ബാംഗ്ലൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ ട്രെയിനില്‍ യാത്രിക്കിടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. ബുധനാഴ്ച രാത്രി കര്‍ണാടകയിലെ മാണ്ഡ്യയില്‍വെച്ചാണ് സംഭവം നടന്നത്. []
പശ്ചിമബംഗാള്‍, ഒറീസ, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മര്‍ദനത്തിനിരയായത്. നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശികള്‍ എന്നാരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇവരെ ആക്രമിച്ചത്. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബാംഗ്ലൂരിലെ കെട്ടിട നിര്‍മാണ തൊഴിലാളികളാണെന്ന് വ്യക്തമാക്കിയെങ്കിലും ആക്രമണം തുടര്‍ന്നു. ട്രെയിനിലെ മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം. ബാംഗ്ലൂരില്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍.
വിവിധ മതങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു അക്രമമെന്ന് മര്‍ദനത്തിനിരയായ പശ്ചിമബംഗാള്‍ സ്വദേശി ബിഷ്ണു ബാബു പറഞ്ഞു.
തങ്ങളെ സംസാരിക്കാനനുവതിക്കാതെ ഇവര്‍ ബാഗുകളും പോക്കറ്റും പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു. പലരും അട്ടഹസിക്കുന്നുണ്ടായിരുന്നെന്ന് ഒറീസ സ്വദേശി ശ്യാം ഷര്‍മ പറഞ്ഞു.
ട്രെയിന്‍ മാണ്ഡ്യയിലെത്തുംവരെ ആക്രമണം തുടര്‍ന്നു. മാണ്ഡ്യയിലെത്തിയപ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തൊഴിലാളികളെ ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് മര്‍ദിച്ചെന്നും തൊഴിലാളികള്‍ പറയുന്നു.
ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മീര്‍ അരിഫ് അലി പറഞ്ഞു.
തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചശേഷം പോലീസ് അവരെ പ്രത്യേക വാഹനങ്ങളില്‍ ബാംഗ്ലൂരിലേക്ക് വിട്ടു.