India
ഗുജറാത്തിലെ 31% എം.എല്‍.എമാര്‍ ബലാത്സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Dec 26, 09:30 am
Wednesday, 26th December 2012, 3:00 pm

ആര്യ രാജന്‍

ഗുജറാത്ത്: ഗുജറാത്തില്‍ നാലാം തവണയും മുഖ്യമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇത്തവണയും വലിയൊരു ക്രിമിനല്‍ സംഘത്തെയും കൊണ്ടാണ് മോഡി അധികാര കസേരയിലേക്ക് കയറുന്നത്. []

അസംബ്ലി തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ 31 ശതമാനം എം.എല്‍.എ മാരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്ന് ഇലക്ഷന്‍ വാച്ച് (ജി.ഇ.ഡബ്ല്യു) പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നത്. 2012 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച എം.എല്‍.മാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടുകളും സാമ്പത്തിക നിലയും മറ്റ് കാര്യങ്ങളും വ്യക്തമാക്കുന്നത് ഇലക്ഷന്‍ വാച്ച് (ജി.ഇ.ഡബ്ല്യു) പുറത്തിറക്കിയ കണക്കാണ്.

ഗുജറാത്ത് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 182 എം.എല്‍.എ മാരും സമര്‍പ്പിച്ച സത്യവാങ്മൂലം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നതും.

182 എം.എല്‍.എ മാരില്‍ 57 പേരും അല്ലെങ്കില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികളാണ്. ഇതേസമയം 2007 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ 47 എം.എല്‍.എ മാര്‍ക്കെതിരെയായിരുന്നു ക്രമിനല്‍ കേസുകള്‍ നിലവിലുള്ളത്.

57 എം.എല്‍.എമാരില്‍ 24 എം.എല്‍.എമാര്‍ക്കെതിരെയാണ് ഗുരുതരമായ ക്രിമിനല്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇതില്‍ കൊലപാതകവും തട്ടിക്കൊണ്ടുപോകലും മോഷണക്കുറ്റവും ഉണ്ട്.

ഷെഹ്‌റ മണ്ഡലത്തില്‍ നിന്നും അധികാരത്തിലെത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജേതാഭായ് ജി അഹിര്‍ എന്നയാള്‍ക്കെതിരെ ഒരു ബലാത്സംഗക്കേസും ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും ഉണ്ട്.

ജഗദിയ മണ്ഡലത്തില്‍ നിന്നുള്ള ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച  വാസവ ചോട്ടുഭായ് അമര്‍സിങ് എന്നയാള്‍ക്കെതിരെ 9 കേസുകളാണ് കവര്‍ച്ചാ ശ്രമത്തിന് പോലീസ് ഫയല്‍ ചെയ്തത്. മറ്റ് 7 മോഷണ കേസുകളും 3 കൊലപാതകകേസും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്.

നാരാണ്‍പുര മണ്ഡലത്തില്‍ ബി.ജെ.പി എം.എല്‍.എ ആയി അധികാരത്തിലെത്തിയ അമിത് അനില്‍ ചന്ദ്ര ഷായ്‌ക്കെതിരെ  2 കൊലപാതക കേസുകളും 2 കേസ് തട്ടിക്കൊണ്ടുപോകല്‍ കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാവ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ചൗധരി ശങ്കരഭായ് ലഗ്ധിര്‍ഭായ് 3 കൊലപാതക കേസും 3 കൊലപാതക ശ്രമത്തിനുള്ള കേസുമുണ്ട്.

തലാല മണ്ഡലത്തിലെ ഐ.എന്‍.സി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭരത് ജഷുഭായ് ധനാഭായ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസുണ്ട്.

കണക്ക് പ്രകാരം ഓരോ എം.എല്‍.എ മാരുടേയും ശരാശരി സമ്പത്തെന്ന് പറയുന്നത് 5.06 കോടി രൂപയാണ്. ഇതില്‍ തന്നെ 2007 ല്‍ തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരും പുതുതായി അധികാരത്തിലെത്തിയ എം.എല്‍.എമാരും ഉണ്ട്.

2012 ല്‍ തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ പകുതിയിലേറെ പേരും കോടീശ്വരന്‍മാരാണെന്നാണ് മറ്റൊരു വസ്തുത.

സിദ്ധപ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് നേതാവായ ബല്‍വാന്‍സിന്‍ ചന്ദന്‍ സിങ് രജ്പുത് ആണ് ഏറ്റവും വലിയ സമ്പന്നന്‍. 268 കോടിയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

തൊട്ടുപിറകെ 122 കോടിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ്ഗുരു ഇന്ദ്രാനില്‍ സഞ്ജയ്ഭായ് ഉണ്ട്. രാജ്‌കോട്ടിലെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം

82.90 കോടിയുള്ള ജവഹര്‍ഭായ് പെതാല്‍ജിഭായ് (ഐ.എന്‍.സി) ആണ് മൂന്നാം സ്ഥാനത്ത്. 3 എം.എല്‍.എ മാര്‍ മാത്രമാണ് 10 ലക്ഷത്തില്‍ താഴെ ആസ്തിയുള്ളത്.

സമ്പാദ്യത്തില്‍ ഏറ്റവും പിറകെ നില്‍ക്കുന്നത് ഫേതാപുര മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേശ് ഭായ് ഭുരാഭായ് കതാരയാണ്. 6 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ബി.ജെ.പി എം.എല്‍.എ ആയ വകില്‍ മനിഷ രാജീവ് ഭായ് ആണ് അടുത്ത കുറഞ്ഞ സമ്പന്നന്‍ 7.12 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള 28 എം.എല്‍.എമാരാണ് ഉള്ളത്. രജപുത് മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയായ ബല്‍വാന്‍സിന്‍ ചന്ദസിങ്ങിന് 52.33 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജ്ഗുരു ഇന്ദ്രാനില്‍ സഞ്ജയ് ഭായ്ക്ക് 27.14 കോടി രൂപയുടെ ബാധ്യതയുണ്ട്. മണിഭായ് ജെ.വഗേല(ഐ.എന്‍.സി) 13.98 കോടി, പട്ടേല്‍ ദിനേഷ്ഭായ് ബാലുഭായ് 11.53 കോടി എന്നിങ്ങനെയാണ് ബാധ്യതകള്‍.

182 എം.എല്‍.എമാരില്‍ 5 പേര്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. 2007 ലെ തിരഞ്ഞെടുപ്പില്‍ ഒറ്റ എം.എല്‍.എ മാരും പാന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.