തിരുവനന്തപുരം: മലയാള സിനിമയുടെ പെരുന്തച്ചന് സാംസ്‌കാരിക കേരളത്തിന്റെ ആദാരഞ്ജലികള്‍. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.45 ഓടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു തിലകന്‍(77) ന്റെ അന്ത്യം. വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം അവിടെ നിന്ന് ശാന്തികവാടത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയായിരുന്നു. ജൂലൈ 31ന് ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് തിലകന് രോഗം പിടിപെട്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് തിരുവനന്തപുരത്തെത്തി മകന്റെ വസതിയില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ നില വ്യാഴാഴ്ച വീണ്ടും വഷളായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. []
നാടകത്തിലൂടെയാണ് തിലകന്‍ സിനിമാ ജീവിതം തുടങ്ങിയത്. 1956ന്റെ മധ്യത്തോടെ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ച് തിലകന്‍ മുഴുവന്‍ സമയവും നടാകത്തിനുവേണ്ടി ചിലവഴിച്ചു. നാടകത്തിലൂടെയാണ് നടനെന്ന നിലയില്‍ തിലകന്‍ സ്വയം പരുവപ്പെടുത്തിയെടുത്തത്.
അമ്പലപ്പുഴ അക്ഷരജ്വാല നാടകക്കളരിയുടെ ആദ്യനാടകമായ “ഇതോ ദൈവത്തിന്റെ സ്വന്തം നാടാ”ണ് അവസാനം അഭിനയിച്ച നാടകം. നന്ദിഗ്രാമിന്റെ പശ്ചാത്തലത്തില്‍ രചിച്ച നാടകം സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു.
ആ സമയത്ത് തിലകനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് മുണ്ടക്കയം നാടക സമിതിയെന്ന പേരില്‍ ഒരു ട്രൂപ്പുണ്ടാക്കി. 1966 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാളിദാസ കലാ കേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ ട്രൂപ്പുകളും പ്രവര്‍ത്തിച്ചു. ഓള്‍ ഇന്ത്യ റേഡിയോയില്‍ നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു.
നിരവധി നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും തിലകന്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായത് മലയാള സിനിമയിലൂടെയാണ്. 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ചെറുവേഷം ചെയ്താണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയത്. കോലങ്ങള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി മുന്‍നിര വേഷം ചെയ്തത്. കല്ലുവര്‍ക്കി എന്ന കള്ളുകുടിയനെയാണ് തിലകന്‍ കോലങ്ങളില്‍ അവതരിപ്പിച്ചത്.
യവനിക എന്ന ചിത്രത്തിലൂടെ 1981ല്‍ ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയശേഷമാണ് ഒരു നടന്‍ എന്ന നിലയില്‍ തിലകന്‍ സ്ഥാനമുറപ്പിച്ചത്. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് മികച്ച സഹതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് 1994, 1998 വര്‍ഷങ്ങളില്‍ സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി.
തിലകന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോള്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതായി തിലകന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചനുവേണ്ടിയുള്ള ലോബിയിങ് കാരണമാണ് തനിക്ക് അവാര്‍ഡ് നഷ്ടമായതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലായിരുന്നു കിരീടത്തിലെ കോണ്‍സ്റ്റബില്‍ അച്യുതന്‍ നായര്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ വിധിയില്‍ നിസഹായനായി നോക്കി നില്‍ക്കേണ്ടി വരുന്ന പിതാവിന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്.
സ്ഫടികം, മൂന്നാംപക്കം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ചെങ്കോല്‍, രണ്ടാം ഭാവം, കാട്ടുകുതിര, യവനിക, കണ്ണെഴുതി പൊട്ടുംതൊട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ രഞ്ജിത് ചിത്രം ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രം ശക്തമായ തിരിച്ചുവരവാണ് തിലകന് സമ്മാനിച്ചത്.
തിലകന്‍-മോഹന്‍ലാല്‍ ടീം ചെയ്ത അച്ഛന്‍ മകന്‍ കൂട്ടുകെട്ട് ചിത്രങ്ങള്‍ മിക്കതും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയവയായിരുന്നു. കിരീടം, സ്ഫടികം, നരസിംഹം, ഇവിടം, പവിത്രം, ചെങ്കോല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍പ്പെട്ടവയാണ്. സംഘം, ദ ട്രൂത്ത്, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, പല്ലാവൂര്‍ ദേവനാരായണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ അച്ഛനായും വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ അച്ഛനായും വേഷമിട്ടിരുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. രണ്ടാം ഭാവം, കര്‍മ, കാലാള്‍ പട എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണമായിരുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, കുട്ടേട്ടന്‍, നാടുവാഴികള്‍ എന്നീ ചിത്രങ്ങളിലൂടെ ഹാസ്യസാധ്യതയുള്ള വേഷങ്ങളും ചെയ്തിരുന്നു.
2000ത്തിന്റെ തുടക്കത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലം അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. അതിനുശേഷം പതിയെ സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും പിന്നീട് സ്വന്തം വിവാദ പ്രസ്താവനകളും നിലപാടുകളും അദ്ദേഹത്തിന് പാരയായി.
അടുത്തിടെയാണ് തിലകന്‍ അഭിനയ ജീവിതത്തില്‍ അന്‍പതാണ്ട് പൂര്‍ത്തിയാക്കിയത്. 2007ല്‍ അഭിനയിച്ച ഏകാന്തം എന്ന ചിത്രം ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടി. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. യവനിക (1982), യാത്ര (1985),പഞ്ചാഗ്നി (1986), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിയിരുന്നു.
താരസംഘടനയായ അമ്മയുടെ കണ്ണിലെ കരടായിരുന്നു തിലകന്‍. തിലകന് നിരവധി തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ അമ്മ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമ്മക്കെതിരെ പരസ്യവിമര്‍ശനവുമായി തിലകന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. മറ്റ് ചലച്ചിത്ര സംഘടനകളായ ഫെഫ്ക, മാക്ട എന്നിവയുമായും തിലകന് അഭിപ്രായഭിന്നതയുണ്ടായിരുന്നു.
2010 ഫെബ്രുവരിയിലാണ് തിലകനും സംഘടനകളും തമ്മിലുള്ള പോര് തുടങ്ങിയത്. ഫെഫ്കയുടെ നിര്‍ദേശ പ്രകാരം ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നും തിലകനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനാണിതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് 2010 ഫെബ്രുവരി മൂന്നിന് തിലകന്‍ പരസ്യമായി രംഗത്തെത്തി. തനിക്കെതിരെയുള്ള ഫെഫ്കയുടെ അപ്രഖ്യാപിത വിലക്കിന് പിന്നില്‍ മുന്‍നിര നടന്‍മാരുടെ കൈകടത്തലുണ്ടെന്നായിരുന്നു തിലകന്റെ ആരോപണം. ഈ പ്രസ്താവനയ്‌ക്കെതിരെ അമ്മ തിലകന് കാരണം കാണിക്കല്‍ നോട്ടീസയച്ചു.
ഇതോടെ അമ്മയെ പരസ്യമായി കുറ്റപ്പെടുത്തി തിലകന്‍ പ്രസ്താവനകളിറക്കി. 2010 ഫെബ്രുവരി 20ന് തിലകന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐയുടെ ട്രേഡ് യൂണിയന്‍ എ.ഐ.ടി.യു.സി രംഗത്തെത്തിയതോടെ വിവാദത്തിന് രാഷ്ട്രീയമാനം കൈവന്നു. ഇതോടെ തിലകന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി അമ്മ രംഗത്തെത്തി. ഇതിന് തയ്യാറാവാതിരുന്നതോടെ അമ്മ തിലകനെ പുറത്താക്കി. ക്രിസ്റ്റിയന്‍ ബ്രദേഴ്‌സില്‍ നിന്നും തന്നെ ഒഴിവാക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്താതെ മാപ്പുചോദിക്കില്ലെന്നായിരുന്നു തിലകന്റെ നിലപാട്.
പിന്നീട് 2011 ല്‍ പുറത്തിറങ്ങിയ ഡാം 999 എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തിലകനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഫെഫ്കയുടെ നോട്ടീസീനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി. തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്ക ചിത്രത്തെ ബഹിഷ്‌കരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തിലകന് പകരം രജിത് കപൂറിനെ കാസ്റ്റ് ചെയ്തു. തിലകനെ മാറ്റിയതില്‍ അമ്മയുടെ ഇടപെടലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തിലകനും അദ്ദേഹത്തിന്റെ അനുയായികളും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
2011ല്‍ ഇന്ത്യന്‍ റുപ്പിയിലെ ശക്തമായ കഥാപാത്രത്തിലൂടെ തിലകന്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം പുന:പരിശോധിക്കാന്‍ അമ്മ തീരുമാനിച്ചിരുന്നു.
മലയാളത്തിന് പുറമേ തമിഴിലും തിലകന്‍ വേഷമിട്ടിരുന്നു. അലിബാബ, വില്ലന്‍, ചാട്രിയന്‍, മെട്ടുകുഡി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായിരുന്നു തിലകന്‍. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത “സീന്‍ ഒന്ന് നമ്മുടെ വീട്” ആണ് അവസാനം അഭിനയിച്ച ചിത്രം.
ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റായ ഷോബി തിലകന്‍, ഷാജി, ഷിബു, സോണിയ, സോഫിയ എന്നിവര്‍ ഉള്‍പ്പെടെ ആറ് മക്കളുണ്ട്.
തിലകന്‍ മരണാനന്തര മഹത്വത്തം പറയുന്ന സമൂഹത്തിന്റെ ഇര: രഞ്ജിത്ത്
മരണാന്തര മഹത്വം പറയുന്ന സമൂഹത്തിന്റെ കള്ളത്തരത്തിന് വിധേയനാവുകയാണ് തിലകനെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ടെലിവിഷനിലിരുന്ന് അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സത്യത്തില്‍ സിനിമാലോകം ചെയ്യേണ്ടത്. വിദ്വേഷം മനസില്‍ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹമെന്നും രഞ്ജിത്ത് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഉറ്റബന്ധുവായിരുന്നു തിലകനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത നടനെന്ന് നടന്‍ ജഗദീഷ് പറഞ്ഞു. സഹനടന്മാര്‍ക്ക് അസൂയ തോന്നുന്ന അഭിനയമാണ് തിലകനെന്ന് അമ്മ പ്രസിഡന്‍ും നടനുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. തിലകന്റെ അഭിപ്രായ ധീരത വശീകരിച്ചതായി കവി ഒ.എന്‍.വി കുറുപ്പ് പറഞ്ഞു.