത്രമാണ്- സ്വയം സമരരംഗത്തിറങ്ങാന്‍ കെല്പും ധൈര്യവുമില്ലാത്ത അവശരും ആര്‍ത്തരും ആലംബഹീനരുമായ ഒരുപാട് നിസ്സഹായരായ മനുഷ്യരുടെ പ്രതീക്ഷകള്‍. അവശരും മര്‍ദ്ദിതരുമായ ജനലക്ഷങ്ങള്‍, തങ്ങളുടെ ലോകം ഇടിഞ്ഞുവീഴുന്നത് നിസ്സഹായരായി കണ്ടുകൊണ്ട് പ്രതികരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന അവശ ലക്ഷങ്ങള്‍. പ്രത്യയ ശാസ്ത്രങ്ങള്‍ അവരുടെ തന്റേടവും സമരവീര്യവും ഇച്ഛാശക്തിയും ചോര്‍ത്തിക്കഴിഞ്ഞിട്ട് കാലമേറെയായി.
ജസീറയെന്ന ഈ ഒറ്റയാള്‍ പട്ടാളത്തിന്റെ എതിര്‍ ചേരിയില്‍ അണിനിരന്നിരിക്കുന്നത് കേരള സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരെ പരിപാലിക്കുന്ന മാഫിയകളും.
അവര്‍ക്ക് പിന്നണി പാടാനും ജസീറയുടെ സമരത്തെ തച്ച് തകര്‍ക്കാനും ജസീറക്കെതിരെ നുണ പ്രചാരണം നടത്താനും തയ്യാറായിരിക്കുന്ന ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും.
” ഐക്യമത്യം മഹാബല”മെന്നോ ” ദീപസ്തംഭം മഹാശ്ചര്യ”മെന്നോ എന്തുവേണമെങ്കിലും ഈ കൂട്ടായ്മയെ വിളിക്കാം.
അടുത്ത പേജില്‍ തുടരുന്നു
സ്വന്തം കടപ്പുറത്തെ അനധികൃത മണല്‍ക്കടത്തിനെതിരെയാണ് ജസീറ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. മണല്‍ വാരി കടപ്പുറമില്ലാതാക്കുന്നതിനെതിരെ, അതുവഴി കടല്‍ ഇല്ലാതാക്കുന്നതിനെതിരെയാണ് ജസീറ സമരം നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ വിശദമായി ഞങ്ങള്‍ പല തവണ ഡൂള്‍ന്യൂസിലൂടെ വായനക്കാരെ അറിയിച്ചിട്ടുണ്ട്. ജസീറയ്‌ക്കെതിരെ നില കൊള്ളുന്ന മണല്‍ മാഫിയയെ കുറിച്ചും ഞങ്ങള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് അക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ല.
ജസീറ ഏറ്റവും ശക്തമായി ഈ കാര്യങ്ങള്‍ അവരുടെ ഗ്രാമീണ ഭാഷയില്‍ വിശദീകരിച്ചിട്ടുണ്ട്. ” ഞാനെന്റെ ചെറുപ്പത്തില്‍ നടന്നുപോയ മണ്ണാണിത്. ഈ മണ്ണ് എനിക്കെന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലെയാണ് “. കണ്ണൂരിലെ ഒരു സ്ത്രീ, ഒരു അമ്മ കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി, ഈ മണ്ണിനും ഭൂമിക്കും കടലിനും എല്ലാ തരം സസ്യജന്തുജാലങ്ങള്‍ക്കും ലോകത്തിനും വേണ്ടി ഒരൊറ്റൊയാള്‍ സമരം നടത്തിക്കൊണ്ടിരിക്കുന്നുവെന്നറിയുക.
ജസീറ ഇതുവഴി പൊളിച്ചെറിയുന്നത് നമ്മുടെ അരാഷ്ട്രീയ നിലപാടുകളെയാണ്. നമ്മുടെ രാഷ്ട്രീയ പരിഗണനകള്‍ എത്രത്തോളം അരാഷ്ട്രീയമാണെന്ന് നമ്മളെ ബോധ്യപ്പെടുത്താന്‍ ജസീറയുടെ സമരം നിമിത്തമാകുന്നു.
ജസീറ അവരുടെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂരിലും തിരുവനന്തപുരത്തും ഇപ്പോള്‍ ദല്‍ഹിയിലും സമരം നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം സമരം നയിക്കുന്നതിനെയാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ അപഹസിച്ചുകൊണ്ടിരിക്കുന്നത്.
ജസീറയ്ക്കതിന് മറുപടിയുണ്ട്. ഒരു പോരാളിയുടെ വീറുറ്റ മറുപടി. ” കടലിന് വേണ്ടി എനിക്കെന്റെ കുട്ടികളെ ഉപേക്ഷിക്കാന്‍ പറ്റില്ല. കുട്ടികള്‍ക്ക് വേണ്ടി എനിക്കെന്റെ കടലിനെ ഉപേക്ഷിക്കാനും പറ്റില്ല” മനുഷ്യ നന്മയ്ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയവരെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണിത്.
കണ്ണൂരിലെ പാവപ്പെട്ട ഒരു മുസ്‌ലീം സ്ത്രീക്ക് ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത് തന്നെ ഈ ലോകത്തേയും മനുഷ്യരേയും കുറിച്ചുള്ള പ്രത്യാശകള്‍ക്ക് ഇനിയും ഇടമുണ്ടെന്ന് തന്നെയാണ്.
ജസീറ ഭാവിയിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വെളിച്ചം വിശാന്‍ കത്തിച്ചുയര്‍ത്തിപ്പിടിച്ച ഒരു തീപ്പന്തമാണ്.
തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് ജസീറ ദല്‍ഹിയിലെ ജന്ദര്‍മന്തിറില്‍ സമരം നടത്തുന്നത്. പഴയങ്ങാടിയിലും കണ്ണൂരിലും തിരുവനന്തപുരത്തും ഈ കുട്ടികള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒന്നര വയസ്സുകാരന്‍ മുഹമ്മദും പത്തും പന്ത്രണ്ടും വയസ്സുള്ള റസ്‌വാന, ഷിഫാന എന്നീ രണ്ട് പെണ്‍കുട്ടികളും.
പെണ്‍കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ പച്ചയ്ക്ക് കടിച്ചുതിന്നുന്ന ആള്‍ക്കാര്‍ നിറഞ്ഞ ദല്‍ഹിയില്‍ രണ്ട് പെണ്‍കുട്ടികളെ ജസീറ ഉറക്കൊഴിഞ്ഞാണ് കാത്തുകൊണ്ടിരിക്കുന്നത്.
അവളുടെ വിദ്യാഭ്യാസവകാശങ്ങള്‍ ജസീറ നിഷേധിക്കുകയാണെന്നാണ് ജസീറയുടെ സമരത്തെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. ഈ കുട്ടികളെക്കൂടി തന്റെ സംരക്ഷണയില്‍ നിര്‍ത്തുന്ന ജസീറ മനുഷ്യാവകാശങ്ങളേയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാലകളിലെ പഠിതാക്കളാണ് അവരിപ്പോള്‍.
അടുത്ത പേജില്‍ തുടരുന്നു ഒരു പോരാളിയുടെ വീറുറ്റ മറുപടി. ” കടലിന് വേണ്ടി എനിക്കെന്റെ കുട്ടികളെ ഉപേക്ഷിക്കാന്‍ പറ്റില്ല. കുട്ടികള്‍ക്ക് വേണ്ടി എനിക്കെന്റെ കടലിനെ ഉപേക്ഷിക്കാനും പറ്റില്ല” മനുഷ്യ നന്മയ്ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയവരെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണിത്.
ജസീറയുടെ സമരത്തെ അപഹസിക്കാന്‍ മണല്‍മാഫിയയുടെ ശമ്പളം പറ്റുന്ന മന്ത്രിമാരും എം.എല്‍.എ മാരും പറയുന്നത് ജസീറയുടെ സമരത്തിനെ ആരൊക്കെയോ സഹായിക്കുന്നു എന്നാണ്. പണം പറ്റിയാണ് അവരീ സമരം നടത്തുന്നത് എന്നാണ്.
അതിനര്‍ത്ഥം മന്ത്രി അടൂര്‍ പ്രകാശും എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയും ഇതുവരെ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം ആരുടെയൊക്കെയോ പണം പറ്റിയാണെന്നതാണ്. കൂലി വാങ്ങി രാഷ്ട്രീയപ്രവര്‍ത്തനം നടത്തി എന്നതാണ് ഈ മാന്യന്‍മാരുടെ ക്രഡിറ്റ്.
മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയല്ല അവരിതുവരെ നിലകൊണ്ടതെന്നും ” നമുക്കും കിട്ടണം പണം “എന്നതായിരുന്നു എല്ലാ കാലത്തും അവരുടെ നിലപാടെന്നും അവരിപ്പോള്‍ ലോകത്തോട് വിളിച്ചുപറയുന്നു.
ജസീറയുടെ സമരത്തിന്റെ മൂലധനം മനുഷ്യനന്മയാണ്. അവരുടെ സമരത്തിന്റെ സാമ്പത്തികം അശരണരും പലവിധ ജീവിത പ്രാരാബ്ധങ്ങളിലൂടെ തുറന്ന ഒരു സമരത്തിന് ധൈര്യവും കെല്പ്പുമില്ലാത്ത സാധാരണ ജനങ്ങളുടെ പ്രത്യാശയാണ്.
[]ഒരു സ്ത്രീയും അവളുടെ മൂന്ന് കുട്ടികളും എങ്ങിനെ ദല്‍ഹിയിലെത്തി എന്ന് അതിശയിക്കുന്ന ഭരണക്കാരും അവര്‍ക്ക് ഓശാന പാടുന്നവരും ഏത് മൂഢസ്വര്‍ഗത്തിലാണ് വസിക്കുന്നതെന്ന് ഞങ്ങള്‍ അത്ഭുതപ്പെടുന്നു. ജസീറ ഒറ്റയ്ക്ക് നയിച്ച ഈ സമരത്തെ പിന്തുണയ്ക്കാന്‍ ജനലക്ഷങ്ങള്‍ പിന്നാലെ തെരുവിലിറങ്ങുമെന്ന് ഞങ്ങള്‍ മന്ത്രിയേയും എം.എല്‍.എയേയും ഓര്‍മ്മപ്പെടുത്തുന്നു.
നോട്ടുകെട്ടുകള്‍ കീശയിലാക്കാന്‍ രാഷ്ട്രീയം നടത്തുന്നവര്‍ക്ക് മനുഷ്യരുടെ പരാജയപ്പെടാത്ത ഇച്ഛാശക്തിയെക്കുറിച്ച് സങ്കല്‍പ്പിക്കാനേ ആവില്ല.
ജസീറ ഭാവിയിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വെളിച്ചം വിശാന്‍ കത്തിച്ചുയര്‍ത്തിപ്പിടിച്ച ഒരു തീപ്പന്തമാണ്. അതിന്റെ തീപ്പൊരി വീണ് രാഷ്ട്രീയത്തിന്റെ അസുരകുലം വെന്തുവെണ്ണീറാവും.
ജനം ഈ ദുരാരോപകരെ പാഠം പഠിപ്പിക്കുന്ന കാലം വരും. എല്ലാ പ്രതിസന്ധികളേയും സധൈര്യം നേരിട്ട് സമരത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് യഥാര്‍ത്ഥ ജനനായകര്‍.
അധിക വായനക്ക്
ജസീറയുടെ സമരം നിശ്ചയദാര്‍ഢ്യമാണ്; വിജയം വരെ സമരം തുടരും