സിനിമ വളര്‍ന്നത് ഒരു കുഞ്ഞുവളരും പോലെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൂമിയര്‍ സഹോദരന്‍മാര്‍ ചലിക്കുന്ന ചിത്രങ്ങളെടുത്തതില്‍ നിന്ന് തുടങ്ങി ത്രിജിയും, ആനിമേഷന്‍ ചിത്രങ്ങള്‍ വരെയെത്തി. ആദ്യം മിണ്ടാതെ മെല്ലെ മെല്ലെ നീങ്ങിയും പിന്നീട് പതുക്കെ പതുക്കെ സംസാരിച്ചു തുടങ്ങിയും സിനിമ വളര്‍ന്നു.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികകല്ലെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ആലം ആര. ഈ ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സിനിമ സംസാരിക്കാന്‍ തുടങ്ങിയത്, പാടാന്‍ തുടങ്ങിയത്. 80 വര്‍ഷങ്ങള്‍ക്കുമുന്‍പ് സംവിധായകന്‍ ആര്‍ദഷീര്‍ ഇറാനിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
സിനിമ ചിത്രീകരിച്ചശേഷം ശബ്ദം കൊടുക്കുന്നതാണ് ഇന്നത്തെ രീതി. എന്നാല്‍ ആ കാലത്ത് ഇതിനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ക്യാമറയ്‌ക്കൊപ്പം ഘടിപ്പിച്ച മൈക്രോഫോണ്‍ ഉപയോഗിച്ചാണ് ആലം ആരയ്ക്ക് ശബ്ദം നല്‍കിയത്. അതുകൊണ്ടുതന്നെ സിനിമയിലെ സംഭാഷണങ്ങളെക്കാള്‍ ലൊക്കേഷനിലെ കോലാഹലങ്ങള്‍ കയറിക്കൂടാനുള്ള സാധ്യത കൂടുതലായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ചിത്രം രാത്രികാലങ്ങളില്‍ ചിത്രീകരിക്കുക എന്ന വഴി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രതിസന്ധികളിലൂടെയെല്ലാം സഞ്ചരിച്ച ആലം ആര സൂപ്പര്‍ ഹിറ്റായിരുന്നു.
1931ല്‍ ബോംബെയിലെ മജസ്റ്റിക് സിനിമയിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്. സിനിമകാണാനെത്തിയ പ്രേക്ഷകര്‍ 2മണിക്കൂറും നാല് മിനിറ്റും അത്ഭുതത്തോടെ ഈ ചിത്രം കണ്ടിരുന്നു.
ജോസഫ് ഡേവിഡ് രചന നിര്‍വഹിച്ച ഒരു പാര്‍സി നാടകമാണ് ആലം ആരയുടെ പ്രമേയം. ഇറാനിയുടെ ഫിലിം കമ്പനിയുടെ സ്ഥിരം രചയിതാവായിരുന്നു ഡേവിഡ്. മാസ്റ്റര്‍ വിതുല്‍, സുബൈദ, എല്‍.വി പ്രസാദ്, പൃഥ്വിരാജ് കപൂര്‍ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പുതിയ വഴി ചൂണ്ടിക്കാട്ടുകയായിരുന്നു.
കിംങ് കമാര്‍പുര്‍, അദ്ദേഹത്തിന്റെ ശത്രുക്കളായ നവ്ബഹര്‍, ഡിബാഹര്‍ എന്നീ രാജ്ഞിമാര്‍. നവ്ബഹര്‍ രാജാവിന്റെ അനന്തരവകാശിയാകുമെന്ന് ഒരു ഫക്കീര്‍ പ്രവചിക്കുന്നു. ഇത് ഇവര്‍ക്കിടയിലെ ശത്രുത വര്‍ധിപ്പിക്കുകയും ആലം ആറ എന്ന സിനിമയുടെ കഥ മൂന്നോട്ടു ചലിപ്പിക്കുകയും ചെയ്യുന്നു.
ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്ന ഡീ ഡീ ഖുദാ കേ നാം പര്‍ എന്ന ഗാനം ഇന്ത്യയിലെ ആദ്യ സിനിമാഗാനമായി. ചിത്രത്തില്‍ ഫക്കീറിന്റെ റോള്‍ ചെയ്ത വസീര്‍ മുഹമ്മദ് ഖാനിന്റെ ശബ്ദത്തിലാണ് ആദ്യ ചലച്ചിത്രഗാനം പിറന്നത്.
ആലം ആര എന്തുകൊണ്ടും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികകല്ലെന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ആലം ആര ഇന്ന് പേര് മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. മൂന്ന് വര്‍ഷം മുമ്പ് ചിത്രം എന്നന്നേക്കുമായി നഷ്ടമായി. ഇന്ത്യയിലെ ദേശീയ മ്യൂസിയങ്ങളിലൊന്നിലും ആലം അറയുടെ ഒറ്റ പ്രിന്റും അവശേഷിക്കുന്നില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. 2003ല്‍ പൂനയിലെ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തീപടര്‍ന്നപ്പോള്‍ ആലം ആരയുടെ അവസാന പതിപ്പും അതില്‍ കത്തിയമര്‍ന്നു.
പ്രതിസന്ധികള്‍ ഒരുപാടുണ്ടായിരുന്ന കാലത്ത് നല്ല സിനിമകള്‍ക്ക് ജന്മം നല്‍കിയവരാണ് ഇന്ത്യയിലെ കലാകാരന്‍മാര്‍. എന്നാല്‍ ഇന്ന് സാഹചര്യങ്ങളും, സാങ്കേതികവിദ്യകളും സഹായത്തിനുണ്ടായിട്ടും ക്ലാസിക് ചിത്രങ്ങള്‍ പിറക്കുന്നില്ല. ഈ സിനിമ പിറന്നതിനുപിന്നിലെ പരിശ്രമം കണ്ട് പഠിക്കണം ഇന്നത്തെ സംവിധായകര്‍.