ന്യൂദല്‍ഹി: ആന്റമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളിലെ ആദിവാസികള്‍ക്ക് ഭക്ഷണം കാണിച്ച് പ്രലോപിപ്പിച്ച് ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യിക്കുന്നതായി റിപ്പോര്‍ട്ട്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഈ “ഹ്യൂമണ്‍ സഫാരി” (മനുഷ്യനായാട്ട്) നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടീഷ് പത്രമായ ” ദ ഒബ്‌സര്‍വറാ”ണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ആദിവാസികളെ നൃത്തം ചെയ്യിക്കുന്ന വീഡിയോകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ആന്റമാനിലെ ജാരവ വിഭാഗത്തില്‍പ്പെട്ട ആദിവാസികളെയാണ് ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. ഇവിടങ്ങളിലെ പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്.
ഏറെ വിരളമായ ആദിവാസികളുമായി അടുത്തിടപഴകുന്നതും അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിരോധിച്ചുള്ള നിയമങ്ങള്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നത്. ആന്റമാനിലെ സംരക്ഷിത വനങ്ങളില്‍ വെറും 403 ജാരവ ആദിവാസികള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബല്‍ അഫേയേഴ്‌സ് മന്ത്രി വി.കെ കിഷോര്‍ ചന്ദ്ര എസ്. ഡിയോ ആവശ്യപ്പെട്ടിട്ടുണ്ട്. ” ഇത് സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഞാന്‍ വായിച്ചു. വീഡിയോ ദൃശ്യങ്ങളില്‍ കണ്ട കാഴ്ചകള്‍ എന്നെ അലട്ടുകയാണ്. ഞാന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.” അദ്ദേഹം വ്യക്തമാക്കി.