നാടുകാണി: നിലമ്പൂര്‍- ഗുഡല്ലൂര്‍ റോഡില്‍ നാടുകാണി ചുരത്തിലെ മഖാം ജാറം പെളിച്ചു നീക്കിയ കേസില്‍ ഒരാള്‍ പിടിയിലായി. വിസ്ഡം പ്രവര്‍ത്തകനും കെട്ടിട തൊഴിലാളിയുമായ വഴിക്കടവ് ആനമറി സ്വദേശി മുളയങ്കായി അനീഷാണ് പൊലീസ് പിടിയിലായത്. മറ്റൊരു പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ് -മാമാങ്കര സ്വദേശി അത്തിമണ്ണില്‍ ഷാജഹാന്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.
നിരവധി തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന പുരാതനമായ ശൈഖ് മുഹമ്മദ് സ്വാലിഹ് എന്നിവരുടെ ജാറത്തിനു നേരെയായിരുന്നു സംഘത്തിന്റെ അക്രമണം. ജാറം തകര്‍ക്കുകയും തെങ്ങ്,വാഴ തൈകള്‍ നടുകയും മുളക് പൊടി വിതറുകയും ഒരു കുപ്പിയില്‍ ജാറത്തെ കളിയാക്കുന്ന കത്ത് എഴുതി തൂക്കുകയും നേര്‍ച്ചപ്പെട്ടികള്‍ കുത്തിതുറന്ന് നശിപ്പിക്കുകയും ചെയ്തിരുന്നു.
വര്‍ഗ്ഗീയ സംഘട്ടനങ്ങളിലേക്കും ചേരിതിരിവിനും ഇടയാക്കുക വഴി വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാമായിരുന്ന സംഭവം, കാര്യമായ തെളിവുകളോ മൊബൈല്‍ സിഗ്‌ന ലോ ലഭ്യമല്ലാത്ത വനം പാതയിലായതിനാല്‍ അന്വേഷണം ഏറെ ശ്രമകരമായിരുന്നെന്നും സംഭവം കേരളാ – തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയിലായതിനാല്‍ തന്നെ സംശയിക്കുന്നവരോ ചോദ്യം ചെയ്യേണ്ടവരോ ആയ ആളുകള്‍ ഇരു സംസ്ഥാനങ്ങളിലും ഉള്‍പ്പെട്ടവരാകുമെന്നതിനാല്‍ തന്നെ അത് അന്വേഷണത്തിന് കൂടുതല്‍ വിലങ്ങുതടിയായെന്നും പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മുഖ്യപ്രതികളായ ഷാജഹാനും അനീഷും
പിടിയിലായ അനീഷും ഷാജഹാനും, മറ്റും ജാറം നശിപ്പിക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുകയും അതിനായി പല പ്രാവശ്യം ഗൂഡാലോചന നടത്തുകയും കൃത്യം നടപ്പിലാക്കാനായി സ്വന്തം കാറിലും ഷാജഹാന്‍ വാടകയ്‌ക്കെടുത്ത കാറുകളിലും ജാറത്തിലേക്ക് രാത്രികാലങ്ങളില്‍ പോയിരുന്നതായും മൊഴി തന്നിട്ടുണ്ട്. പോലീസ് കാവലുള്ളപ്പോള്‍ പോലും ജാറം തകര്‍ക്കുന്നതിന് പദ്ധതിയിട്ടിരുന്നു. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി ബൈക്കിലും രാത്രികാലങ്ങളില്‍ പല പ്രാവശ്യം സംഭവസ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു അവസാനമായി ജാറം തകര്‍ത്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് പ്രധാന പ്രതി വിദേശത്തേക്ക് കടന്നത്. വാടക വാഹനങ്ങള്‍ കേന്ദ്രീകരിച്ചും നാടുകാണി മുതല്‍ വടപുറം വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പോലീസ് സംഘം പ്രതികളിലേക്കെത്തിയത്.
2009 ല്‍ ജാറം പൊളിക്കാനെത്തിയ നാലു മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.ബൈക്കിലെത്തിയ നാലംഗ സംഘം രാത്രി ജാറം പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ നൈറ്റ് പട്രോളിങ് സംഘമായിരുന്നു ഇവരെ പിടികൂടിയത്. തീവ്ര സലഫി ആശയക്കാരായിരുന്നു അറസ്റ്റിലായിരുന്നവര്‍. വണ്ടൂര്‍ സ്വദേശികളായ സി.ടി, നക്ഖഷാദ്, സമീര്‍ നവാസ്, ഷുക്കൂര്‍ ടി.പി, ഷാജി ബാബു, എന്നിവരായിരുന്നു അറസ്റ്റിലായത്. ഈ കേസ് നടന്നുവരികയാണ്. ഇതിനിടയിലായിരുന്നു ജാറത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായത്.
ഏത് മതസ്ഥരുടെ ശവകുടീരത്തിനോടായാലും ഈ രീതിയിലുള്ള ആക്രമങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മതവികാരങ്ങള്‍ വൃണപ്പെടുത്തുന്ന നടപടിയാണിതെന്നുമായിരുന്നു നാട്ടുകാരുടെ അഭിപ്രായം. മഹത്തുക്കളായ സൂഫികളുടെ ഖബര്‍ കെട്ടി പൊക്കുന്നതും ഇവരെ ആദരിക്കുന്നതും അനിസ് ലാമികമാണെന്ന് വിശ്വസിക്കുന്നവരാണ് ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്ര സലഫി ആശയക്കാര്‍. ഐ.എസ് നടത്തുന്നതിന് സമാനമായ അക്രമസംഭവമായിരുന്നു നാടുകാണിയിലേത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ചരിത്രസ്മാരകങ്ങള്‍ക്കും ജാറമുകള്‍ക്കും നേരെ ഇത്തരത്തിലുള്ള തീവ്രവാദ അക്രമങ്ങള്‍ നടക്കാറുണ്ട്.
ഡി.വൈ.എസ്.പി എം.പി മോഹന്‍ദാസിന്റെ മേല്‍ നോട്ടത്തില്‍ എടക്കര ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീര്‍, എസ്.ഐ അഭിലാഷ്, എ.എസ്.ഐ എം. അസൈനാര്‍, സുനില്‍ എന്‍.പി, ജാബിര്‍.കെ, വിനോദ്, ബിനോബ്, പ്രദീപ് ഇ.പി എന്നീവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്.